ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ പാക് താരം സല്‍മാന്‍ ഭട്ട്. പാകിസ്ഥാന്‍ ഓപ്പണിങ് ബാറ്റര്‍മാരായ ബാബര്‍ അസമിനോടും മുഹമ്മദ് റിസ്‌വാനോടും താരതമ്യപ്പെടുത്തുമ്പോള്‍ രോഹിത്താണ് മികച്ച താരമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഫിറ്റ്‌നെസ് ലെവലിന്റെ കാര്യത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് മുന്‍പന്തിയിലെങ്കിലും രോഹിത്താണ് മികച്ച കളിക്കാരനെന്നും മുന്‍ പാക് താരം കൂട്ടിച്ചേര്‍ത്തു. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രോഹിത് ശര്‍മ അപകടകാരിയായ കളിക്കാരനാണ്. ബാബര്‍ അസമിനെയും റിസ്‌വാനെയും രോഹിത്തുമായി താരതമ്യപ്പെടുത്താനാവില്ല. എ.ബി ഡിവില്ലിയേഴ്‌സ് മാത്രമാണ് അദ്ദേഹത്തിന്റെ അടുത്ത് വരുന്നത്.
സമീപകാല മത്സരങ്ങളില്‍ രോഹിത് ശര്‍മ ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി വലിയ സ്‌കോറുകള്‍ നേടാനായില്ലെങ്കിലും തന്റെ ടീം ആക്രമണോത്സുകതയോടെ കളിക്കണമെന്ന് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നു,’ സല്‍മാന്‍ ഭട്ട് പറഞ്ഞു.
അതേസമയം ഐ.സി.സി ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. ഓപ്പണറായി കോഹ്‌ലിയാണോ രാഹുലാണോ ഇറങ്ങുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓപ്പണിങ്ങില്‍ മികച്ച ഓപ്ഷനാക്കാന്‍ പറ്റിയ ആളാണ് കോഹ്ലി എന്ന് രോഹിത് ശര്‍മ്മ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ലോകകപ്പിന് മുന്നോടിയായി കെ.എല്‍ രാഹുലിന് ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.
കഴിഞ്ഞ സീരീസുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് രാഹുലെങ്കിലും ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമായുള്ള ഏറ്റുമുട്ടല്‍ രാഹുലിന് നിര്‍ണായക ഘട്ടമായിരിക്കും. മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടുന്നത് താരത്തിന് ഫലം ചെയ്‌തേക്കും.