| Tuesday, 26th July 2022, 8:31 am

അദ്ദേഹത്തിന് മികച്ച കഴിവുണ്ട്,അതുകൊണ്ട് വലിയ സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്; ഇന്ത്യന്‍ യുവ ബാറ്ററെ പുകഴ്ത്തി മുന്‍ പാക് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ടാലെന്റുകളുടെ അതിപ്രസരമാണ്. എല്ലാ പൊസിഷനിലും ഒരോ മികച്ച കളിക്കാരുള്ള ടീമില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളു.

അടുത്ത തലമുറയിലെ പ്രധാന താരമെന്ന് അറിയപ്പെടുന്ന കളിക്കാരനാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. തന്റെ കഴിവ് കൊണ്ടും മികച്ച സ്റ്റ്രോക്ക് പ്ലെയിങ് കൊണ്ടും ആരാധകരെയും ക്രിക്കറ്റ് അനലിസ്റ്റുകളുടെയും നോട്ടം പിടിച്ചുവാങ്ങിയ താരമാണ് അദ്ദേഹം.

ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം ടീമില്‍ ഓപ്പണിങ് പൊസിഷനില്‍ പരിഗണിക്കപ്പെടാറുണ്ട്. എന്നാല്‍ രണ്ട്
ടീമിലും അദ്ദേഹം സ്ഥിരാംഗമല്ല. കിട്ടുന്ന അവസരത്തില്‍ മോശമല്ലാത്ത മികച്ച പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കാറുണ്ട്. പക്ഷെ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ടാലെന്റുണ്ടായിട്ടും ഗില്‍ തന്റെ വിക്കറ്റ് വലിച്ചെറിയുകയാണെന്നാണ് മുന്‍ പാകിസ്ഥാന്‍ നായകനായിരുന്ന സല്‍മാന്‍ ഭട്ടിന്റെ അഭിപ്രായം. നന്നായി കളിച്ചുതുടങ്ങിയാല്‍ വലിയ സ്‌കോറിലേക്ക് മാറ്റാന്‍ ഗില്‍ ശ്രമിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

‘ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്‌തെങ്കിലും മികച്ച തുടക്കം ലഭിച്ചതിന് ശേഷം ഒരിക്കല്‍ കൂടി തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. നന്നായി കളിക്കുമ്പോള്‍, അവന്‍ വളരെ കഴിവുള്ളവനായതിനാല്‍ സ്‌കോറുകള്‍ വലുതാക്കി മാറ്റേണ്ടതുണ്ട്,’ സല്‍മാന്‍ ഭട്ട് പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍ ഭട്ട്.

വിന്‍ഡീസിനെതിരെയുളള ആദ്യ മത്സരത്തില്‍ 54 പന്ത് നേരിട്ട് 64 റണ്‍സെടുക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. രണ്ടാം മത്സരത്തിലും മികച്ച തുടക്കം ലഭിച്ചിട്ട് അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 49 പന്തില്‍ 43 റണ്‍സാണ് അദ്ദേഹം നേടിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് മത്സരത്തിലും പരാജയപ്പെട്ട സൂര്യകുമാര്‍ യാദവിനെ പിന്തുണക്കാനും സല്‍മാന്‍ ഭട്ട് ശ്രമിച്ചു.

‘കഴിഞ്ഞ രണ്ട് പരമ്പരകളിലും സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം കാഴ്ചവച്ചു, വെസ്റ്റ് ഇന്‍ഡീസിലെ രണ്ട് മത്സരങ്ങളില്‍ കുറഞ്ഞ സ്‌കോറില്‍ പുറത്തായെങ്കിലും അദ്ദേഹത്തെ ഇന്ത്യന്‍ ടീം പിന്തുണയ്ക്കണം,’ ഭട്ട് കൂട്ടിച്ചേര്‍ത്തു.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 2-0 എന്ന നിലയില്‍ മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. ചൊവ്വാഴ്ച്ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം.

Content Highlights: Salman Butt says Shubhman Gill needs to score big to prove his talent

We use cookies to give you the best possible experience. Learn more