ന്യൂദല്‍ഹി: 2G സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ സി.എ.ജി വിനോദ് റായ് മാപ്പ് പറഞ്ഞത് അന്നത്തെ യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനും നാണം കെടുത്താനും വേണ്ടി നടത്തിയ ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.
2G സ്‌പെക്ട്രം പ്രശ്‌നം ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വളര്‍ന്നു കൊണ്ടിരുന്ന സാമ്പത്തിക രംഗത്തിനും തടസം സൃഷ്ടിച്ചെന്നും ഖുര്‍ഷിദ് പറഞ്ഞു. സംഭവത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കോണ്‍ഗ്രസിനോട് മാപ്പ് പറയണമെന്ന പാര്‍ട്ടിയുടെ ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സഞ്ജയ് നിരുപം 2G സ്‌പെക്ട്രം ലേലത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിന്നും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പേര് മാറ്റണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി വിനോദ് റായ് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സഞ്ജയ് നിരുപം, വിനോദ് റായ്‌ക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഇതിന് വിന്നാലെയാണ് റായ് മാപ്പ് പറഞ്ഞത്. ”അന്നത്തെ സി.എ.ജി ശ്രീ. വിനോദ് റായ് ആയിരുന്നു എല്ലാ പ്രകോപനത്തിന്റേയും ഏജന്റ് എന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ. 2G സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ച് കൊടുത്തതില്‍ ഖജനാവിന് 1.67 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോര്‍ട്ട് എഴുതിയത് റായ് ആയിരുന്നു.
അത് അദ്ദേഹത്തിന്റെ വെറും ഭാവനയില്‍ നിന്നും സങ്കല്‍പത്തില്‍ നിന്നും ഉരുത്തിരിഞ്ഞ റിപ്പോര്‍ട്ട് ആയിരുന്നു. രാജ്യത്തിന് ഗുണപ്രദമായ അന്നത്തെ സര്‍ക്കാരിനെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിച്ചു,”ഖുര്‍ഷിദ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിനോദ് റായ് എന്നിവരും മറ്റുള്ളവരും രാജ്യത്തോട് നിരുപാധികം മാപ്പ് പറയട്ടെയെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
അന്ന് സി.എ.ജി ആയിരുന്ന റായ് കേന്ദ്ര മന്ത്രിയുടെ അത്ര തന്നെ അധികാരമുള്ള ബാങ്കിങ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാനായത് യാദൃശ്ചികമല്ലെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
”എന്നിട്ടും 13,500 കോടി രൂപയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പിലും നിരവ് മോദി, മെഹുല്‍ ചോക്‌സി, ലളിത് മോദി, വിജയ് മല്യ എന്നിവരടക്കം നിരവധി പേര്‍ ബാങ്കുകളെ പറ്റിച്ച് നാട് വിട്ടതിലും, ബോര്‍ഡിന്റെ ചെയര്‍മാനായ അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല,” കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.