2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ നാലാം കലാശപ്പോരാട്ടത്തിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 70 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
ഏഴ് വിക്കറ്റ് നേടി മുഹമ്മദ് ഷമിയാണ് ന്യൂസിലാന്‍ഡിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. 9.5 ഓവറില്‍ 57 റണ്‍സ് വഴങ്ങിയാണ് ഷമി ഏഴ് വിക്കറ്റ് നേടിയത്. ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരെയാണ് ഷമി പുറത്താക്കിയത്.
ഷമിയുടെ ഈ പ്രകടനത്തെ പ്രശംസിച്ചെത്തിയ മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട് മറ്റൊരു മുന്‍ പാക് താരമായ ഹസന്‍ റാസയെ വിമര്‍ശിക്കാനും ഈ അവസരം ഉപയോഗിച്ചിരുന്നു.
ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മറ്റൊരു പന്താണ് നല്‍കിയതെന്നും ഇത് ടീമിന് ബ്രേക്ക് ത്രൂ സൃഷ്ടിക്കാന്‍ സഹായിച്ചിരുന്നു എന്നുമാണ് ഹസന്‍ റാസ നേരത്തെ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളായിരുന്നു മുന്‍ പാക് താരത്തിന് നേരിടേണ്ടി വന്നിരുന്നത്.
ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ് സല്‍മാന്‍ ബട്ട്. ഷമി രണ്ട് പന്ത് ഉപയോഗിച്ചുവെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അതെല്ലാം അവഗണിക്കണമെന്നാണ് ബട്ട് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ബട്ട് ഇക്കാര്യം പറഞ്ഞത്.
‘യഥാര്‍ത്ഥ പന്ത് മുഹമ്മദ് ഷമി കീശയിലൊളിപ്പിച്ച ശേഷം മറ്റൊരു പന്തെടുത്താണ് കളി പൂര്‍ത്തിയാക്കിയത് എന്നെല്ലാം ആരെങ്കിലും പറയുകയാണെങ്കില്‍ അതെല്ലാം പാടെ അവഗണിച്ചേക്കണം. ആരെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ എഴുന്നേറ്റ് നിന്ന് അവരെ അഭിനന്ദിക്കാന്‍ മടിക്കരുത്,’ എന്നായിരുന്നു ബട്ട് പറഞ്ഞത്.