ജിബ്രാള്‍ട്ടര്‍ വുമണ്‍സും -എസ്റ്റോണിയ വുമണ്‍സും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 3-0ത്തിന് സ്വന്തമാക്കി ജിബ്രാള്‍ട്ടര്‍. അവസാന മത്സരത്തില്‍ 88 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു ജിബ്രാള്‍ട്ടര്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജിബ്രാള്‍ട്ടര്‍ താരം സാലി ബാര്‍ട്ടണ്‍. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഔദ്യോഗിക മത്സരത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റ് താരം എന്ന നേട്ടമാണ് സാലി ബാര്‍ട്ടണ്‍ സ്വന്തമാക്കിയത്. 64 വയസും 334 ദിവസവും പ്രായമുള്ളപ്പോഴാണ് സാലി ബാര്‍ട്ടണ്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിനുമുമ്പ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരം അക്ബര്‍ സയ്യിദ് ആയിരുന്നു. 2012ല്‍ പോര്‍ച്ചുഗല്‍ ടീമിനുവേണ്ടി 66 വയസ്സും 12 ദിവസവും പ്രായമുള്ളപ്പോഴാണ് അക്ബര്‍ കളത്തിലിറങ്ങിയിരുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ജിബ്രാള്‍ട്ടര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ജിബ്രാള്‍ട്ടര്‍ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. ജിബ്രാള്‍ട്ടര്‍ ബാറ്റിങ്ങില്‍ നിക്കി കരുവാന 67 പന്തില്‍ 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.