ജോധ്പൂര്‍ ജയിലിലെ മുറിക്ക് പുറത്ത് രാത്രി ഉറക്കമില്ലാതെ സല്‍മാന്‍ ഖാന്‍ ; ആദ്യദിനം സഹതടവുകാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം
national news
ജോധ്പൂര്‍ ജയിലിലെ മുറിക്ക് പുറത്ത് രാത്രി ഉറക്കമില്ലാതെ സല്‍മാന്‍ ഖാന്‍ ; ആദ്യദിനം സഹതടവുകാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th April 2018, 10:44 am

ന്യൂദല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം കോടതി വിധിച്ചത്. കോടതി വിധിക്ക് പിന്നാലെ സല്‍മാനെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മെഡിക്കല്‍ ചെക്കപ്പിന് ശേഷമായിരുന്നു സല്‍മാനെ ജയിലില്‍ പ്രവേശിപ്പിച്ചത്. ജയിലെത്തിയ താരത്തിന് രണ്ടാം നമ്പര്‍ മുറിയാണ് നല്‍കിയത്, ഒപ്പം ഒരു ബ്ലാങ്കറ്റും. ജയിലിലെ ആദ്യ ദിവസം സല്‍മാന്‍ ആരോടും സംസാരിച്ചില്ലെന്നും ഒറ്റയ്ക്ക് ഇരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ദാലും റൊട്ടിയും കാബേജും ഉരുളക്കിഴങ്ങുമായിരുന്നു. ഭക്ഷണത്തിന് നല്‍കിയത്.

മുറിക്ക് പുറത്തുള്ള വരാന്തയിലൂടെ രാത്രി ഏറെ വൈകും വരെ സല്‍മാന്‍ ഖാന്‍ ഉലാത്തുകയായിരുന്നെന്നും പൊലീസുകാര്‍ പറയുന്നു.

ജയിലില്‍ പ്രത്യേകമായി ഒരു സൗകര്യവും സല്‍മാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോധ്പൂര്‍ ഡി.ഐ.ജി വിക്രം സിങ് പറഞ്ഞു. ജയിലിനുള്ളില്‍ വെച്ച് സഹതടവുകാര്‍ക്കൊപ്പം തന്നെയാണ് ആദ്യദിവസം ഭക്ഷണം നല്‍കിയത്. ഇന്ന് മുതല്‍ ജയിലിലെ തടവുകാര്‍ക്ക് നല്‍കുന്ന വസ്ത്രം സല്‍മാന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെ 10:30 നാണ് സല്‍മാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണമായി കഞ്ഞി നല്‍കിയെങ്കിലും അത് വേണ്ടെന്ന് പറഞ്ഞെന്നും തുടര്‍ന്ന് ജയില്‍ കാന്റീനില്‍ നിന്നും ബ്രഡും പാലും ഓര്‍ഡര്‍ ചെയ്ത് കൊടുത്തെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ജയില്‍ കാന്റീനില്‍ 400 രൂപ ഇന്നലെ സല്‍മാന്റെ ഭക്ഷണത്തിനായി അടച്ചിരുന്നു.


Also Read ആധാര്‍ കാര്‍ഡു കൊണ്ട് ബാങ്ക് തട്ടിപ്പു തടയാമെന്ന് വിചാരിക്കരുത്; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം


അതേസമയം സല്‍മാന്‍ ഖാന്‍ തടവില്‍ കഴിയുന്ന മുറിക്ക് പുറത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡി.ഐ.ജി വിക്രം സിങ് പറഞ്ഞു.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടികളാണ് താരം നേരിടുന്നത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.

നേരത്തെ വംശനാശം നേരിടുന്ന മാനുകളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2007-ല്‍ ഒരാഴ്ച സല്‍മാന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാന്‍ഖാനെ 2015 ല്‍ വെറുതെവിട്ടുരുന്നു. നരഹത്യക്കേസില്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് അന്ന് ജസ്റ്റിസ് എ.ആര്‍. ജോഷി റദ്ദാക്കിയിരുന്നത്. ആ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


Watch DoolNews Video