ജോധ്പൂര്‍: അനധികൃതമായി തോക്ക് കൈവശംവച്ച കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്.
സല്‍മാനെതിരെ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ തെളിവ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സംശയത്തിന്റെ ആനുകൂല്യത്തിലാണ് സല്‍മാനെ വെറുതെ വിട്ടത്.
കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നായിരുന്നു സല്‍മാന്‍ഖാന് എതിരെയുള്ള കുറ്റം.സംഭവം നടന്ന് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി പ്രസ്താവം.
കോടതിയുടെ നിര്‍ദേശ പ്രകാരം സല്‍മാന്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.1998ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന് അനുബന്ധമായാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന് സല്‍മാനെതിരെ പൊലീസ് കേസെടുത്തത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു.
1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ “ഹം സാഥ് സാഥ് ഹെ” എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ചത് ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചാണ്. ഈ കേസിലാണ് കോടതി ഇന്ന് വിധിപറഞ്ഞത്.
കൃഷ്ണമൃഗത്തെ കൊന്നകേസില്‍ വിചാരണക്കോടതി ശിക്ഷിച്ച സല്‍മാന്‍ ഖാനെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു. കീഴ്‌കോടതി ശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.