ന്യൂയോര്‍ക്ക്: ഇറാന്റെ മുന്‍ സുപ്രീം ലീഡര്‍ ആയത്തുല്ല റൂഹൊല്ല ഖുമേനിയെ ആരാധിക്കുന്നയാളാണ് താനെന്ന് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച ഹാദി മറ്റാര്‍. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ വീഡിയോ ഇന്റര്‍വ്യൂവിലാണ് ഹാദി മറ്റാറിന്റെ പ്രതികരണം.
”മുന്‍ ഇറാനിയന്‍ നേതാവിനെ ഞാന്‍ ബഹുമാനിക്കുന്നു. റുഷ്ദി തന്റെ എഴുത്തിലൂടെ ഇസ്‌ലാമിനെ അപമാനിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,” ഹാദി മറ്റാര്‍ പറഞ്ഞു.
സാത്താനിക് വേഴ്‌സസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെ 1989ല്‍ റുഷ്ദിക്ക് മേല്‍ ഫത്വ ഏര്‍പ്പെടുത്തിയ നേതാവായിരുന്നു റൂഹൊല്ല ഖുമേനി. ‘ഇന്ത്യന്‍ വംശജനായ ഈ എഴുത്തുകാരനെ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ ചേര്‍ന്ന് കൊല്ലണം’ എന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ ആഹ്വാനം.
”ഞാന്‍ ആയത്തുല്ലയെ ബഹുമാനിക്കുന്നു. അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്ന് ഞാന്‍ കരുതുന്നു,” ചൗടക്വ കൗണ്ടി ജയിലില്‍ (Chautauqua County Jail) നിന്ന് നല്‍കിയ അഭിമുഖത്തില്‍ മറ്റാര്‍ പറഞ്ഞു.
റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ കുറച്ച് പേജുകള്‍ മാത്രമേ താന്‍ വായിച്ചിട്ടുള്ളൂ എന്നും എന്നാല്‍ യൂട്യൂബില്‍ അദ്ദേഹത്തിന്റെ ഒരുപാട് വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും മറ്റാര്‍ പ്രതികരിച്ചു.
”എനിക്ക് അദ്ദേഹത്തെ അത്രക്ക് ഇഷ്ടമല്ല,” അഭിമുഖത്തില്‍ മറ്റാര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മറ്റാര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ മറ്റാറിന്റെ കുടുംബം റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചിരുന്നു.
അതേസമയം ന്യൂയോര്‍ക്കില്‍ വെച്ച് റുഷ്ദിക്കെതിരായി നടന്ന ആക്രമണവുമായോ ഹാദി മറ്റാറുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം. ഇറാനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ആക്രമണത്തിന് കാരണം റുഷ്ദിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും തന്നെയാണെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.
അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഇസ്‌ലാമിനെതിരായ റുഷ്ദിയുടെ അധിക്ഷേപങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ഇറാന്‍ പറഞ്ഞിരുന്നു.
റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാറിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇറാനിലെ വിവിധ പത്രങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
1988ലായിരുന്നു ‘ദ സാത്താനിക് വേഴ്‌സസ്’ (The Satanic Verses) പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ന്യൂയോര്‍ക്കിലെ ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ റുഷ്ദിക്ക് കുത്തേറ്റത്. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നും സുഖം പ്രാപിച്ച് വരികയാണെന്നുമാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlight: Salman Rushdie attacker Hadi Matar says he had only read a few pages of Rushdie’s The Satanic Verses but believes he attacked Islam through writing