ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് തടി കുറയ്ക്കണമെന്നും ഫിറ്റ്‌നെസ്സില്‍ കാര്യമായി ശ്രദ്ധിക്കണമെന്നും മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. തടി കാരണം കളിക്കാന്‍ ഉദ്ദേശിക്കുന്ന ഷോട്ട് അല്ല താരം കളിക്കുന്നതെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അനാവശ്യ ഷോട്ട് കളിച്ചായിരുന്നു പന്ത് പുറത്തായത്. 45 പന്തില്‍ നിന്നും 46 റണ്‍സ് നേടി മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയായിരുന്നു പന്തിന്റെ പുറത്താവല്‍. ഈ സാഹചര്യത്തിലാണ് പന്തിന് ഉപദേശവുമായി ബട്ട് എത്തിയിരിക്കുന്നത്.
പന്ത് അടിയന്തരമായി ഭാരം കുറയ്ക്കണമെന്നും അല്ലാത്ത പക്ഷം മികച്ച ഷോട്ടുകളൊന്നും തന്നെ കളിക്കാന്‍ താരത്തിന് സാധിക്കില്ലെന്നുമാണ് ബട്ട് പറയുന്നത്.
‘റിഷബ് പന്തിന് കളിക്കാന്‍ ഇഷ്ടമുള്ള രീതിയില്‍ തന്നെയാണ് അവന്‍ കളിക്കുന്നത്. എന്നാല്‍ പുതിയൊരു ഷോട്ട് കളിക്കാന്‍ മുതിര്‍ന്ന് അവന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഞാന്‍ അവന്റെ ഫിറ്റ്‌നെസ്സിനെ കുറിച്ച് എപ്പോഴും പറയാറുള്ളതാണ്.
തടി കുറച്ചാല്‍ മാത്രമേ ഇന്നോവേറ്റീവായ പല ഷോട്ടുകളും അവന് കളിക്കാന്‍ സാധിക്കുകയുള്ളൂ. അമിതഭാരമുള്ളതിനാല്‍ തന്നെ അവന് ചുറുചുറുക്കോടെ കളിക്കാന്‍ സാധിക്കുന്നില്ല. ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ അവന് പിറകിലാണ്,’ ബട്ട് പറയുന്നു.
ആദ്യ ഇന്നിങ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 258 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ ഔട്ടായ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 42 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 119 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
ആദ്യ ടെസ്റ്റ് വിജയിക്കാന്‍ ഇനി 394 റണ്‍സാണ് ബംഗ്ലാദേശിന് ആവശ്യമായുള്ളത്. 143 പന്തില്‍ നിന്നും 64 റണ്‍സുമായി നജ്മുല്‍ ഹുസൈന്‍ ഷാന്റോയും 109 പന്തില്‍ നിന്നും 55 റണ്‍സുമായി സക്കീര്‍ ഹസനുമാണ് ബംഗ്ലാദേശിനായി ക്രീസില്‍.