| Tuesday, 25th July 2023, 9:01 pm

ക്യാപ്റ്റന്‍മാരുടെ ചര്‍ച്ചയില്‍ ധോണിയെ എങ്ങനെ ഒഴിവാക്കും? ബാബറിനെ പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് ബട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയ കഴിഞ്ഞ ദിവസം പുറത്തുവിട്ട ലോകകപ്പ് പ്രൊമോ വീഡിയോയില്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ ഉള്‍പ്പെടുത്താതില്‍ നിരാശ പങ്കുവെച്ച് മുന്‍ പാക് നായകനായ സല്‍മാന്‍ ബട്ട്.

ബാബറിന്റെ ആരാധകരുടെ പൊട്ടിത്തെറികള്‍ ന്യായമുള്ളതാണെന്നും ബാബറിനെ പോലൊരു താരത്തെ പരസ്യത്തില്‍ നിന്നും പുറത്തിരുത്തുന്നത് ഫെയര്‍ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിക്കറ്റിലെ ബെസ്റ്റ് ക്യാപ്റ്റന്‍മാരെ കുറിച്ച് സംസാരിക്കുന്നതിനടയില്‍ ഇമ്രാന്‍ ഖാനെയും എം.എസ്. ധോണിയേയും മാറ്റി നിര്‍ത്തുന്നത് പോലെയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വാദം.

തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതൊരു വലിയ കാര്യമല്ല. ഒരു പ്രൊമോയില്‍ ഇരിക്കാന്‍ ബാബര്‍ മരിച്ച് ആഗ്രഹിക്കുന്നുണ്ടാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഇതില്‍ തൃപ്തരല്ല, അവരുടെ ദേഷ്യം ന്യായമാണ്. ഇത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററിനെക്കുറിച്ച് പറയുകയും നൂറ് സെഞ്ച്വറികളുള്ള ഒരാളെ കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നതുപോലെയാണ്, അല്ലെങ്കില്‍ മികച്ച ക്യാപ്റ്റന്മാരെ കുറിച്ച് ചര്‍ച്ച ചെയ്ത് എം.എസ്. ധോണിയെയും ഇയാന്‍ ചാപ്പലിനെയും ഇമ്രാന്‍ ഖാനെയും മറക്കുന്നതുപോലെയാണ്. തികച്ചും പക്ഷാപാതമായി്ട്ട് മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ,’ ബട്ട് പറഞ്ഞു.

ഷഹീന്‍ അഫ്രിദിയുടെ ആഘോഷത്തിന്റെ ഒരു ചെറിയ ക്ലിപ്പ് ഒഴികെ, പാകിസ്ഥാന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ മറ്റൊന്നും പ്രൊമോയില്‍ ഉണ്ടായിരുന്നില്ല. ഷദാബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍ എന്നീ പാക് താരങ്ങളും വീഡിയോയില്‍ ഇടംപിടിച്ചിരുന്നു, എന്നാല്‍ അത് അവര്‍ പുറത്താകുകയോ റണ്‍സ് വിട്ടുനല്‍ക്കുന്നതായോ ഉള്ള ക്ലിപ്പുകളായിരുന്നു.

ബാബര്‍ അസമിനെ ഒഴിവാക്കിയത് നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായിരിക്കാമെന്നും ഇത് അറിയാതെ പറ്റിയ ഒരു തെറ്റല്ലെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു. പാകിസ്ഥാനെതിരെ അന്യായമായ പെരുമാറ്റം ലഭിക്കുന്നത് പുതിയ കാര്യമല്ലെന്നും ഇത് കുറച്ച് കാലമായി നടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അവര്‍ അവനെ മറന്നതല്ല. കുറേ നാളായി നടക്കുന്ന കാര്യമാണിത്. ഇക്കാര്യമൊക്കെ മറക്കാന്‍ പോന്ന കുട്ടിയല്ല പ്രൊമോ ഉണ്ടാക്കിയത്. ഇത് ഈ പ്രൊമോ ഉണ്ടാക്കിയവരുടെ മനസ്സ് കാണിക്കുന്നു. ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ പ്രൊമോയില്‍ നിന്നും മാഞ്ഞ് പോയാല്‍ അത് നിങ്ങളുടെ സ്‌റ്റേറ്റ് ഓഫ് മൈന്‍ഡിനെയാണ് കാണിക്കുന്നത്,’ ബട്ട് കൂട്ടിച്ചേര്‍ത്തു.

Content Highlight: Salman Butt Slams ICC not Including Babar Azam

We use cookies to give you the best possible experience. Learn more