| Sunday, 30th July 2023, 8:07 pm

രോഹിത്തിനെയും കോഹ്‌ലിയെയും താഴെ ഇറക്കണം; അവനെ കൊണ്ട് വരണം; ഇന്ത്യക്ക് ഉപദേശവുമായി പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. സ്വന്തം നാട്ടില്‍ വെച്ച് നടക്കുന്ന ലോകകപ്പായതുകൊണ്ട് തന്നെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഐ.സി.സി ട്രോഫി സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. എന്നാല്‍ സമീപകാലത്തുള്ള ടീമിന്റെ പ്രകടനവും ടീം കോമ്പിനേഷനും ആരാധകരുടെ പ്രതീക്ഷ കളയുന്നതാണ്.

നിലവില്‍ നടക്കുന്ന വിന്‍ഡീസ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ അമ്പേ പരാജയപ്പെട്ടിരുന്നു. മാറി മാറിയുള്ള ബാറ്റിങ് ഓര്‍ഡറുകളും സീനിയര്‍ താരങ്ങള്‍ക്ക് വെറുതെ നല്‍കുന്ന വിശ്രമങ്ങളുമാണ് ടീമിന് അനാവശ്യമായ ഭാരമുണ്ടാക്കുന്നത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയോടൊപ്പം ആര് കളിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ശുഭ്മന്‍ ഗില്ലും, ഇഷാന്‍ കിഷനുമാണ് ഓപ്പണിങ് സ്ഥാനത്തിനായി മത്സരിക്കുന്ന യുവതാരങ്ങള്‍.

എന്നാല്‍ ഇന്ത്യ ശിഖര്‍ ധവാനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണമെന്ന ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്.

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഏകദിന ബാറ്റര്‍മാരില്‍ ഒരാളാണ് ധവാന്‍. വര്‍ഷങ്ങളായി ടീമിനായി, പ്രത്യേകിച്ച് ഐ.സി.സി ഇവന്റുകളില്‍ അദ്ദേഹം മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ പ്ലാനിന്റെ ഭാഗമല്ല. കൂടാതെ ഏകദിനത്തില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ശുഭ്മന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിലാണ് ധവാന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

2010-കളില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ സീനിയേഴ്സിന്റെ അഭാവത്തില്‍ മുന്നേറിയപ്പോള്‍ ഏകദിനത്തില്‍ നിലയുറപ്പിക്കുന്നതില്‍ നിലവിലെ കളിക്കാര്‍ പരാജയപ്പെടുന്നുവെന്നും ധവാനെ ടീമില്‍ തിരിച്ചെത്തിക്കണമെന്നും ബട്ട് പറഞ്ഞു. രോഹിത്തിന്റെയുെ വിരാടിന്റെയും അഭാവത്തില്‍ വിന്‍ഡീസിനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ഇന്ത്യ തോറ്റതിന് ശേ്ഷമാണ് ബട്ട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വ്യക്തമായി പറയുകയാണെങ്കില്‍, വിരാട് കോഹ്ലിയും രോഹിത് ശര്‍മയും കളിച്ചില്ല, അതിനാല്‍ എല്ലാവരും ഒന്ന് പതറിയിരുന്നു. ഇരുവരുടെയും സാന്നിധ്യം ഇന്ത്യക്ക് നഷ്ടമായി. നേരത്തെ, ധോണിയും മറ്റ് പ്രധാന താരങ്ങളും വിശ്രമിക്കുമ്പോള്‍, സുരേഷ് റെയ്നയോ ഗൗതം ഗംഭീറോ യുവരാജ് സിങ്ങോ ബാറ്റിങ് കൈകാര്യം ചെയ്യുമായിരുന്നു. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ നിലയുറപ്പിക്കാന്‍ നിലവിലെ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ലോകകപ്പിന് മുമ്പ് അവര്‍ അത് പരിഹരിക്കേണ്ടതുണ്ട്,’ ബട്ട് പറഞ്ഞു.

ഇന്ത്യയുടെ ഏകദിന ഇലവനില്‍ ധവാനെ ഉള്‍പ്പെടുത്തുന്നതിനെയും ബട്ട് പിന്തുണച്ചു, ഇന്ത്യന്‍ ക്യാപ്റ്റന്‍ മൂന്നാമതും വിരാട് നാലമതും ബാറ്റ് ചെയ്യാന്‍ ബട്ട് ഉപദേശിച്ചു.

”ഏകദിന മത്സരങ്ങള്‍ കളിക്കുന്ന രീതിയില്‍, പുതിയ കളിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ശിഖര്‍ ധവാനെയും ശുഭ്മന്‍ ഗില്ലിനെയും ഓപ്പണിങ് ഇറക്കാം, രോഹിത് ശര്‍മയെ മൂന്നാമതും വിരാടിനെ നാലാമതും ഇന്ത്യക്ക് ഇറക്കാം. ഇതിന് ശേഷം നിങ്ങള്‍ക്ക് സൂര്യകുമാര്‍ കെ.എല്‍. രാഹുല്‍ എന്നീ കളിക്കാരെയും ഉപയോഗിക്കാം. ഈ ടീമില്‍ ഓപ്പണിങ് റോളില്‍ കളിക്കുന്ന 3-4 കളിക്കാര്‍ ഉണ്ട്, എന്നാല്‍ അവര്‍ സ്ഥാനം ഇറങ്ങി കളിച്ചാല്‍ ഔട്ട്പുട്ട് സമാനമായിരിക്കില്ല,” ബട്ട് കൂട്ടിച്ചേര്‍ത്തു.

Content Highlight: Salman Butt Says India should Bring Shikhar Dhawan Back In opening

We use cookies to give you the best possible experience. Learn more