| Tuesday, 4th October 2022, 6:23 pm

അച്ഛന്റെ സിനിമയില്‍ മകനുമെത്തും; ഗോഡ്ഫാദറില്‍ രാംചരണിന്റെ കാമിയോ റോള്‍ സ്ഥിരീകരിച്ച് സല്‍മാന്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തെയും മാസ് സിനിമകളില്‍ ഒന്നാണ് ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക്ക് ബസ്റ്ററായിരുന്നു. ‘സ്റ്റീഫന്‍ നെടുമ്പള്ളി’ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ‘ഗോഡ്ഫാദര്‍’.

പ്രഖ്യാപന സമയം മുതല്‍ തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗോഡ്ഫാദര്‍ നാളെ തിയേറ്ററുകളില്‍ എത്തും.

ഇപ്പോഴിതാ ഗോഡ്ഫാദറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ അതിഥി വേഷത്തിലെത്തുമെന്ന് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന സല്‍മാന്‍ ഖാന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘രാംചരണ്‍ തീര്‍ച്ചയായും ഗോഡ്ഫാദറിന്റെ ഭാഗമായിരിക്കും. അച്ഛന്‍ ചിരഞ്ജീവിയുടെ സിനിമയില്‍ മകന്‍ അതിഥി വേഷത്തില്‍ അഭിനയിക്കുന്നതില്‍ ഞങ്ങളെല്ലാം ആവേശത്തിലാണ്’ സല്‍മാന്‍ ഖാന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘രാം എന്നെ കാണാന്‍ വന്നു, എന്നിട്ടെന്നോട് സിനിമയില്‍ അവന് അഭിനയിക്കണമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് നിങ്ങളോടൊത്ത് അഭിനയിക്കണമെന്ന് അവന്‍ വീണ്ടും പറഞ്ഞു. ഞാന്‍ അവന്‍ തമാശ പറയുകയാണെന്നാണ് വിചാരിച്ചത്, നാളെ ഇതിനെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഞാനവനെ മടക്കി.

എന്നാല്‍ പിറ്റേന്ന് ഞാന്‍ സെറ്റിലെത്തിയപ്പോള്‍ അവനവിടെയുണ്ട്, അവന് വാനും കിട്ടി, കോസ്റ്റിയൂമും കിട്ടി, വേഷവും കിട്ടി. ഞാന്‍ അവനോട് നീ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാന്‍ ഇവിടെ ഉണ്ടായിരിക്കണമെന്നാണ അവന്‍ പറഞ്ഞത്,’ രാംചരണ്‍ ചിത്രത്തിലെത്തിയതെങ്ങനെയെന്ന് സല്‍മാന്‍ ഖാന്‍ വിശദീകരിച്ചു.

അതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ ലൂസിഫറില്‍ ഞാന്‍ പൂര്‍ണനായും തൃപ്തനല്ലെന്ന് ചിരഞ്ജീവി പറഞ്ഞു.

‘ലൂസിഫറില്‍ ഞാന്‍ പൂര്‍ണനായും തൃപ്തനായില്ല. ഞങ്ങള്‍ ഈ സിനിമ കൂടുതല്‍ അപ്ഗ്രേഡ് ചെയ്യുകയായിരുന്നു. ബോറടിപ്പിക്കുന്ന ഒരു രംഗം പോലുമില്ലാതെ എന്‍ഗേജിങ്ങായി ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഗോഡ്ഫാദര്‍ നിങ്ങളെയെല്ലാവരേയും തൃപ്തിപ്പെടുത്തും,’ എന്നാണ് ചിരഞ്ജീവി പറഞ്ഞത്.

90 കോടി ബജറ്റിലാണ് ‘ഗോഡ്ഫാദര്‍’ തെലുങ്കില്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം ബജറ്റില്‍ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സല്‍മാന്‍ ഖാന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഗോഡ്ഫാദറിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിരഞ്ജീവിയുടെ മാസും ഫൈറ്റും കോര്‍ത്തിണക്കിയ ട്രെയിലര്‍ ഞൊടിയിട കൊണ്ട് തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു. ലൂസിഫറില്‍ പൊലീസുകാരന്റെ നെഞ്ചില്‍ മോഹന്‍ലാല്‍ ചവിട്ടുന്നൊരു രംഗമുണ്ട്. ഏറെ ശ്രദ്ധനേടിയ ഈ രംഗം ഗോഡ് ഫാദര്‍ തെലുങ്ക് ട്രെയിലറിലും ഉണ്ടായിരുന്നു.

പിന്നാലെ ചിരഞ്ജീവി ചെയ്ത രംഗവും മോഹന്‍ലാല്‍ ചെയ്ത സീനുമായി താരമത്യം ചെയ്ത് സ്‌ക്രീന്‍ ഷോട്ടുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. മോഹന്‍ലാല്‍ ചെയ്തത് പോലെ ചിരഞ്ജീവിക്ക് ഒരിക്കലും ആ സീന്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ ട്രോളുകളിലൂടെ പ്രതികരിച്ചത്.

Content Highlight: Salman Khan confirms Ram Charan’s cameo in dad Chiranjeevi’s Godfather

We use cookies to give you the best possible experience. Learn more