|

യുക്തിയുള്ളവര്‍ക്കറിയാം, കോണ്‍ഗ്രസ് തകരുകയാണ്: സല്‍മാന്‍ ഖുര്‍ഷിദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് തകര്‍ച്ചയെ നേരിടുന്നുവെന്നത് സത്യമാണെന്നും കേവലയുക്തിയുള്ളവരാരും ആ സത്യത്തോട് വിയോജിക്കില്ലെന്നും മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും മോശം സമയത്തെ കോണ്‍ഗ്രസ് അതിജീവിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

പാര്‍ട്ടി വിടാന്‍ തീരുമാനിക്കുന്നവരെ തടയാനാകില്ലെന്നും അത് അവരുടെ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജിതിന്‍ പ്രസാദയോട് ഇളയ സഹോദരനോടെന്ന പോലെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് എന്റെ അടുത്ത സുഹൃത്തായിരുന്നു. വളരെ വിഷമമുണ്ടാക്കുന്ന തീരുമാനമായിപ്പോയി അദ്ദേഹം എടുത്തത്,’ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണ് ബി.ജെ.പി അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍ പ്രസാദ പറഞ്ഞത്.

20 വര്‍ഷത്തോളമായി ജിതിന്‍ പ്രസാദയ്ക്ക് പാര്‍ട്ടിയുമായുള്ള ഇടച്ചില്‍ രഹസ്യമല്ല. 2019ല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

നേതൃത്വത്തിനെതിരെ സോണിയാ ഗാന്ധിക്കു കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു. ഇന്ത്യന്‍ സെകുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെതിരെയും ജിതിന്‍ പ്രസാദ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജിതിന്‍ പ്രസാദ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രിയായിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Salman Khurshid Jitin Prasada quit Congress

Video Stories