| Tuesday, 7th May 2019, 10:51 am

'നമ്മള്‍ അതിജീവിക്കും, ജനാധിപത്യം ജയിക്കും, മോദിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി' ; സല്‍മാന്‍ ഖുര്‍ഷിദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചുവര്‍ഷത്തെ ഭീകര ഭരണം ഉടന്‍ അവസാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ജനാധിപത്യം ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

‘മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി. 16 ദിവസം അതില്‍ കൂടുതലൊന്നും ഇല്ല. അഞ്ച് ഭീകരവര്‍ഷങ്ങള്‍ അവസാനിക്കാന്‍ പോകുകയാണ്. ജനാധിപത്യം ജയിക്കട്ടെ. ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ അദ്ദേഹം പലതും ചെയ്യുന്നുണ്ട്. പക്ഷേ സത്യം ജയിക്കും. നമ്മള്‍ അതിജീവിക്കും.’ എന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്.

അതിനിടെ, ഇനി വരാന്‍ പോകുന്നത് ജയ് ഭീം മുഴക്കുന്നവരുടെ കാലമെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞിരുന്നു. നമോ നമോ എന്ന് പറയുന്നവരുടെ കാലം കഴിഞ്ഞെന്നും അംബേദ്കര്‍ നഗറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മായാവതി പറഞ്ഞിരുന്നു.

എല്ലാം നല്ലത് പോലെ നടക്കുകയാണെങ്കില്‍ താന്‍ അംബേദ്കര്‍ നഗറില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മായാവതി പറഞ്ഞിരുന്നു. മായാവതി പ്രധാനമന്ത്രി ആവാനുള്ള സന്നദ്ധ അറിയിക്കുകയായിരുന്നു ഇതിലൂടെയെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ പിന്തുണക്കുമെന്ന് ബി.എസ്.പിയുടെ സഖ്യകക്ഷിയായ എസ്.പിയുടെ നേതാവ് അഖിലേഷ് യാദവ് പല തവണ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പ്രധാനമന്ത്രി ആവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മായാവതി ഇനിയും പ്രത്യക്ഷമായി വ്യക്തമാക്കിയിട്ടില്ല.

ബി.ജെ.പിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ എസ്.പിയും ബി.എസ്.പിയും 25 വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലും ഉത്തര്‍പ്രദേശിന്റെ വിവിധ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നുണ്ട്. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്.

We use cookies to give you the best possible experience. Learn more