| Sunday, 26th July 2015, 1:17 am

യാക്കൂബ് മേമന്‍; സല്‍മാന്റെ അറിവില്ലായ്മയെ കാര്യമാക്കേണ്ടെന്ന് പിതാവ് സലീം ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ നിരപരാധിയാണെന്നും പകരം ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്ന സല്‍മാന്‍ ഖാന്റെ ട്വീറ്റിനെതിരെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാന്‍. സല്‍മാന്റെ വാക്കുകള്‍ അപഹാസ്യവും അര്‍ത്ഥ ശൂന്യവുമാണ്. സല്‍മാന് പ്രശ്‌നത്തെ പറ്റി അറിയില്ല, അതിനാല്‍ സല്‍മാന്റെ വാക്കുകളെ കാര്യമായി എടുക്കേണ്ടെന്നും സലീം ഖാന്‍ പറഞ്ഞു.

തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു യാക്കൂബ് മേമന്റെ വധശിക്ഷാ വിധിയ്‌ക്കെതിരെ സല്‍മാന്‍ വിയോജിപ്പ് അറിയിച്ചിരുന്നത്. “ഒരു നിരപരാധിയെ തൂക്കിലേറ്റുന്നത് മാനവികതയ്ക്ക് എതിരാണ്. യാക്കൂബ് മേമനെ തൂക്കിലേറ്റുന്നതിന് പകരം ടൈഗര്‍ മേമനെയാണ് പിടികൂടി തൂക്കിലേറ്റേണ്ടത്.”  എന്നായിരുന്നു സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേ സമയം സല്‍മാന്റെ ട്വീറ്റിനെതിരെ ബി.ജെ.പി അടക്കമുള്ള കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയം നാളെ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ബി.ജെ.പി എം.പി കിരിത് സോമയ്യ ട്വിറ്ററില്‍ വ്യക്തമാക്കി. ദേശവിരുദ്ധരെ പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മാനുഷികതയുടെ പേരില്‍ ഇത്തരക്കാരെ പിന്തുണയ്ക്കുന്നവരെയും ശിക്ഷിക്കേണ്ടതുണ്ടെന്നും യോഗ പരിശീലകന്‍ ബാബാ രാംദേവ് പറഞ്ഞു.

സല്‍മാന്റെ ട്വീറ്റ് നിയമ വ്യവസ്ഥയോട് ഉള്ള വെല്ലുവിളിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഖം പറഞ്ഞു. സല്‍മാന്‍ തന്റെ പരാമര്‍ശം ഒഴിവാക്കണമെന്ന് നിഖം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more