[]തിരുവനന്തപുരം: ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ യുവസാമൂഹ്യ പ്രവര്‍ത്തകന്‍ സല്‍മാനെതിരെയുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്ന് സല്‍മാന്‍ ജസ്റ്റിസ് ഫോറം. കേസ് ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ ജസ്റ്റിസ് ഫോറം ചെയര്‍മാന്‍ ബി.ആര്‍.പി ഭാസ്‌കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തിയേറ്റര്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ദേശീയ ഗാനം ആലപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ കാഴ്ചക്കാര്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രാലം ഇറക്കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന പത്രസമ്മേളനത്തില്‍ പി.പി സത്യന്‍, സജു കൊച്ചേരി എന്നിവര്‍ പങ്കെടുത്തു.
Read this news in English:
Case against Salman legally untenable, says B.R.P. Bhaskar
ഫേസ്ബുക്കില്‍ ദേശീയഗാനത്തെ അവഹേളിച്ചുവെന്ന കേസും നിലനില്‍ക്കുന്നതല്ല. ആ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട കാര്യം ദേശീയ ഗാനമല്ല. മറിച്ച് ” ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല” എന്ന സിനിമാഗാനമാണ്. ഇന്ത്യയിലെ അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തെ മുന്‍നിര്‍ത്തി ഈ ഗാനത്തിന്റെ ഒരു പാരഡി നിര്‍മ്മിക്കുന്നതിനെ ദേശദ്രോഹമായിക്കാണുന്നതെങ്ങനെയാണെന്നും ബി.ആര്‍.പി ഭാസ്‌കര്‍ ചോദിക്കുന്നു.
പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം
സിനിമാ തിയേറ്ററില്‍വെച്ച് ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ സല്‍മാന്‍ കള്ളക്കേസില്‍ കുടുങ്ങുകയായിരുന്നു. ബോധപൂര്‍വ്വം കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണ് സല്‍മാന്റെ പേരിലുള്ളത്.
തിയേറ്ററില്‍ ദേശീയഗാനം പ്ലേ ചെയ്തപ്പോള്‍ എഴുന്നേറ്റില്ല എന്നതാണ് സല്‍മാന്‍ ചെയ്ത ഏക കൃത്യം. തിയേറ്റര്‍ പോലെയുള്ള പൊതു സ്ഥലങ്ങളില്‍ ദേശീയഗാനം ആലപിക്കാന്‍ പാടില്ല എന്നും അങ്ങനെ പാടുകയാണെങ്കില്‍ കാഴ്ചക്കാര്‍ എഴുന്നേല്‍ക്കേണ്ട ആവശ്യം ഇല്ല എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിലിറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു.
1971ലെ ദേശീയ അഭിമാനങ്ങളുടെ നിന്ദാവിരുദ്ധ നിയമത്തില്‍ തന്നെ പറയുന്നത് ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുന്നത് കുറ്റകരമല്ല എന്നാണ്. 2002ല്‍ ബിഹാറില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയഗാനത്തിന് ചിലര്‍ എഴുന്നേറ്റിരുന്നില്ല. ഇതേതുടര്‍ന്ന് പ്രതിപക്ഷം ലാലുപ്രസാദ് യാദവിനും റാബ്രിദേവിക്കുമെതിരെ നല്‍കിയ പരാതിയിലും പ്രതിപക്ഷത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് കോടതി ഇത് വ്യക്തമാക്കുന്നുണ്ട്.
ഇത്തരമൊരവസരത്തിലാണ് സല്‍മാന്‍ ദേശീയഗാനത്തിന് എഴുന്നേറ്റ് നിന്നില്ല എന്ന പരാതി ഉയരുന്നത്. അദ്ദേഹം കൂകി എന്നത് ആരോപിക്കപ്പെടുന്ന കാര്യമാണ്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പലരും ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിന്നിരുന്നില്ല. എന്നാല്‍ ദേശീയഗാനം കഴിഞ്ഞതിനുശേഷം പരാതിക്കാര്‍ വന്ന് സല്‍മാനോട് വഴക്കുണ്ടാക്കുകയായിരുന്നു. അതിനു ശേഷം ഇന്റര്‍വെല്‍ സമയത്തും വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ ഫലമാണ് സല്‍മാന്‍ ദേശീയഗാനം ആലപിക്കപ്പെടുമ്പോള്‍ കൂകി എന്നുള്ള പരാതി.
