സല്‍മാന്‍ ഖാന്‍ പോകേണ്ടത് ആശാറം ബാപ്പുവും ശംഭുലാല്‍ റൈഗറും കിടക്കുന്ന ജയിലിലേക്ക്
national news
സല്‍മാന്‍ ഖാന്‍ പോകേണ്ടത് ആശാറം ബാപ്പുവും ശംഭുലാല്‍ റൈഗറും കിടക്കുന്ന ജയിലിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 4:42 pm

മുംബൈ: കൃഷ്ണ മൃഗത്തെ വേട്ടായടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പാര്‍പ്പിക്കുന്നത് പീഡനക്കേസില്‍ പ്രതിയായ ആള്‍ദൈവം ആശാറാം ബാപ്പുവിനെയും ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ ശംഭുലാല്‍ റൈഗറിനെയും അടച്ചിട്ട ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍.

ആശാറാം ബാപ്പുവിന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വി.ഐ.പി പരിഗണന കിട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാപ്പുവിന് കുളിക്കാന്‍ ഗാംഗാജലവും കഴിക്കാന്‍ വീട്ടില്‍ നിന്നുണ്ടാക്കിയ ഭക്ഷണവും ജയിലധികൃതര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലവ് ജിഹാദ് ആരോപിച്ച് അഫ്രാസുല്‍ എന്ന മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്ന് തീ കൊടുത്ത ശംഭുലാല്‍ ജയിലില്‍ വെച്ച് വീഡിയോ ഉണ്ടാക്കി പുറത്തു വിട്ടിരുന്നു. ശ്രീനഗര്‍ ജയിലില്‍ നിന്ന് മാറ്റിയ ചില ഭീകരവാദികളും ജോധ്പൂര്‍ ജയിലില്‍ താമസിക്കുന്നുണ്ട്.

1998ല്‍ വനംവകുപ്പ് പിടികൂടിയപ്പോള്‍ 18 ദിവസം സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ ജയിലില്‍ താമസിച്ചിരുന്നു. കേസില്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

 

കേസിലെ മറ്റു പ്രതികളായ സെയ്ഫ് അലി ഖാന്‍, നടി തബു, സൊനാലി, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കൂട്ടുപ്രതികളെ വെറുതെ വിട്ടത്. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.


Read more: ബി.എസ്.പിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുക ലക്ഷ്യം: യു.പിയില്‍ അംബേദ്കര്‍ ജയന്തി ഗംഭീരമായി ആഘോഷിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി


 

ഇപ്പോള്‍ “റേസ് 3” സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സല്‍മാന്‍ ഖാന്‍ കരാര്‍ പ്രകാരം “കിക്ക് 2”, “ദബാങ് 3”, “ഭാരത്” തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിക്കാനുള്ളത്. “റേസ് 3” ജൂണില്‍ റിലീസ് ചെയ്യേണ്ട ചിത്രമാണ്. സല്‍മാന്‍ ഖാന്‍ അകത്താവുന്നതോടെ 400-600 കോടിയുടെ നഷ്ടം ബോളിവുഡിന് വരുമെന്നാണ് കണക്കുകള്‍.

സിനിമയ്ക്ക് പുറമെ “ദസ് കാ ദം” എന്ന ടെലിവിഷന്‍ പരിപാടിയും ടി.വി പരസ്യങ്ങളും സല്‍മാന്‍ ഖാന് ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. അതേ സമയം “റേസ് 3” യുടെ ഡബ്ബിങ് മാത്രമാണ് അവശേഷിക്കുന്നതെന്നും വിധി മറ്റു ചിത്രങ്ങളെയൊന്നും ബാധിക്കുകയില്ലെന്നും ട്രേഡ് അനലിസ്റ്റായ അമോദ് മെഹ്‌റ പറഞ്ഞു.