| Friday, 17th July 2015, 2:01 am

ചൗഹാന്‍ കുട്ടികള്‍ പറയുന്നത് കേള്‍ക്കണം, എഫ്.ടി.ഐ.ഐ പ്രതിഷേധത്തെ പിന്തുണച്ച് സല്‍മാന്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെത്തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. മഹാഭാരതം സീരിയലില്‍ യുധിഷ്ഠീരന്റെ വേഷം ചെയ്തതും ഏതാനും ചില ചിത്രങ്ങളില്‍ അഭിനയിച്ചതും മാനദണ്ഡമാക്കിയായിരുന്നു ബി.ജെ.പിക്കാരനായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചത്.

നാലാംകിട ചിത്രങ്ങള്‍ എന്നാണ് ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങളെ വിദ്യാര്‍ത്ഥികള്‍ വിശേഷിപ്പിക്കുന്നത്.  ഇദ്ദേഹത്തിന്റെ നിയമനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം ഒരു മാസം പിന്നിട്ടു. ഈ സമരത്തെ പിന്തുണച്ചാണ് സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. ചൗഹാന്‍ കുട്ടികള്‍ പറയുന്നത് കേള്‍ക്കണമെന്നാണ് എനിക്ക് തോന്നുന്നതെന്ന് ചൗഹാന്‍ പറഞ്ഞു.

“ചൗഹാന്‍ കുട്ടികള്‍ പറയുന്നത് കേള്‍ക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കാരണം കുട്ടികളാണ് സിനിമാ മേഖലയെ സമ്പന്നമാക്കേണ്ടത്.” സല്‍മാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടെങ്കില്‍ എന്തിനാണ് അദ്ദേഹം അവിടെ നില്‍ക്കുന്നതെന്ന് സല്‍മാന്‍ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാന്‍ ചോദിച്ചു.

സിനിമാ മേഖലയില്‍ നിന്ന് നിരവധിപ്പേരാണ് ചൗഹാന്റെ നിയമനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ബോളിവുഡ് താരങ്ങളാണ് ഋഷി കപൂര്‍, രണ്‍ബീര്‍ കപൂര്‍, മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗം കിരണ്‍ ഖേര്‍ തുടങ്ങിയവരും ചൗഹാനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തില്‍ കോഴിക്കോടും കൊച്ചിയിലും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ച് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സിനിമാ ലോകത്തെ പ്രമുഖല്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more