| Friday, 20th January 2023, 1:00 pm

മറ്റുരാജ്യങ്ങൾ പ്രയാസപ്പെടുമ്പോൾ ഇന്ത്യ എങ്ങനെ മികവ് കാട്ടുന്നു? കാരണം ചൂണ്ടിക്കാട്ടി മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലൂടെ ഇഷാൻ കിഷൻ ഇരട്ട സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോൾ ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലൂടെ ശുഭ്മൻ ഗില്ലും ഡബിളടിച്ചിരിക്കുകയാണ്.

ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയർ 12 റൺസിന് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയും സ്റ്റാർ പേസർ മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

കിവീസ് സൂപ്പർ താരം ലോക്കി ഫെർഗൂസനെ തുടർച്ചയായി മൂന്ന് സിക്‌സറിന് പറത്തിയാണ് ഗിൽ ഇരട്ട സെഞ്ച്വറി തികച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത് ഇന്ത്യൻ താരവും ഏറ്റവും പ്രായം കുറഞ്ഞ താരവുമായാണ് ഗിൽ റെക്കോഡിട്ടത്.

മറ്റ് രാജ്യങ്ങൾ പ്രയാസപ്പെടുമ്പോഴും ഇന്ത്യൻ താരങ്ങൾ മികവ് കാട്ടുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇപ്പോൾ മുൻ പാകിസ്താൻ നായകനും ഓപ്പണറുമായ സൽമാൻ ബട്ട്.

ഇന്ത്യയുടെ ബാറ്റ്‌സ്മാൻമാർ മികവ് കാട്ടുന്നതിൽ ആഭ്യന്തര സംവിധാനത്തിനാണ് കയ്യടി നൽകേണ്ടതെന്ന് ബട്ട് പറഞ്ഞു. മറ്റ് രാജ്യങ്ങളെക്കാൾ മികച്ച ആഭ്യന്തര സംവിധാനം ഇന്ത്യയിലുണ്ടെന്നും അത് മികച്ച ബാറ്റ്‌സ്മാൻമാരെ സൃഷ്ടിക്കാൻ കാരണമാകുമെന്നും ബട്ട് വ്യക്തമാക്കി.

‘മറ്റ് രാജ്യങ്ങളിലെ താരങ്ങൾ പ്രയാസപ്പെടുമ്പോഴും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ മികവ് കാട്ടുന്നതിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകർ. ഇന്ത്യയുടെ മുന്നേറ്റത്തിന് കയ്യടി നൽകേണ്ടത് രാജ്യത്തെ ആഭ്യന്തര സംവിധാനങ്ങൾക്കാണ്.

ഇന്ത്യയിലെ സംവിധാനങ്ങൾ മികച്ചതാണ്. റൺസടിക്കണമെന്ന ഭ്രാന്ത് താരങ്ങൾക്കുണ്ട്. ഇന്ത്യയുടെ ഈ സംവിധാനമാണ് താരങ്ങളുടെ മികച്ച ബാറ്റിങ് പ്രകടനത്തിന് കാരണം,’ സൽമാൻ ബട്ട് പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസീലൻഡിനെതിരായ പ്രകടനത്തോടെ താൻ ശുഭ്മൻ ഗില്ലിന്റെ ആരാധകനാണെന്നും വളരെ കൃത്യതയോടെ ഷോട്ട് കളിക്കുന്ന താരമാണ് ശുഭ്മനെന്നും ബട്ട് പറഞ്ഞു.

‘ശുഭ്മനെപ്പോലെ ഷോട്ട് കളിക്കുന്ന താരങ്ങളെ ഇപ്പോൾ കാണാനാകുന്നില്ല. എല്ലാവരും വലിയ ഷോട്ട് കളിക്കുന്ന പവർഹിറ്റർമാരെക്കുറിച്ചാണ് സംസാരിക്കുന്നത്. അവനെപ്പോലെ ക്ലാസ് താരങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ ചുരുക്കമാണ്,’ ബട്ട് വ്യക്തമാക്കി.

Content Highlights: Salman Butt praises team India

We use cookies to give you the best possible experience. Learn more