പാകിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനത്തിലും വിജയിച്ചുകൊണ്ട് പാകിസ്ഥാന്‍ പരമ്പര സ്വന്തമാക്കി. പക്ഷെ പാകിസ്ഥാന്റെ പ്ലാനില്‍ ഒട്ടും തൃപ്തിയില്ലെന്നാണ് മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടിന്റെ അഭിപ്രായം.
ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 305 എന്ന വിജയലക്ഷ്യം പാകിസ്ഥാന്‍ അവസാന ഓവറില്‍ മറികടന്നായിരുന്നു വിജയിച്ചത്. സെഞ്ച്വറിയടിച്ച ക്യാപ്റ്റന്‍ ബാബര്‍ അസമിനോടൊപ്പം അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഖുഷ്ദില്‍ ഷാഹ് ആയിരുന്നു പാകിസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.
അഞ്ചാമനായി ഇറങ്ങിയ ഖുഷ്ദില്‍ 23 പന്തില്‍ 43 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് സിക്‌സറുകളാണ് താരത്തിന്റെ ഇന്നിംഗസിലുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഖുഷ്ദിലിനെ എട്ടാമനായിട്ടായിരുന്നു പാകിസ്ഥാന്‍ ഇറക്കിയത്. ഇതാണ് ബട്ട് ചോദ്യം ചെയതതും.
ആദ്യ മത്സരത്തില്‍ വിജയിപ്പിച്ച ഖുഷ്ദിലിനെ രണ്ടാം മത്സരത്തില്‍ ബാറ്റിംങ് തകര്‍ന്നപ്പോള്‍ നവാസിനും ശദാബ് ഖാനും ശേഷം ഇറക്കിയത് എന്താണെന്ന് തനിക്ക് മനസിലായില്ല എന്നാണ് ബട്ട് പറഞ്ഞത്.
‘ആദ്യ ഏകദിനത്തിലെന്നപോലെ പാക്കിസ്ഥാന് സ്വയം പരിഹരിക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഖുഷ്ദില്‍ ഷാ പാക്കിസ്ഥാനുവേണ്ടി മികച്ച രീതിയില്‍ കളി ഫിനിഷ് ചെയ്യുകയും ടീമിന് വേണ്ടി കളി ജയിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ടീം പ്രശ്നത്തിലായപ്പോള്‍ അവര്‍ മുഹമ്മദ് നവാസിനെയും ഷദാബ് ഖാനെയും ഖുഷ്ദിലിനു മുന്നേ ക്രീസിലയച്ചു. അവര്‍ എന്താണ് ചെയ്യുന്നത്? ടീം എന്താണ് പ്ലാന്‍ ചെയ്യുന്നത്?,’ ബട്ട് വിമര്‍ശിച്ചു.
കളിയുടെ റിസല്‍ട്ടിനെ അത് ബാധിച്ചില്ലെങ്കിലും പാകിസ്ഥാന്‍ സ്വന്തം മൂല്യങ്ങളെ തിരിച്ചറിയുന്നില്ല എന്നാണ് ബട്ടിന് തോന്നുന്നത്. ഖുഷ്ദില്‍ ഒരു പ്രോപ്പര്‍ ബാറ്ററാണെന്നും അദ്ദേഹം എട്ടാം നമ്പറില്‍ കളിക്കേണ്ടയാളല്ലായെന്നും ബട്ട് അഭിപ്രായപ്പെട്ടു.
‘അവര്‍ ഖുഷ്ദിലിനെ ബാറ്റിങ് ഓര്‍ഡറില്‍ മുന്നേ അയച്ച് ഒരു വലിയ ഇന്നിംങ്‌സ് കളിക്കാന്‍ അനുവദിക്കണമായിരുന്നു. അവന്‍ ഒരു കളി ടീമിനായ ഫിനിഷ് ചെയതു. എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ അവന്റെ ബാറ്റിങ് അവസാന 4-5 ഓവറുകള്‍ക്ക് മാത്രമായി മാറ്റിവെക്കാനുള്ളതാണെന്നാണോ? അദ്ദേഹത്തിന്റെ ആഭ്യന്തര റെക്കോര്‍ഡ് നോക്കൂ. അദ്ദേഹത്തിന് എത്ര സെഞ്ച്വറികള്‍ ലഭിച്ചുവെന്ന് നോക്കൂ. അവന്‍ ഒരു പ്രോപര്‍ ബാറ്ററാണ്. പക്ഷേ നിങ്ങള്‍ അവനെക്കാള്‍ മുന്നേ ബൗളിംഗ് ഓള്‍റൗണ്ടര്‍മാരെ അയച്ചിരിക്കുന്നു,’ ബട്ട് പറഞ്ഞു.
ഇതുകൂടാതെ മുഹമ്മദ് ഹാരിസിനെ കളിപ്പിക്കുന്നതിന്റെ സ്റ്റാറ്റര്‍ജി മനസിലായില്ലെന്നും ബട്ട് പറഞ്ഞു. സര്‍ഫറാസ് ഖാന് പകരമായിട്ടാണ് അവനെ ഇറക്കിയതെങ്കില്‍ അവനെ വിക്കറ്റ് കീപ്പര്‍ ആയി കളിപ്പിക്കണം എന്നാണ് ബട്ട് പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിന് അവരുടേതായ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് അവര്‍ വെല്ലുവിളിയൊന്നും ഉയര്‍ത്താതിരുന്നതെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
‘മറ്റൊരു കാര്യം, നിങ്ങള്‍ മുഹമ്മദ് ഹാരിസിനെ കളിപ്പിക്കുന്നു, പക്ഷേ നിങ്ങള്‍ അവനെ വിക്കറ്റ് കീപ്പറായി കളിക്കുന്നില്ല. സര്‍ഫറാസിന് പകരമാണ് അദ്ദേഹം വരുന്നതെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിപ്പിക്കാത്തത്? നിങ്ങള്‍ക്ക് അദ്ദേഹത്തെ ഒരു മധ്യനിര ബാറ്ററായി ആവശ്യമുണ്ടെങ്കില്‍ ഷാന്‍ മസൂദിനെയോ കമ്രാന്‍ ഗുലാമിനെയോ കളിപ്പിക്കുക. വെസ്റ്റ് ഇന്‍ഡീസ് ഞങ്ങള്‍ക്ക് വെല്ലുവിളികളൊന്നും ഉയര്‍ത്തുന്നില്ല, കാരണം അവര്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ നമ്മള്‍ ഏത് ദിശയിലേക്കാണ് പോകുന്നത്? എന്താണ് നമ്മുടെ തന്ത്രം?’ ബട്ട് പറഞ്ഞു
ഞായറാഴ്ച്ച നടക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ചുകൊണ്ട് വൈറ്റ് വാഷ് ഒഴിവാക്കാനായിരിക്കും വെസ്റ്റ് ഇന്‍ഡീസ് ശ്രമിക്കുക.