സല്‍മാനെ പോലീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കൈവിലങ്ങ് വെച്ച് കൊണ്ടുവന്നപ്പോള്‍
സല്‍മാനെതിരെ പോലീസ് ആരോപിക്കുന്ന കാര്യം ഫേസ്ബുക്കില്‍ ദേശീയഗാനത്തെ അവഹേളിച്ചുകൊണ്ട് ആഗസ്റ്റ് 15ന് ഒരു പോസ്റ്റ് ഇട്ടു എന്നാണ്. എന്നാല്‍ ആ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്യം ദേശീയഗാനമല്ല. മറിച്ച് “ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല” എന്ന സിനിമാഗാനമാണ്. 1964ല്‍ പി.ഭാസ്‌കര്‍ സംവിധാനം ചെയ്ത “ആദ്യ കിരണങ്ങള്‍” എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍ തന്നെ രചിച്ച് കെ. രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് പി. സുശീലയും സംഘവും ആലപിച്ചതാണ് ഈ ഗാനം. ഇന്ത്യയിലെ അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തെ മുന്‍നിര്‍ത്തി ഈ ഗാനത്തിന്റെ ഒരു പാരഡി നിര്‍മ്മിക്കുന്നതിനെ ദേശദ്രോഹമായിക്കാണുന്നതെങ്ങനെയാണ്?
സല്‍മാന്‍ തന്നെ പ്രസ്തുത പോസ്റ്റില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ മാത്രമല്ല എല്ലാ ദേശരാഷ്ട്രങ്ങളും ഹിംസയിലൂടെയും ആധിപത്യത്തിലൂടെയും നുണകളിലൂടെയുമാണ് ജന്മം കൊണ്ടിട്ടുള്ളത്. ഇത്തരത്തില്‍ രാഷ്ട്രീയപരമായ വിശദീകരണത്തോടുകൂടിയ ഒരു പാരഡിയെ രാഷ്ട്രീയ വിമര്‍ശനമായി കാണുന്നതിനു പകരം ദേശീയഗാനത്തെ അവഹേളിച്ചുവെന്നും രാജ്യദ്രോഹമെന്നും മുദ്രചാര്‍ത്തുന്നതും നല്ല ഉദ്ദേശത്തോടെയല്ല എന്നാണ് വ്യക്തമാക്കുന്നത്. സല്‍മാന്‍ എന്ന പേരിലെ മുസ്ലീം ധ്വനി തന്നെയാണ് സല്‍മാനെ ദേശദ്രോഹിയായി മുദ്രചാര്‍ത്താനുള്ള കാരണം എന്ന് സംശയിക്കാന്‍ ന്യായമുണ്ട്.
ഇന്ത്യയിലെ ന്യൂന ദേശീയതകളും ദളിതരും ആദിവാസികളും ന്യൂനപക്ഷ സമുദായങ്ങളും തൊഴിലാളികളും ഒന്നും സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല എന്ന രാഷ്ട്രീയ വിമര്‍ശനം കാലങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ മുന്നോട്ട് വെയ്ക്കുന്ന ഒന്നാണ്. അത്തരമൊരു സ്വാതന്ത്ര്യം തങ്ങള്‍ക്ക് കിട്ടാത്തിടത്തോളം ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഒരു പിടി സമ്പന്ന സവര്‍ണ വിഭാഗങ്ങളുടെ മാത്രം സ്വാതന്ത്ര്യമാണെന്നത് എല്ലാരും ആവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ ക്ലീഷെ കൂടിയാണ്. അതിന്റെ പ്രകടനം മാത്രമാണ് പ്രസ്തുത ഗാനം. ഇത്തരം ഗാനങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ ഇക്കാലത്ത് ഒറ്റപ്പെട്ടതല്ല.
അടുത്ത പേജില്‍ തുടരുന്നു
“ഒച്ച” സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കൂടംകുളം ആണവനിലയ വിരുദ്ധ പ്രകടനത്തില്‍ സല്‍മാന്‍. സല്‍മാനുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വന്ന യുവ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് “ഒച്ച”.
ഇതിനേക്കാള്‍ ഭീകരമായ വാക്കുകളാണ് സല്‍മാനെ സോഷ്യല്‍ “നെറ്റ്‌വര്‍ക്കുകളില്‍ വിമര്‍ശിക്കുന്നവര്‍” ഉന്നയിച്ചിട്ടുള്ളത്. സല്‍മാനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്നുവരെ ഉയര്‍ന്നിട്ടും സല്‍മാന്‍ നടത്തിയ നിര്‍ദ്ദോഷകരമായ വിമര്‍ശനത്തെ രാജ്യദ്രോഹമെന്ന് മുദ്രകുത്തുന്നത് സ്വതന്ത്രജനാധിപത്യ ഇന്ത്യ എന്ന് ഉദ്‌ഘോഷിക്കുന്ന നമ്മള്‍ക്ക് ഭൂഷണമാണോ? രാഷ്ട്രീയ പ്രബുദ്ധത നേടി എന്നഹങ്കരിക്കുന്ന കേരളീയര്‍ക്ക് ഒരു ചെറുപ്പക്കാരന്റെ വിമര്‍ശനത്തെ താങ്ങാനുള്ള ത്രാണിയില്ലെന്നാണോ?
