പേനയ്ക്ക് പകരം രക്തം; കെജ്‌രിവാളിന് ഖുര്‍ഷിദിന്റെ ഭീഷണി
India
പേനയ്ക്ക് പകരം രക്തം; കെജ്‌രിവാളിന് ഖുര്‍ഷിദിന്റെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2012, 3:43 pm

ന്യൂദല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ വീണ്ടും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അഴിമതിയെ കുറിച്ച് വിശദീകരിക്കാന്‍  കെജ്‌രിവാള്‍ തന്റെ മണ്ഡലമായ ഫറൂഖാബാദില്‍ പ്രവേശിച്ചാല്‍ പിന്നെ തിരിച്ചുപോകില്ലെന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭീഷണി.

എന്നാല്‍ എന്ത് വന്നാലും ഫറൂഖാബാദില്‍ പോകുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. പ്രശ്‌നത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഖുര്‍ഷിദിന് തോന്നിയത് പോലെ ചെയ്യാം. എന്നാല്‍ ഖുര്‍ഷിദിന്റെ ഭീഷണിക്ക് മുമ്പില്‍ വഴങ്ങുന്നവരല്ല തങ്ങളെന്നും അഴിമതി വിരുദ്ധ സംഘാംഗം കുമാര്‍ വിശ്വാസ് പറഞ്ഞു. []

നിയമമന്ത്രി എന്ന നിലയില്‍ താന്‍ പേനയാണെന്നും മഷിക്ക് പകരം രക്തം കൊണ്ട് പോരാടേണ്ട സമയമായെന്നും ഖുര്‍ഷിദ് പറഞ്ഞിരുന്നു. അതേസമയം, തന്റെ സമരം ഫറൂഖാബാദില്‍ നിന്ന് ആരംഭിക്കുമെന്നാണ് കെജ്‌രിവാള്‍ തീരുമാനിച്ചിരിക്കുന്നത്.

“ഖുര്‍ഷിദിന് ഭീഷണിപ്പെടുത്താം, എന്നാല്‍ എന്ത് വന്നാലും ഞങ്ങള്‍ ഫാറൂഖാബാദില്‍ പോകും.” പരസ്യമായി ഖുര്‍ഷിദ് ഇങ്ങനെയൊരു ഭീഷണി മുഴക്കിയിട്ടും അതില്‍ നടപടിയെടുക്കാത്തതില്‍ ആശ്ചര്യമുണ്ടെന്നും വിശ്വാസ് ആരോപിച്ചു.

ഖുര്‍ഷിദിന്റെ ഭീഷണിക്കെതിരെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ഖുര്‍ഷിദ് സൂക്ഷിച്ച് സംസാരിക്കണമെന്നും അദ്ദേഹം ഉപയോഗിച്ച ഭാഷ അപ്രതീക്ഷിതമായിപ്പോയെന്നും വിദ്യാസമ്പന്നനായ ഒരു മന്ത്രിയില്‍ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ.പി നേതാവ് മഹേഷ് ചേത്മലാനി പറഞ്ഞു.
ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ് നേതൃത്വം നല്‍കുന്ന സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് യു.പിയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന 71 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതാണ് ഖുര്‍ഷിദിന് കെജ്‌രിവാള്‍ അനഭിമിതനാകാനുള്ള പ്രധാന കാരണം.

എന്നാല്‍ തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്. കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ക്ക് താനും തന്റെ വോട്ടര്‍മാരും മറുപടി നല്‍കുമെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഖുര്‍ഷിദ് വിശദീകരിച്ചു.

എന്നാല്‍ തനിയ്ക്കും ഭാര്യയ്ക്കും എതിരെയുള്ള തെളിവുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഖുര്‍ഷിദ് ഇന്നലെ പ്രതികരിച്ചിരുന്നു. ആരോപണങ്ങള്‍ തെരുവില്‍ ഉന്നയിക്കുന്ന കെജ്‌രിവാളിന് മറുപടി നല്‍കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും ഖുര്‍ഷിദ് പറഞ്ഞിരുന്നു.