പാകിസ്ഥാൻ സ്പിന്നർ ഷദാബ് ഖാൻ എപ്പോഴൊക്കെയാണ് ആത്മവിശ്വാസത്തോടെ കാണാൻ കഴിയുന്നതെന്ന് തനിക്കറിയില്ലെന്ന് മുൻ പാക് നായകൻ സൽമാൻ ബട്ട്. ഇന്ത്യൻ നായകൻ രോഹിത് ശർമക്കെതിരെ ഷദാബ് നിറം മങ്ങിയ സാഹചര്യത്തിലാണ് മുൻ പാക് നായകന്റെ പ്രതികരണം.
‘ഷദാബ് ഖാനെ എപ്പോൾ ആത്മവിശ്വാസത്തോടെ കാണുമെന്ന് എനിക്കറിയില്ല. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നിലയുറപ്പിക്കാൻ സാധിക്കാതിരുന്ന രോഹിതിന്റെ വിക്കറ്റ് നേരത്തേ എടുക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഷദാബ് രോഹിത്തിനെതിരെ ഷോട്ട് ബോളുകളും ഫുൾ ടോസുകളും എറിഞ്ഞു. എന്നാൽ രോഹിത് ക്രീസിൽ നില ഉറപ്പിക്കാൻ ആഗ്രഹിച്ചതുപോലെയായിരുന്നു. സിക്സർ അടിക്കാനുള്ള ഒരു അവസരവും നൽകാതിരിക്കാനാണ് അവൻ ശ്രമിച്ചത്. യൂട്യൂബ് ചാനലിലൂടെ സൽമാൻ ബട്ട് പറഞ്ഞു.
രോഹിത്തിനെതിരെ താരത്തിന് ആത്മവിശ്വാസമില്ലെന്നും ഷദാബ് ധാരാളം അയഞ്ഞ പന്തുകൾ എറിയുന്നതിലൂടെ രോഹിത്തിന് വേഗത്തിൽ റൺസ് കണ്ടെത്താൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ ഷദാബിന് രോഹിത്തിനെതിരെ തിളങ്ങാനായിരുന്നില്ല. ആദ്യ രണ്ടോവറിൽ 31 റൺസാണ് താരം വിട്ടുനൽകിയത്. രോഹിത് അനായാസമാണ് പാക് സ്പിന്നർക്കെതിരെ ബാറ്റ് വീശിയത്. 49 പന്തിൽ 56 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ആറ് ഫോറുകളും നാല് പടുകൂറ്റൻ സിക്സറുകളും പറത്തികൊണ്ടായിരുന്നു ക്യാപ്റ്റന്റെ വെടിക്കെട്ട്. മത്സരത്തിന്റെ 17ാം ഓവറിൽ ഷദാബ് രോഹിത്തിനെ പവലിയനിലേക്ക് മടക്കി. മത്സരം മഴമൂലം നിർത്തിവെക്കുമ്പോൾ 6.1 ഓവറിൽ 45 റൺസ് വിട്ട് നൽകികൊണ്ട് ഒരു വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു.
മത്സരം മഴമൂലം റിസർവ് ഡേയിലേക്ക് മാറ്റിയിരുന്നു.