വാസ്തവത്തില്‍ ദേശീയഗാനത്തെ നിന്ദിച്ചത് തീയേറ്റര്‍ തന്നെയാണ്. എല്ലാ വിധ ജനവിഭാഗങ്ങളും ഒത്തു ചേരുന്ന ഒരു പൊതുസ്ഥലത്ത് ദേശീയഗാനം അനവസരത്തില്‍ ആലപിക്കുന്ന പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഇത്തരത്തില്‍ ചൊല്ലുന്നത് നിയമപരമായി തന്നെ തെറ്റുമാണ്. ബിജോ ഇമാനുവല്‍ കേസില്‍ സുപ്രീം കോടതി തന്നെ യഹോവാ സാക്ഷികള്‍ എന്ന മതവിഭാഗത്തിലെ കുട്ടികള്‍ ദേശീയ ഗാനം ആലപിക്കാത്തത് തെറ്റല്ല, അത് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമാണ് എന്നാണ് വ്യക്തമാക്കിയത്. ഒരാളുടെ മതവിശ്വാസത്തെ സംരക്ഷിക്കുക എന്നത് ഇന്ത്യന്‍ ഭരണഘടന തന്നെ നല്‍കുന്ന മൗലികാവകാശമാണ്. ഇത്തരത്തിലുള്ള എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന സിനിമാ തീയേറ്ററില്‍ ദേശീയഗാനം വെയ്ക്കുന്നത് വാസ്തവത്തില്‍ ബഹുസ്വരതയെ തകര്‍ക്കുന്നതും മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതും കൂടിയാണ്.
മാത്രവുമല്ല പാനിപ്പത്തില്‍ 2011 നവംബറില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുമ്പായി ദേശീയ ഗാനം പ്രദര്‍ശിപ്പിക്കുന്ന രീതി നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാ ഭരണാധികാരികള്‍ ഉത്തരവു നല്‍കുകയും ചെയ്തു. അന്നത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കിയത്, “ദേശീയ ഗാനം പാടുകയും പ്ലേചെയ്യുകയും ചെയ്യേണ്ട നിയമങ്ങള്‍ക്ക് വിരുദ്ധമാണ് സിനിമാ ഹാളില്‍ ദേശീയഗാനം വെയ്ക്കുന്നത്” എന്നാണ്.
ഇപ്പോള്‍ കേരളത്തിലെ തീയേറ്ററുകളില്‍ പ്ലേ ചെയ്യുന്ന ദേശീയഗാനം തന്നെ വാസ്തവത്തില്‍ ദേശീയഗാനം എന്നതിന്റെ നിര്‍വ്വചനങ്ങളില്‍ പോലും വരുന്നതല്ല. അത് കലാപരമായ ഒരു സൃഷ്ടി മാത്രമാണ്. കാരണം ഓര്‍ക്കസ്ട്രയോടുകൂടിയുള്ള ദേശീയഗാനം പ്രസിഡന്റുകൂടി പങ്കെടുക്കുന്ന സെറിമോണിയല്‍ പരിപാടികളില്‍ വേണം ആലപിക്കാന്‍. ഇപ്പോള്‍ പ്ലേ ചെയ്യുന്നത് ചിത്രീകണത്തോടുകൂടിയ ഓര്‍ക്കസ്ട്രല്‍ ചിത്രീകരണമാണ്. ചിലയിടത്ത് യുടൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുത്ത വീഡിയോ ദൃശ്യങ്ങളും. ഇതിനെ ദേശീയഗാനമെന്ന് കണക്കാക്കാന്‍ പറ്റില്ല എന്ന് നിയമം തന്നെ അനുശാസിക്കുന്ന കാര്യമാണ്.
തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം നടന്ന ഫിലിം ഫെസ്റ്റിവലില്‍ ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെതിരെ നടന്ന സാംകാരിക പ്രവര്‍ത്തകരുടെ പ്രതിഷേധപരിപാടിയില്‍ സല്‍മാന്‍.
