| Monday, 12th October 2020, 3:22 pm

'അസംബന്ധവും കള്ളവും പറയുന്നത് തുടര്‍ന്നാല്‍ ചാനല്‍ പൂട്ടേണ്ടി വരും'; റിപ്പബ്ലിക് ടിവിക്കെതിരെ സല്‍മാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ടി.ആര്‍.പി റേറ്റിങ്ങില്‍ തട്ടിപ്പ് നടത്തിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുള്‍പ്പെടെയുള്ള ചാനലുകള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.

ഇപ്പോള്‍ ചെയ്യുന്ന കാര്യം അവര്‍ ഇനിയും തുടരുകയാണെങ്കില്‍ ചാനലുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

ബിഗ് ബോസ് 14 ന്റെ വീക്കെന്‍ഡ് എപ്പിസോഡില്‍ മത്സരാര്‍ത്ഥികളോട് സംസാരിക്കവേയായിരുന്നു സല്‍മാന്‍ ടി.ആര്‍.പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്കെതിരെ രംഗത്തെത്തിയത്.

‘ബിഗ് ബോസ് ആയാലും വേറെ ഏത് ഷോ ആയാലും ശരിയായ വഴിയിലാവണം മത്സരിക്കേണ്ടത്. ടി.ആര്‍.പി റേറ്റിങിന് വേണ്ടി എന്തും ചെയ്യരുത്. ഒന്നാമത്തെ ദിവസം മുതല്‍ നിങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണം എന്താണെന്ന് ഞാന്‍ കണ്ടിട്ടില്ല. സത്യസന്ധരായിരിക്കുക. അസംബന്ധവും കള്ളവും പറയാതിരിക്കുക, അലറിവിളിക്കാതിരിക്കുക, അധികൃതര്‍ നിങ്ങളുടെ ചാനല്‍ പൂട്ടിക്കളയും. എനിക്ക് പറയാനുള്ള കാര്യം ഞാന്‍ പരോക്ഷമായി പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാനെതിരെ അര്‍ണബ് ഗോസ്വാമി നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലും ചലച്ചിത്രമേഖലയിലെ അംഗങ്ങള്‍ക്കെതിരായി ഉയരുന്ന മയക്കുമരുന്ന് ആരോപണങ്ങള്‍ക്കുമിടയില്‍ മൗനം പാലിച്ചിരിക്കുകയാണ് സല്‍മാനെന്നും സല്‍മാന്‍ എവിടെയാണെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു അര്‍ണബ് പറഞ്ഞത്.
സല്‍മാന്‍ എവിടെ എന്ന് ചോദിച്ചുകൊണ്ട് റിപബ്ലിക് ചാനലില്‍ ദീര്‍ഘ നേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

പിന്നാലെ അര്‍ണബ് ഭീരുവാണ് എന്ന് പറഞ്ഞ് സല്‍മാന്റെ ആരാധകര്‍ ട്വിറ്ററില്‍ ക്യാമ്പയിന്‍ തുടങ്ങി. അര്‍ണബിന് പേവിഷ ബാധയ്ക്ക് ചികിത്സ വേണം (#ArnabNeedsRabiesTreatment) എന്ന ഹാഷ് ടാഗിലായിരുന്നു ക്യാമ്പയിന്‍.

റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്നായിരുന്നു മുംബൈ പൊലീസാണ് കണ്ടെത്തിയത്. റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് നടപടി എടുത്തത്.

ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപബ്ലിക് ടിവി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപബ്ലിക് ടിവി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ മനസിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Salman Khan takes ‘indirect’ dig amid fake TRP case

We use cookies to give you the best possible experience. Learn more