| Sunday, 8th September 2024, 4:32 pm

വീണ്ടും പാന്‍ ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; കാന്തയുടെ ചിത്രീകരണം തുടങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൗണ്‍സ്മെന്റ് വന്നതുമുതല്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയുടെ ഷൂട്ടിങ് എന്ന് ആരംഭിക്കുമെന്ന് ആരാധകരും നെറ്റിസണ്‍മാരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ പൂജയോടെ ചിത്രത്തിന്റെ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

‘കാന്ത’യുടെ പൂജാ ചടങ്ങുകള്‍ ഇന്ന് ഹൈദരാബാദില്‍ നടന്നു. ദുല്‍ഖറിനോടൊപ്പം റാണ ദഗ്ഗുബതിയും ഭാഗ്യശ്രീ ബോര്‍സിയും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിനിക്വസ്റ്റ് സാന്‍ ജോസ് ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക അവാര്‍ഡ് നേടിയ നിള (2016) എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സെല്‍വമണി സെല്‍വരാജ്.

ദുല്‍ഖര്‍ തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രവും പെര്‍ഫോമന്‍സും ആയിരിക്കും കാന്തയില്‍ എന്നാണ് സംവിധായകന്‍ സെല്‍വമണി സെല്‍വരാജ് പറയുന്നത്. ചിത്രത്തിന്റെ കാതല്‍ എന്ന് പറയുന്നത് തന്നെ അദ്ദേഹത്തിന്റെ പ്രകടനമായിരിക്കുമെന്നും സെല്‍വമണി സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു.

‘വളരെ പവര്‍ഫുള്‍ ആയ സ്റ്റോറിയാണ് കാന്തയുടേത്. അതുകൊണ്ട് തന്നെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രവും വളരെ ശക്തമായിട്ടുള്ള പെര്‍ഫോമന്‍സ് ആവശ്യപ്പെടുന്നതാണ്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് കാന്തയുടേത്. ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയിലായിരിക്കും ദുല്‍ഖര്‍. ചിത്രത്തിന്റെ കാതല്‍ എന്ന് പറയുന്നത് തന്നെ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് ആണ്,’ സെല്‍വമണി സെല്‍വരാജ് പറയുന്നു.

റാണ ദഗ്ഗുബതിയുടെ ഹോം ബാനറായ സ്പിരിറ്റ് മീഡിയയുമായി സഹകരിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ പുറത്തിറങ്ങും.

Content Highlight: Dulquer Salmaan and  Bhagyashri Borse’s Kaantha launched with a pooja ceremony

We use cookies to give you the best possible experience. Learn more