| Friday, 28th July 2017, 12:13 pm

മനുഷ്യത്വത്തിന്റെ 'കൃപാ'വരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുഹൃത്തുക്കളായ ഒരുകൂട്ടം സ്ത്രീകള്‍ പറഞ്ഞാണ് “സായ്കൃപ” എന്ന കുകുട്ടികളുടെ വീടിനെക്കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത്. “ജന്മദിനം ആഘോഷിച്ചത് സായ്കൃപയിലാണ്”, “”ഞാനും ഭര്‍ത്താവും കുറച്ച് അപ്പമുണ്ടാക്കി സായ്കൃപയില്‍ കൊണ്ടുക്കൊടുത്തു”, എന്നിങ്ങനെ എന്നെ വിടാതെ പിന്‍തുടര്‍ന്ന ഒരു വാക്കായി മാറി “സായ്കൃപ”.

ജനുവരി മാസത്തിലെ എല്ലു കിടുങ്ങുന്ന ശീതക്കാറ്റിനെ വകവെക്കാതെ ഞാനും മകന്റെ കൂട്ടുക്കാരായ രണ്ടുകുകുട്ടികളും അടുത്ത ഒരു കൂട്ടുക്കാരിയും കൂടി ആ സ്ഥലം സന്ദര്‍ശിച്ചു.

ദില്ലി ബോര്‍ഡറിലുള്ളതും ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെട്ടതുമായ നോയിഡ എന്ന സ്ഥലത്താണ് സായ്കൃപ സ്ഥിതി ചെയ്യുന്നത്. യാതൊരു മുന്‍ വിധികളുമില്ലാതെ അവിടേക്ക് കടന്നുചെന്ന ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് സുഖമുള്ള വെയിലില്‍ കലപില കൂട്ടി കളിക്കുന്ന ഒരുകൂട്ടം കുകുട്ടികളെയാണ്. പലപ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉത്സാഹഭരിതരായി പലതരം കളികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

വിവിധ നിറത്തിലുള്ള കമ്പിളി വസ്ത്രങ്ങളും രോമത്തൊപ്പികളും മഞ്ഞിനിടയിലൂടെ ശ്രമപ്പെട്ടെത്തുന്ന വെയിലില്‍ തിളങ്ങി നിന്നു. കുട്ടികളുടെ ഇടയില്‍ കസേരകളിലിരുന്ന് രണ്ടുമൂന്നു സ്ത്രീകള്‍ സംസാരിക്കുന്നത് കണ്ടു. അതിലൊരാള്‍ നിറഞ്ഞ ചിരിയോടെ ഞങ്ങളെ എതിരേറ്റു. അമ്പതിനും അറുപതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന അവരായിന്നുരുആ വീടിന്റെ അമ്മ. അഞ്ജിന രാജഗോപാല്‍. അന്തേവാസികളും ജോലിക്കാരും പരിചയക്കാരും സ്‌നേഹത്തോടെ അവരെ “”അമ്മ”” എന്നോ “”മാ”” എന്നോ വിളിക്കും.

അഞ്ജിനാ ദീദിയുടെ മാതാപിതാക്കള്‍ കോഴിക്കോട് നടക്കാവ് ദേശക്കാരായിരുന്നു. അച്ഛന്റെ ജോലിയുടെ ഭാഗമായി കര്‍ണ്ണാടകയിലും ഡല്‍ഹിയിലുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രണ്ടു സഹോദരിമാരാണ് ഇവര്‍ക്ക് ഉള്ളത്. 1976 ലാണ് കുടുംബത്തോടോപ്പം അഞ്ജിനാ ദീദി ഡല്‍ഹിയിലെത്തിയത്.

മലയാള പഠനം നിര്‍ബന്ധമായും വേണമെന്നുള്ള അച്ഛന്റെ തീരുമാനത്തെ തുടര്‍ന്നു ഡല്‍ഹിയിലെ കാനിംഗ് റോഡ് കേരള സ്‌ക്കൂളില്‍ പഠിക്കാനിടയായി. അവിടെ നിന്നു പഠിച്ച മാതൃഭാഷയുടെ അറിവുകള്‍ അവര്‍ക്ക് ഇന്നും കൂട്ടിനുണ്ട്. (ആ കേരള സ്‌ക്കൂളിലെ അധ്യാപികയായ എനിക്ക് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ജീവിതാനുഭവങ്ങള്‍ അറിയുക എന്ന ഉദ്ദേശം കൂടി ഈ സന്ദര്‍ശനത്തിനു പിന്നിലുണ്ടായി.)

1989 ലാണ് “സായ്കൃപ” സ്ഥാപിക്കപ്പെടുന്നത്. നഗരവഴികളില്‍ അലഞ്ഞു തിരിയുന്ന ബാല്യകൗമാരങ്ങളെ കണ്ട് മനസ്സുനൊന്താണ് അവര്‍ ഇത്തരമൊരു സംരംഭത്തിന് തുനിഞ്ഞിറങ്ങിയത്. സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങികൂട്ടാന്‍ ആര്‍ത്തിപിടിച്ചോടുന്ന ആള്‍കൂട്ടത്തിനു നടുവില്‍ ഇങ്ങനെയും ചില നന്മത്തുരുത്തുകള്‍ ഉണ്ടെന്നത് ആശ്വാസമാണ്. ഡല്‍ഹി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അനാഥമാക്കപ്പെട്ടോ വഴിത്തെറ്റിയോ അലയുന്ന കുട്ടികളെ പോലീസുക്കാര്‍ കണ്ടെടുത്ത് ഈ സ്ഥാപനത്തില്‍ ഏല്‍പ്പിക്കുകയാണ് പതിവ്.

