കഴിഞ്ഞദിവസം നടന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ടൈറ്റന്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് നേടിയത്. എന്നാല്‍ ടൈറ്റന്‍സ് 177 റണ്‍സിന് തകരുകയായിരുന്നു.
ആവേശം നിറഞ്ഞ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഗ്ലോബ്സ്റ്റാര്‍സ് താരം സല്‍മാന്‍ നിസാറിന്റെ തകര്‍പ്പന്‍ സേവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഖില്‍ ദേവിന്റെ നിര്‍ണായകമായ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ടൈറ്റന്‍സിന് വിജയിക്കാന്‍.
മികച്ച ഓവറിലെ അഞ്ചാം പന്തില്‍ ടൈറ്റന്‍സിന്റെ ബാറ്റര്‍ ഓഫ് സൈഡിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ നിന്ന് സല്‍മാന്‍ ചാടി പന്ത് സേവ് ചെയ്യുകയായിരുന്നു. അവസാന ഘട്ടത്തില്‍ താരത്തിന്റെ സേവ് ടീമിന് തുണയാവുകയായിരുന്നു. മാത്രമല്ല ബാറ്റിങ്ങില്‍ സല്‍മാന്‍ നാല് സിക്‌സ് അടക്കം പുറത്താക്കാതെ 45 റണ്‍സ് നേടിയതും ശ്രദ്ധേയമാണ്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗ്ലോബ്സ്റ്റാര്‍സിന് ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ സഞ്ജയ് രാജിനെ 0 റണ്‍സിന് നഷ്ടപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 10 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 200 സ്‌ട്രൈക്ക് റേറ്റില്‍ 20 റണ്‍സ് നേടിയാണ് പുറത്തായത്.
പിന്നീട് അജ്‌നാസ് എമ്മിന്റെ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. അഞ്ച് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 39 പന്തില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമേ പള്ളം അന്‍ഫലിന്റെ വെടിക്കെട്ട് പ്രകടനവും എടുത്ത് പറയേണ്ടതാണ്. 10 പന്തില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറും അടക്കം 33 റണ്‍സ് നേടിയതും ശ്രദ്ധേയമായിരുന്നു. 330 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് അഹമ്മദ് ഇമ്രാന്‍ ആണ്. 38 പന്തില്‍ 7 ഫോര്‍ അടക്കം 53 റണ്‍സ് ആണ് താരം നേടിയത്. താരത്തിന് പുറമേ വിഷ്ണു വിനോദ് 33 റണ്‍സും വരുണ്‍ നായര്‍ 32 റണ്‍സും നേടി. ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടി അഖില്‍ സക്കറിയ, അഖില്‍ ദേവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ നിഖില്‍ എം രണ്ട് വിക്കറ്റും അജിത്ത് വി ഒരു വിക്കറ്റും സ്വന്തമാക്കി. തൃശൂരിനു വേണ്ടി മോനു കൃഷ്ണ മൂന്ന് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
Content Highlight: Salman Nizar’s Great Save Against Thrissur Titans