വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ സല്‍മാന്‍ ഖാന്‍. തനിക്കിപ്പോള്‍ വഴിയില്‍ കൂടി ഒരു സൈക്കിള്‍ പോലുമോടിക്കാനാവില്ലെന്നും ഒപ്പമുള്ള സെക്യൂരിറ്റി വാഹനങ്ങള്‍ കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
തനിക്ക് ചുറ്റും തോക്കുകളാണെന്നും ഭയമാണെന്നും ഇന്ത്യ ടി.വിയുടെ ആപ് കി അദാലത്ത് എന്ന പരിപാടിയില്‍ സല്‍മാന്‍ പറഞ്ഞു.
‘സുരക്ഷിതത്വമില്ലായ്മയെക്കാളും നല്ലത് സുരക്ഷിതത്വമാണ്. ശരിയാണ്, എനിക്ക് സെക്യൂരിറ്റിയുണ്ട്. ഇപ്പോള്‍ വഴിയില്‍ കൂടി ഒരു സൈക്കിള്‍ ഓടിക്കാന്‍ പോലും പറ്റില്ല. ഒറ്റക്ക് ഒരിടത്തും പോവാന്‍ പറ്റില്ല. അതും കൂടാതെ മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. ഞാന്‍ വണ്ടിയുമായി റോഡിലിറങ്ങിയാല്‍ എനിക്ക് ചുറ്റും സെക്യൂരിറ്റിയായിരിക്കും. എനിക്കൊപ്പമുള്ള സെക്യൂരിറ്റി വണ്ടികള്‍ കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. എനിക്കെതിരെ ഭീഷണിയുണ്ട്. അതുകൊണ്ടാണ് ഇത്ര വലിയ സുരക്ഷ.
എവിടെ പോയാലും ഫുള്‍ സെക്യൂരിറ്റിയിലാണ്. എന്തൊക്കെ ചെയ്താലും സംഭവിക്കാനുള്ളതാണേല്‍ അത് സംഭവിക്കുമെന്ന് എനിക്കറിയാം. ദൈവത്തില്‍ വിശ്വാസമുണ്ട്. ഇപ്പോള്‍ എനിക്ക് ചുറ്റും തോക്കുകളാണ്. ഈ ദിവസങ്ങളില്‍ എനിക്ക് എന്നെ തന്നെ പേടിയാവുന്നു,’ സല്‍മാന്‍ പറഞ്ഞു.
സല്‍മാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു ഫോണ്‍ ചെയ്ത 16 വയസുകാരനെ അടുത്തിടെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാര്‍ച്ച് 26ന് രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ ലുനി നിവാസിയായ ധഖദ് റാം എന്നയാളെ, സല്‍മാന് ഭീഷണി സന്ദേശം അയച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി കത്തും സല്‍മാന് ഖാന് ലഭിച്ചിരുന്നു.
Content Highlight: salman khan response for threats against him