| Friday, 6th April 2018, 2:49 pm

സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ചത് അദ്ദേഹം മുസ്‌ലീമായതിനാല്‍: പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവ് ശിക്ഷിച്ച കോടതി വിധിക്കെതിരെ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ക്വാജാ ആസിഫ്.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് സല്‍മാന്‍ ഖാന് ഇത്രയും വലിയൊരു ശിക്ഷ കോടതി വിധിച്ചതെന്നും ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വലിയ വിലയൊന്നും കല്‍പ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയില്‍പ്പെട്ട ആളായിരുന്നെങ്കില്‍, അവരുടെ മതത്തില്‍പ്പെട്ട ആളായിരുന്നെങ്കില്‍ അദ്ദേഹം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ലായിരുന്നെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.


Also Read ഹൃദയം നുറുങ്ങുന്ന വേദന: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി വിധിയെ കുറിച്ച് ഷോയ്ബ് അക്തര്‍


മെഡിക്കല്‍ ചെക്കപ്പിന് ശേഷമായിരുന്നു സല്‍മാനെ ജയിലില്‍ പ്രവേശിപ്പിച്ചത്. ജയിലെത്തിയ താരത്തിന് രണ്ടാം നമ്പര്‍ മുറിയാണ് നല്‍കിയത്, ഒപ്പം ഒരു ബ്ലാങ്കറ്റും. ജയിലിലെ ആദ്യ ദിവസം സല്‍മാന്‍ ആരോടും സംസാരിച്ചില്ലെന്നും ഒറ്റയ്ക്ക് ഇരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ദാലും റൊട്ടിയും കാബേജും ഉരുളക്കിഴങ്ങുമായിരുന്നു. ഭക്ഷണത്തിന് നല്‍കിയത്.

മുറിക്ക് പുറത്തുള്ള വരാന്തയിലൂടെ രാത്രി ഏറെ വൈകും വരെ സല്‍മാന്‍ ഖാന്‍ ഉലാത്തുകയായിരുന്നെന്നും പൊലീസുകാര്‍ പറയുന്നു.

ജയിലില്‍ പ്രത്യേകമായി ഒരു സൗകര്യവും സല്‍മാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജോധ്പൂര്‍ ഡി.ഐ.ജി വിക്രം സിങ് പറഞ്ഞു. ജയിലിനുള്ളില്‍ വെച്ച് സഹതടവുകാര്‍ക്കൊപ്പം തന്നെയാണ് ആദ്യദിവസം ഭക്ഷണം നല്‍കിയത്. ഇന്ന് മുതല്‍ ജയിലിലെ തടവുകാര്‍ക്ക് നല്‍കുന്ന വസ്ത്രം സല്‍മാന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സല്‍മാന്‍ ഖാന്‍ തടവില്‍ കഴിയുന്ന മുറിക്ക് പുറത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡി.ഐ.ജി വിക്രം സിങ് പറഞ്ഞു.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടികളാണ് താരം നേരിടുന്നത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.

നേരത്തെ വംശനാശം നേരിടുന്ന മാനുകളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2007-ല്‍ ഒരാഴ്ച സല്‍മാന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.


Watch DoolNews Video

We use cookies to give you the best possible experience. Learn more