|

അന്ന് എന്റെ സോഫയില്‍ ഒപ്പമുറങ്ങിയത് ചിരു ഗാരു, അങ്ങനെ ഈ സിനിമയിലെത്തി, ഇത് കാസ്റ്റിങ് കൗച്ചാണ്; വിവാദമായി സല്‍മാന്‍ ഖാന്റെ പരാമര്‍ശം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാസ്റ്റിങ് കൗച്ചിനെ പരിഹസിക്കുന്ന രീതിയിലുള്ള ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രതികരണം വിമര്‍ശിക്കപ്പെടുന്നു. തെന്നിന്ത്യന്‍ താരം ചിരഞ്ജീവിക്കൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം ഗോഡ്ഫാദറിനെ കുറിച്ച് സംസാരിക്കവെയായിരുന്നു സല്‍മാന്റെ വിവാദ പരാമര്‍ശം.

താന്‍ എങ്ങനെയാണ് ഗോഡ്ഫാദറിലേക്ക് എത്തിയത് എന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഗോഡ്ഫാദര്‍ ചെയ്യുന്നതിന് മുമ്പ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് വേണ്ടി തായ്‌ലാന്‍ഡില്‍ പോയപ്പോള്‍ തന്റെ സോഫയില്‍ തന്നെ കൂടാതെ ഉറങ്ങിയ ഒരേയൊരാള്‍ ചിരു ഗാരുവാണെന്നും അങ്ങനെയാണ് താന്‍ ഗോഡ്ഫാദറിലെത്തിയതെന്നും അതുകൊണ്ട് കാസ്റ്റിങ് കൗച്ച് എന്നത് നിലനില്‍ക്കുന്നുണ്ടെന്നുമാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

മുംബൈയില്‍ ഗോഡ്ഫാദറിന്റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ചിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചായിരുന്നു വിവാദ പരാമര്‍ശം.

”കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ (സല്‍മാന്‍ ഖാന്‍, ചിരഞ്ജീവി) ഒരുമിച്ച് തായ്‌ലാന്‍ഡില്‍ തമ്പ്‌സ് അപ്പിന്റെ (Thumps Up) ഒരു പരസ്യം ചെയ്യുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചാണ് പോയത്.

എന്നെ കൂടാതെ എന്റെ സോഫയില്‍ (couch) ഉറങ്ങിയ ഒരേയൊരു വ്യക്തി ചിരു ഗാരു മാത്രമാണ് (ചിരി).

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഞങ്ങള്‍ ലാന്‍ഡ് ചെയ്തത്. ശേഷം ഞങ്ങള്‍ അവിടെ ഇരുന്ന് സംസാരിച്ചു.അദ്ദേഹത്തിന് ഒരു ഫ്‌ളൈറ്റ് പിടിക്കണമായിരുന്നു.

ബെഡ്‌റൂമില്‍ പോയി ഉറങ്ങാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ‘വേണ്ട, ഞാന്‍ സോഫയില്‍ ഉറങ്ങിക്കോളാം’ എന്ന് അദ്ദേഹം പറഞ്ഞു.

അപ്പോള്‍, ഞാനും സോഫയിലാണ് ഉറങ്ങുന്നതെന്ന് എങ്ങനെ അദ്ദേഹത്തോട് പറയും? അതുകൊണ്ട്, എന്നെക്കൂടാതെ എന്റെ കട്ടിലില്‍ (Couch) കിടന്നുറങ്ങിയ ഒരേയൊരാള്‍ ചിരു ഗാരുവാണ്.

ഇത് കാസ്റ്റിങ് കൗച്ച് ആണ്. ഇതുകൊണ്ടാണ് എന്നെ ഈ സിനിമയിലേക്ക് (ഗോഡ്ഫാദര്‍) കാസ്റ്റ് ചെയ്തത്. ഈ സിനിമയില്‍ ഒരു ചെറിയ വേഷമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ നിനക്ക് മാന്യമായ ഒരു വേഷം തരാം എന്ന് പറഞ്ഞു. അദ്ദേഹം ചെയ്തതും അതാണ്,” സല്‍മാന്‍ ഖാന്‍ പറഞ്ഞു.

സല്‍മാന്‍റെ കമന്റിനെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളും വരുന്നുണ്ട്.

അതേസമയം സല്‍മാന്‍ വേഷമിടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രമാണ് ഗോഡ്ഫാദര്‍. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണിത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്.

Content Highlight: Salman Khans’ comment joking about casting couch becomes controversial during God Father promotions