എന്നിട്ടും സല്‍മാനെ ഒരു തീവ്രവാദിയെ പോലെ വേട്ടയാടിയത് കടുത്ത മനുഷ്യാവകാശലംഘനം തന്നെയാണ്. സല്‍മാന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ വീട്ടുകാരോ വിഷമിച്ചതല്ലാതെ എതിര്‍പ്പ് പറഞ്ഞില്ല. എന്നിട്ടും സല്‍മാനെ കൈവിലങ്ങണിയിച്ചാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരെ പോലീസ് കൊണ്ടുവന്നത്. കൈവിലങ്ങിനുപോലും കര്‍ശനമായ നിയമ നിയന്ത്രണങ്ങളുള്ള ഒരു രാജ്യത്ത് ഒരു സാമൂഹ്യപ്രവര്‍ത്തകനെ ഇത്തരത്തില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് കൈവിലങ്ങ് അണിയിച്ച് നമ്മുടെ മുമ്പില്‍ കൊണ്ടുവന്നിട്ടും നമ്മുടെ മനസാക്ഷിക്ക് വേദനിച്ചില്ല എന്നത് ഞെട്ടിക്കുന്നതാണ്. മാത്രവുമല്ല അന്ന് രാത്രി വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ അദ്ദേഹത്തെ കൊണ്ടുപോവുകയും മാതാപിതാക്കള്‍ക്ക് സല്‍മാനെ കാണാനോ സംസാരിക്കാനോ പോലും അനുവദിക്കുകയും പോലീസ് ചെയ്തിരുന്നില്ല. അറസ്റ്റ് ചെയ്യുന്നതിനുള്ള നിബന്ധനകള്‍പോലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് പാലിച്ചിരുന്നില്ല. കൂടാതെ മനുഷ്യത്വ രഹിതമായി ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66 എ എന്നിവ ചാര്‍ജ്ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജനകീയ സമരമുഖങ്ങളിലും പങ്കെടുക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഫിലോസഫി വിദ്യാര്‍ത്ഥിയായ സല്‍മാന്‍. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചുിട്ടുള്ള ഒരു വ്യക്തിത്വമാണ് അദ്ദേഹം. വധശിക്ഷാവിരുദ്ധ സമരമുള്‍പ്പെടെയുള്ളവയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം നമുക്ക് കാണാവുന്നതാണ്. തിരുവനന്തപുരത്ത് നടക്കുന്ന ജനകീയ സമരങ്ങളില്‍ അദ്ദേഹത്തിന്റ നിലപാടുകള്‍ വളരെ പ്രധാനപ്പെട്ടവയാണ്. എല്ലാ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സല്‍മാന്‍ സുപരിചിതനാണ്. മാത്രവുമല്ല ഇന്നുവരെയും അദ്ദേഹിത്തിന്റെ പേരില്‍ ഒരു പെറ്റീ കേസുപോലും ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുമില്ല.
ഒരു പൊളിറ്റിക്‌സ്-ഫിലോസഫി വിദ്യാര്‍ത്ഥി നടത്തുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ നമ്മുടെ രാഷ്ട്രീയ സംവാദങ്ങളെ സംപുഷ്ടമാക്കുകയാണ് ചെയ്യുന്നത്. ഇത്തരം വൈപുല്യമുള്ള ചിന്തകളെ മുളയിലേ നുള്ളിക്കളയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഇത് ഇന്ത്യയില്‍ പോലീസ് രാജ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മാത്രമാണ്.
ഇപ്പോള്‍ സല്‍മാനെ മാത്രമല്ല, അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും പോലീസ് വിടാതെ വേട്ടയാടുകയാണ്. സല്‍മാനുമായി ബന്ധമുള്ളവരെയൊക്കെ ഇത്തരത്തില്‍ പോലീസ് പീഡിപ്പിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ സല്‍മാനൊപ്പം ആരും നില്‍ക്കരുതെന്ന് ഭീഷണിപ്പെടുത്താനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയൊക്കെ കള്ളക്കേസില്‍ പെടുത്താനുമുള്ള പോലീസിന്റെ കളികളാണ്. ഇത്തരം ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് സമീപനങ്ങളോട് വിട്ടുവീഴ്ച്ചയില്ലാതെ സമരം ചെയ്തുമാത്രമേ നമ്മുടെ ജനാധിപത്യ അവകാശം സംരക്ഷിക്കാനാവു. സല്‍മാനെ നിരുപാധികം വെറുതെ വിടുക, അദ്ദേഹത്തിന് നീതി ലഭിക്കുക എന്നത് ഏതൊരു ജനാധിപത്യവിശ്വാസിയുടെയും പ്രാഥമിക ദൗത്യമാണ്.