| Friday, 17th November 2017, 8:08 pm

'ഇതുപോലൊരു ക്രൗഡിനെ ഞാന്‍ കണ്ടിട്ടില്ല, എന്തൊരു ആവേശമാണ്'; മഞ്ഞക്കടല്‍ കണ്ട് അമ്പരന്ന് സല്‍മാനും 'നമസ്‌കാരം പറഞ്ഞ് സച്ചിനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി; കാത്തിരിപ്പിന് അവസാനമായി. ഐ.എസ്.എല്ലിന് കൊച്ചിയില്‍ കിക്കോഫ്. ആദ്യ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സും എ.ടി.കെയും ഇറങ്ങി. താരപ്രഭയിലായിരുന്നു കൊച്ചിയിലെ ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫുമായിരുന്നു ചടങ്ങിലെ മുഖ്യാകര്‍ഷണം.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബ്ലാസ്റ്റേഴ്‌സ് ടീം ഉടമ സച്ചിനും ഉദ്ഘാടന വേദിയെ ആവേശത്തിലാഴ്ത്തി. മലയാളത്തില്‍ നമസ്‌കാരം പറഞ്ഞായിരുന്നു സച്ചിന്‍ ആരാധകരെ കയ്യിലെടുത്തത്. അതേസമയം, പേരുകേട്ട മഞ്ഞപ്പടയെ സല്‍മാനും അംഗീകരിച്ചു.

ഇത്രയും ഭയങ്കരമായ, ലൗഡായ ഒരു ക്രൗഡിനെ ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു സല്‍മാന്റെ വാക്കുകള്‍. നിലയ്ക്കാത്ത ആര്‍പ്പു വിളികളോടെയായിരുന്നു കൊച്ചിയിലെ മഞ്ഞക്കടല്‍ താരങ്ങളെ മൈതാനത്തേക്ക് വരവേറ്റത്ത്. ഉദ്ഘാടന മത്സരത്തിനുള്ള പന്തുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ സല്‍മാന്‍ സ്വീകരിച്ചതോടെ ആവേശം അണപ്പൊട്ടിയൊഴുകയായിരുന്നു.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനിയില്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ കൊല്‍ക്കത്തയുടെ വമ്പന്‍മാരെ നേരിടുകയാണ്. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ടീമാണ് രണ്ടും.


Also Read: കൊച്ചിയില്‍ മഞ്ഞക്കടല്‍ തീര്‍ത്ത് ആരാധകര്‍; ടിക്കറ്റ് കിട്ടാത്തവര്‍ കൗണ്ടര്‍ തല്ലി തകര്‍ത്തു


ആദ്യ പതിപ്പിലും മൂന്നാം പതിപ്പിലും കൊല്‍ക്കത്ത കിരീടം നേടിയത് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലെ തോല്‍വിക്ക് ഈ സീസണിലെ ആദ്യ മത്സരത്തില്‍ കണക്കുതീര്‍ക്കാനാകും ജിംഗനും കൂട്ടരും ഇന്ന് ഇറങ്ങുക.

ആര്‍ത്തുവിളിക്കുന്ന മഞ്ഞപ്പടയുടെ ആവേശം കാലുകളിലേക്കാവാഹിച്ച് ഹ്യൂമും, ബെര്‍ബറ്റോവും, വിനീതും മുന്നേറ്റത്തില്‍ തീപ്പൊരിയായാല്‍ കൊല്‍ക്കത്ത പ്രതിരോധം വിറയ്ക്കുമെന്നതില്‍ സംശയമില്ല.

അതേസമയം മുന്നേറ്റ താരം റോബി കീന്‍ പരിക്കേറ്റ് മടങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ താരം റോബിന്‍ സിംഗിലൂടെ കീനിന്റെ അഭാവം നികത്താനായിരിക്കും കൊല്‍ക്കത്തയുടെ ശ്രമം.

ഇത്തവണ അഞ്ചുമാസത്തോളം നീളുന്ന ലീഗാണ് സംഘടിപ്പിച്ചിരിക്കുന്നത്. പത്ത് ടീമുകളാണ് കിരീടത്തിനായി പന്തു തട്ടുന്നത്. മാര്‍ച്ച് 18 നു കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

We use cookies to give you the best possible experience. Learn more