ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പര നേരത്തെ അവസാനിച്ചിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
യുവതാരം ഇഷാന്‍ കിഷനെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്. പരമ്പരയിലെ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇഷാന്‍ കിഷനെ തേടി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരമെത്തിയത്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ എല്ലാ മത്സരത്തിലും സെഞ്ച്വറി നേടുന്ന ആറാമത് ഇന്ത്യന്‍ താരം, വിന്‍ഡീസ് മണ്ണില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം, മഹേന്ദ്ര സിങ് ധോണിക്ക് ശേഷം മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ തുടങ്ങിയ നിരവധി നേട്ടങ്ങളും ഇഷാന്‍ കിഷന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.
തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോഴും മാനേജ്‌മെന്റിന് താരത്തില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നില്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ ടീമിന്റെ ഭാഗമാകുന്നതിനാല്‍ ഇഷാന്‍ കിഷന്‍ ടീമിന്റെ ഭാഗമായേക്കില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും ഇഷാനെ രണ്ടാം ഓപ്ഷനായി മാത്രമേ കാണുന്നുള്ളൂ എന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ഇഷാന്‍ കിഷനില്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന പരീക്ഷണങ്ങള്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഇരട്ട സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് അവനെ ടീമില്‍ നിന്നും പുറത്താക്കിയത്. ഒരു ഇന്നിങ്‌സില്‍ മാത്രം ആയിരം റണ്‍സ് നേടിയാലും മാനേജ്‌മെന്റിനെ സംബന്ധിച്ച് അവന്‍ സെക്കന്‍ഡ് ഓപ്ഷന്‍ മാത്രമായി തുടരുകയാണ്.
നിങ്ങള്‍ മികച്ചവനാണ് എന്ന തോന്നല്‍ ഒരിക്കലും അത് നല്‍കുന്നില്ല. നിങ്ങളുടെ പ്രകടനത്തിന് അര്‍ഹിച്ച പ്രതിഫലമോ നേട്ടങ്ങളോ ലഭിക്കില്ല എന്ന തോന്നല്‍ നിങ്ങളിലുണ്ടാക്കുന്നു. ഇപ്പോള്‍ എന്ത് ചെയ്തിട്ടും കാര്യമില്ല, നിങ്ങള്‍ രണ്ടാം ഓപ്ഷനായി തന്നെ തുടരുമെന്ന പ്രതീതിയാണ് നല്‍കുന്നത്’ തന്റെ യൂട്യൂബ് ചാനലില്‍ സല്‍മാന്‍ ബട്ട് പറഞ്ഞു.
നേരത്തെ അവസാനിച്ച പരമ്പരയിലെ ആദ്യ മത്സരത്തില്‍ 46 പന്തില്‍ നിന്നും 52 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്. ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും ഇഷാന്റെ ഇന്നിങ്‌സായിരുന്നു.
ഇന്ത്യ പരാജയപ്പെട്ട രണ്ടാം മത്സരത്തില്‍ 55 പന്തില്‍ നിന്നും 55 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 64 പന്തില്‍ നിന്നും 77 റണ്‍സാണ് നേടിയത്. പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും 61.44 എന്ന ശരാശരിയില്‍ 184 റണ്‍സ് നേടിയാണ് ഇഷാന്‍ മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.