മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ കുറ്റം സമ്മതിച്ചു. കേസ് അന്വേഷിക്കുന്ന താനെ പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിന് മുന്‍പില്‍ ഇന്ന് ഹാജരാകണമെന്ന് അര്‍ബാസിനോട് ആവശ്യപ്പെട്ടിരുന്നു.
മേയ് 15 നാണ് അഴിമതിവിരുദ്ധ സേന വാതുവെയ്പ് നടത്തിയ നാല് പേരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ബുക്കിയായ സോനു ജലാന്‍ എന്ന സോനു മലാഡാണ് സംഘത്തിലെ പ്രധാനകണ്ണിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
അന്വേഷണത്തില്‍ അര്‍ബാസിന്റെയും സോനുവിന്റെയും പങ്ക് തെളിഞ്ഞതായി അഴിമതിവിരുദ്ധ സേനാ തലവനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായ പ്രദീപ് ശര്‍മ്മ പറഞ്ഞു. സോനുവും കളിക്കാരും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
ALSO READ: പശ്ചിമബംഗാളില്‍ രണ്ട് ദിവസത്തിനിടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തൂങ്ങിമരിച്ച നിലയില്‍
പാകിസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ഈയിടെ കഴിഞ്ഞ ഐ.പി.എല്‍ സീസണുകളില്‍ ഒന്നില്‍ അര്‍ബാസ് ഖാന്‍ വാതുവെയ്പ് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് സോനു ജലാന്‍. അര്‍ബാസ് ഖാന്‍ സ്വന്തം പണമുപയോഗിച്ച് വാതുവെയ്പ് നടത്തിയെന്നും സോനു ഇതിന് സഹായിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
പണത്തിന്റെ പേരില്‍ അര്‍ബാസുമായി തെറ്റിയതായി സോനു പൊലീസിനോട് പറഞ്ഞു. അര്‍ബാസ് തനിക്ക് പണം തരുന്നില്ലെന്ന് സോനുവിന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പണം തന്നില്ലെങ്കില്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന കാര്യം പുറത്തുവിടുമെന്ന് അര്‍ബാസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം അര്‍ബാസ് മാത്രമല്ല നിരവധി ബോളിവുഡ് താരങ്ങളുമായി സോനുവിന് ബന്ധമുണ്ടെന്നാണ് സൂചന. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ വമ്പന്‍ താരങ്ങള്‍ വരെ പിടിയിലാകാന്‍ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐ.പി.എല്‍ വാതുവെയ്പില്‍ മലയാളി താരം ശ്രീശാന്ത് അടക്കമുള്ളവര്‍ പിടിയിലായിരുന്നു. എന്നാല്‍ പിന്നീട് ശ്രീശാന്തിനെ കേസില്‍ പങ്കില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നെങ്കിലും ബി.സി.സി.ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.
വാതുവെയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു.
WATCH THIS VIDEO: