ഇന്ത്യ ആ കാര്യത്തിന് ശ്രമിക്കുന്നതാണ് ഏറ്റവും വലിയ കാര്യം, ഇവിടെയുമുണ്ട് ഒരു ടീം, അതിനൊന്നും ഒരു വിലയും കൊടുക്കില്ല; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍
സിംബാബ്‌വേ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ കോച്ചായി വി.വി.എസ് ലക്ഷമണിനെ തെരഞ്ഞെടുത്തിരുന്നു. പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയില്‍ യുവതാരങ്ങള്‍ക്കാണ് അവസരം നല്‍കിയിരിക്കുന്നത്.
പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതോടൊപ്പം ടീമിന്റെ പ്രധാന കോച്ചായ രാഹുല്‍ ദ്രാവിഡിനും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ നായകനായിരുന്ന സല്‍മാന്‍ ബട്ട്.
ഇന്ത്യന്‍ ടീം ഹ്യൂമന്‍ ഡെവലപ്‌മെന്റിനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ റൊട്ടേഷന്‍ പോളിസിയെ കുറിച്ചും ബട്ട് സംസാരിച്ചിരുന്നു.
‘കെ.എല്‍. രാഹുല്‍ നേരത്തെയും ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതൊരു നല്ല കാര്യമാണ്. റൊട്ടേഷന്‍ നയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. അവര്‍ തങ്ങളുടെ സീനിയര്‍ കളിക്കാരെ പല അവസരങ്ങളിലും വിശ്രമിക്കാന്‍ അനുവദിക്കുന്നു. യുവ താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനും അവര്‍ക്ക് സാധിക്കുന്നു. ചില സമയങ്ങളില്‍, ഇത് ബുദ്ധിമുട്ടുള്ള ഒരു തെരഞ്ഞെടുപ്പായി മാറുന്നു. എന്നാല്‍ ഇത് ആരോഗ്യകരമായ കാര്യമാണ്.
‘അവരുടെ സ്റ്റാഫ് പോലും എന്‍.സി.എയില്‍ നിന്നുള്ളവരായിരിക്കും. ദ്രാവിഡ് വിശ്രമിച്ചുകൊണ്ട് ലക്ഷ്മണ്‍ ടീമിനെ പരിശീലിപ്പിക്കുന്നത് നല്ലകാര്യമാണ്. ഇതിലൂടെ അവര്‍ മാനുഷിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഹ്യൂമന്‍ റിസോഴ്‌സ് വര്‍ധിപ്പിക്കുന്നു. അവര്‍ അത് വിപുലീകരിക്കാന്‍ ശ്രമിക്കുന്നു, ഇത് ഒരു നല്ല കാര്യമാണ്,’ ബട്ട് പറഞ്ഞു.
എന്നാല്‍ പാകിസ്ഥാന്‍ ഹ്യൂമന്‍ റിസോഴ്‌സ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ബട്ട് പറയുന്നത്. പാകിസ്ഥാന് മികച്ച ലോക്കല്‍ കോച്ചുകളൊന്നുമില്ലെന്നും അതിനാല്‍ വിദേശ കോച്ചുകളെ ടീമിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ആരെങ്കിലും വിശ്രമമിക്കാന്‍ അനുവദിച്ച് മറ്റൊരാള്‍ ടീമിലെത്തുകയും ചെയ്തുകഴിഞ്ഞ്, നിങ്ങള്‍ മുമ്പത്തെ ആളോട് വിശ്രമം തുടരാന്‍ പറയുന്നിടത്താണ് അരക്ഷിതാവസ്ഥ സംഭവിക്കുന്നത്. അത് ഇന്ത്യന്‍ ടീമില്‍ കാണുന്നില്ല. പാകിസ്ഥാനില്‍ ഞങ്ങള്‍ ആളുകളെ പ്രാപ്തരാക്കുന്നില്ല. പകരം, നമ്മുടെ വ്യവസ്ഥിതിയെ ചുരുക്കിയിരിക്കുകയാണ്.
‘പാകിസ്ഥാന്റെ പരിശീലകനായി അയക്കാന്‍ കഴിയുന്ന ആരെങ്കിലും ഒരാള്‍ നമ്മുടെ ആറ് ഡൊമസ്റ്റിക്ക് ടീമുകളില്‍ ഉണ്ടോ? നമ്മള്‍ എപ്പോഴെങ്കിലും അത്തരമൊരു നടപടി സ്വീകരിക്കുമോ? ഡൊമസ്റ്റിക്ക് സെറ്റപ്പിന് പോലും വിദേശത്ത് നിന്ന് കോച്ചുകളെ കൊണ്ടുവരുന്നതിനാണ് പാകിസ്ഥാന്‍ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ബട്ട് കൂട്ടിച്ചേര്‍ത്തു.