ന്യൂദല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ ഖുര്‍ഷിദിന്റെ വീട് ആക്രമികള്‍ തീ വെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
‘ഈ മുന്നറിയിപ്പ് നല്‍കിയ എന്റെ സുഹൃത്തുക്കള്‍ക്ക് എന്റെ വാതില്‍ തുറന്നിടണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴും ഇത് ഹിന്ദുമതമാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ,’ എന്ന കുറിപ്പോടെയാണ് അദ്ദേഹം കത്തിയ വീടിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘ഇപ്പോള്‍ ഇതാണ് ചര്‍ച്ച. ലജ്ജ എന്ന വാക്കുപയോഗിച്ചാല്‍ അത് വല്ലാതെ കുറഞ്ഞ് പോവും. നമുക്കൊരിക്കല്‍ ഒരു വാദപ്രതിവാദം നടത്താം, ഇല്ലെങ്കില്‍ നിങ്ങളോട് വിയോജിക്കാന്‍ സമ്മതിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീടിന്റെ ജനല്‍ തകര്‍ത്തതും മുന്‍ വാതില്‍ കത്തിച്ചതുമായ വീഡിയോയയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഖുര്‍ഷിദ് പങ്കുവെച്ച ഒരു വീഡിയോയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടി വീശുന്നതും ജയ് ശ്രീറാം വിളിക്കുന്നതും കാണാം.
ഖുര്‍ഷിദിന്റെ വീട് തകര്‍ത്തതിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത് വന്നു. ഇത് തീര്‍ത്തും അപമാനകരമായ കാര്യമാണെന്നും നിരവധി അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ഒരു രാഷ്ട്ര തന്ത്രജ്ഞനോടുള്ള ഇത്തരം സമീപനം മോശമാണെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്.
സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകമായ സണ്‍റൈസ് ഓവര്‍ നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുസ്തകത്തിലെ പരാമര്‍ശത്തിന് പിന്നാലെയായരുന്നു അദ്ദേഹത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടായത്.
‘സനാതന ധര്‍മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുളള സന്യാസിമാരും ഹിന്ദുത്വത്തെ തളളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐ.എസ്, ബോക്കൊഹറം തുടങ്ങിയ ഇസ്‌ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടേതിന് സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വം’ എന്നായിരുന്നു പുസ്തകത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് എഴുതിയത്.
കഴിഞ്ഞ ദിവസം ഖുര്‍ഷിദിന്റെ പുസ്തകത്തെ വിമര്‍ശിച്ച് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഖുര്‍ഷിദിനെ പുറത്താക്കണമെന്നും ഹിന്ദുക്കളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെട്ടത്.
അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് മുസ്‌ലിം വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
എന്നാല്‍, ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. ബി.ജെ.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദുമടക്കമുള്ള ആളുകള്‍ അദ്ദേഹത്തിനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നിരുന്നു.
അതേസമയം, രാഹുല്‍ഗാന്ധി കുര്‍ഷിദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഹിന്ദുവും ഹിന്ദുത്വവും രണ്ടും രണ്ടാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ ഖുര്‍ഷിദിന്റെ പുസ്തകം പ്രകാശനം ചെയ്തത്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയം, അതിന്മേലുണ്ടായ നിയമയുദ്ധം, അലഹബാദ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധികള്‍ എന്നിവയെക്കുറിച്ചാണ് പുസ്തകം.