ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസ്: സല്‍മാനെ അറസ്റ്റ് ചെയ്തിട്ട് ഒരു മാസം പിന്നിടുന്നു
Daily News
ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസ്: സല്‍മാനെ അറസ്റ്റ് ചെയ്തിട്ട് ഒരു മാസം പിന്നിടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2014, 4:27 pm

salman[]കോഴിക്കോട്: ദേശീയഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് വിദ്യാര്‍ത്ഥിയും യുവസാമൂഹ്യപ്രവര്‍ത്തകനുമായ സല്‍മാനെ അറസ്റ്റ് ചെയ്തിട്ട് ഒരുമാസം ആകുന്നു. കേസില്‍ സല്‍മാന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ സല്‍മാന്‍ ഇപ്പോഴും വിചാരണ തടവുകാരനാണ്. സല്‍മാന്റെ മോചനത്തിനുള്ള പോരാട്ടത്തിലാണ് മനുഷ്യാവകാശ പൗരാവകാശ പ്രവര്‍ത്തകര്‍.

കഴിഞ്ഞമാസം 18 ന് നിള തീയറ്ററില്‍ സിനിമ കാണനെത്തിയ സല്‍മാനും കൂട്ടരും ദേശീയ ഗാനമാലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാണ് ആരോപണം. തീയറ്ററിലുണ്ടായിരുന്ന മുന്‍പരിചയക്കാരായ ചിലര്‍ ഇത് പ്രശ്‌നമാക്കിയപ്പോള്‍ സല്‍മാനും കൂട്ടരും കൂവിയെന്നും പറയുന്നു. 19 ന് അര്‍ധരാത്രിയോടെ തമ്പാനൂര്‍ സി.ഐ റഫീഖും സംഘവും വീട്ടില്‍ നിന്ന് സല്‍മാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെ നവ മാധ്യമങ്ങളിലും ആനുകാലികങ്ങളിലുമെല്ലാം സല്‍മാന്‍ ഇന്ന് ചര്‍ച്ചാ വിഷയമാണ്. നിരവധി പ്രതിഷേധങ്ങളും ജസ്റ്റിസ് ഫോര്‍ സല്‍മാന്‍ വേദിയും രൂപീകരിക്കപ്പെട്ടു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സല്‍മാനെ പിന്തുണക്കുന്നവര്‍. ഇവരില്‍ ഒരാള്‍ ദേശീയപതാകയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയെന്നും പരാതിയുണ്ട്.

ഐ.പി.സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കല്‍ തുടങ്ങിയ വകുപ്പുകളിലൂടെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് സല്‍മാനെതിരെ കേസെടുത്തിരിക്കുന്നത്. സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം സെഷന്‍ കോടതി കൊലപാതകത്തെക്കാള്‍ ഗുരുതരമായ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന നിരീക്ഷണമാണ് നടത്തിയത്.

സല്‍മാനെതിരായ പൊലീസ് നടപടി നിരവധി ചോദ്യങ്ങളാണ് പൊതുസമൂഹത്തില്‍ ഉയര്‍ത്തിയത്. ദേശീയഗാനം ആലപിക്കേണ്ട സന്ദര്‍ഭങ്ങളെക്കുറിച്ചും ഈ സംഭവത്തോടെ ചര്‍ച്ച നടന്നു. സല്‍മാന്റെ അറസ്റ്റിനെതിരെ ആനംസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ രംഗത്തുവന്നിരുന്നു. സല്‍മാന്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കാലഹരണപ്പെട്ട രാജ്യദ്രോഹനിയമങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുളളവര്‍ രംഗത്തുവരികയും ചെയ്തിരുന്നു.