ന്യൂയോര്‍ക്ക്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം താലിബാനെ പോലെ ആയിരിക്കുമെന്ന് ഇന്ത്യന്‍- ബ്രിട്ടീഷ് നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദി. ജര്‍മന്‍ ബ്രോഡ്കാസ്റ്ററായ ആര്‍.ബി.ബി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഗസയില്‍ നിരവധി മനുഷ്യര്‍ മരിച്ച് വീഴുന്നതില്‍ ലോകത്തെ മനുഷ്യരെല്ലാം ഇന്ന് ദുഃഖത്തിലാണെന്ന് സല്‍മാന്‍ റുഷ്ദി പറഞ്ഞു.
‘ഗസയിലെ മനുഷ്യരുടെ മരണത്തില്‍ ദുഃഖമുണ്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ ഹമാസിനെ കുറിച്ചും പരാമര്‍ശിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം എല്ലാം ആരംഭിച്ചത് ഹമാസില്‍ നിന്നാണ്. കൂടാതെ ഹമാസ് ഒരു ഭീകര സംഘടനയുമാണ്,’ റുഷ്ദി പറഞ്ഞു.
യുവ, പുരോഗമന വിദ്യാര്‍ത്ഥി രാഷ്ട്രീയം ഫാസിസ്റ്റ്, തീവ്രവാദ ഗ്രൂപ്പിനെ പിന്തുണക്കുന്നതെന്ന് വിചിത്രമായ കാര്യമാണെന്നും അമേരിക്കയില്‍ ഉള്‍പ്പടെ ഇസ്രഈലിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
‘അവര്‍ സ്വതന്ത്ര ഫലസ്തീനെക്കുറിച്ചാണ് സംസാരിക്കുന്നത്. 1980 മുതല്‍ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഫലസ്തീന്‍ രാഷ്ട്രത്തിനായി വാദിച്ച ഒരാളാണ് ഞാന്‍. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമുണ്ടായാല്‍ അത് ഹമാസിന്റെ നിയന്ത്രണത്തിലായിരിക്കും. ഫലസ്തീന്‍ പിന്നീട് താലിബാനെ പോലെയും ഇറാന്റെ ഒരു ഉപഭോക്തൃ രാജ്യമായും മാറും,’ റുഷ്ദി പറഞ്ഞു.
പാശ്ചാത്യ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ മറ്റൊരു താലിബാന്‍ രാഷ്ട്രം ഉണ്ടാക്കാനാണോ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗസയിലെ മരണങ്ങളില്‍ ഒരു വൈകാരിക പ്രതികരണമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് യഹൂദ വിരുദ്ധതയിലേക്കും ഹമാസിനെ പിന്തുണക്കുന്നതിലേക്കും നീങ്ങിയാല്‍ അത് വലിയ പ്രശ്മായി മാറുമെന്നും റുഷ്ദി കൂട്ടിച്ചേര്‍ത്തു.