ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ഗാന്ധി നേതൃത്വത്തില്‍നിന്നും ഒഴിഞ്ഞതോടെ എല്ലാവരും ദുര്‍ഘടാവസ്ഥയിലായെന്ന് മുതിര്‍ന്ന കോണ്‍ഗ്ര്‌സ നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പരിത്യജിക്കലിന്റെ അലയൊലികള്‍ ഉയരുന്നുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനുള്ള കാര്യമെന്താണെന്ന് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമെന്താണെന്നുവച്ചാല്‍, അത് ഞങ്ങളുടെ നേതാവ് ഞങ്ങളെ വിട്ടുപോയി എന്നതാണ്’, ഖുര്‍ഷിദ് പറഞ്ഞതായി എ.പി റിപ്പോര്‍ട്ട് ചെയ്തു.
‘ ഇപ്പോഴും ഒരു ശൂന്യത ഞങ്ങള്‍ക്കനുഭവപ്പെടുന്നുണ്ട്. സോണിയഗാന്ധി ആ സ്ഥാനത്തേക്ക് വന്നു എന്നത് ശരിതന്നെ. ആ ശൂന്യത പരിഹരിക്കാന്‍ സോണിയ ശ്രമിക്കുന്നുണ്ടാവാം. എന്നാലും ഒരു അഭാവം നിലനില്‍ക്കുന്നുണ്ട്’, ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.
ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കവെയാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം രാഹുലിന്റെ അഭാവമാണെന്ന് വ്യക്തമാക്കി മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഖുര്‍ഷിദ് രംഗത്തെത്തിയിരിക്കുന്നത്.