ഉത്തര്‍പ്രദേശിലെ തനി നാടന്‍ ഗ്രാമവാസികളോട് വളരെ അടുത്ത ബന്ധമാണ് അഞ്ജിന ദീദിക്കുള്ളത്. വേഷവിധാനത്തിലോ ഭാഷയുടെ പ്രാദേശിക ഭേദത്തിലോ വ്യത്യാസം അനുഭവപ്പെടാത്തതുകൊണ്ടാവാം ഗ്രാമവാസികളിലൊരാളെ പോലെ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഈ അമ്മയ്ക്കു കഴിയുന്നത്. ഇതേ വ്യക്തി തന്നെയാണ് “”നമസ്‌ക്കാരം ട്ടോ ഇരിക്ക്”” എന്ന് ഞങ്ങളെ സ്വാഗതം ചെയ്യുകയും ഒരൊറ്റ ഹിന്ദി വാക്കുപോലും കടന്നുവരാതെ അല്പം കോഴിക്കോടന്‍ രീതി കലര്‍ന്ന മലയാളത്തില്‍ ഞങ്ങളോട് സംസാരിക്കുകയും ചെയ്തത്. മുട്ടിനു മുട്ടിനുനു “അച്ചാ” എന്നും “ടീക് ഹൈ” എന്നും മറ്റും പറയുന്ന രീതി സ്വീകരിച്ച എനിക്ക് ഒരല്പം ലജ്ജ തോന്നാതിരുന്നില്ല.

സായ്കൃപ തുടങ്ങി ആദ്യ രണ്ട് വര്‍ഷത്തേക്ക് ഒരു കുട്ടി മാത്രമെ ഇവിടെ ഉണ്ടായിന്നുള്ളു. ഭിന്നശേഷിക്കാരനായ ആ കുട്ടി വളര്‍ന്ന് സുമുഖനായ ഒരു യുവാവായി ഇന്നും ഇവിടെ തന്നെയുണ്ട്. അമ്മയുടെ മൂത്ത പുത്രന്‍. നോയിഡ അതോരിറ്റിയുടെ വാടക കെട്ടിടത്തിലായിരുന്നു തുടക്കം. ഒരു പാട് ബുദ്ധിമുട്ടുകള്‍ ആദ്യകാലത്ത് അനുഭവിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഇന്ന് സായ്കൃപ ഉറപ്പുള്ളതും പ്രതീക്ഷ നല്കുന്നതുമായ ഒരു NGO (Non Governmental Organisation) ആയി വളര്‍ന്നിരിക്കുന്നു.

എന്നാല്‍ സാധാരണയായി നാം കണ്ടുവരുന്ന എന്‍.ജി.ഒ കെട്ടിട പരിസരത്തു നിന്നുംം തികച്ചും വ്യത്യസ്തമാണിവിടം. ശീതികരിച്ച മുറികളോ പേടിപ്പെടുത്തുന്ന നിശ്ബ്ദതയോ കറങ്ങുന്ന ഡയറക്ടര്‍ കസേരകളോ ഒന്നും കാണാന്‍ കഴിയില്ല. ഇത്തിരി മണ്ണില്‍ വലിച്ചിട്ട ഒരു ചൂടിക്കട്ടിലും (ചാര്‍പ്പായ്) രണ്ടുമൂന്നു പഴയ ഇരിപ്പടങ്ങളും മാത്രം.

അനൗപചാരിക വിദ്യഭ്യാസം നല്കുന്ന ഒരു സ്‌കൂള്‍ സായ്കൃപയുടെ പ്രധാന കെട്ടിടത്തില്‍ നടത്തിവന്നിരുന്നു. ഗ്രാമത്തിലേയും ചേരിപ്രദേശങ്ങളിലേയും വളരെ പാവപ്പെട്ട കുകുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. എഴുതാനും വായിക്കാനും പഠിച്ചുകഴിയുമ്പോള്‍ താല്പര്യമുള്ളവരെ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്കു കൊണ്ടുവരികയും ചെയ്യും.

Sai Bal Sansar എന്ന ഈ അനൗപചാരിക സ്‌കൂളില്‍ 150ല്‍ അധികം പഠിതാക്കളുണ്ട്. ഉച്ചഭക്ഷണവും പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും സൗജന്യമായാണ് നല്‍കുന്നത്. സാധാരണ സ്‌കൂളുകളിലെതുപോലെ യാതൊരു വിധ വ്യവസ്ഥയും അഡ്മിഷന്റെ കാര്യത്തില്‍ പുലര്‍ത്തുന്നില്ല. എഴുത്തും വായനയും പഠിപ്പിക്കുക എന്നതു മാത്രമാണ് ഇവിടെ ലക്ഷ്യമിട്ടിരിക്കുന്നത്. അധ്യാപകരാവട്ടെ സേവനമെന്ന രീതിയിലാണ് പഠിപ്പിക്കുന്നത്.

Sai Shiksha Sansthan എന്ന സാമ്പ്രദായക സ്‌കൂള്‍ നോയിഡയില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നു. Secondary Level (10 class) വരെയുള്ള ഈ സ്‌കൂളില്‍ ഏതാണ്ട് 450 ഓളം കുട്ടികള്‍ ഉണ്ട്. തുച്ഛമായ ഫീസ് വാങ്ങുന്ന ഈ സ്‌കൂളില്‍ സാമ്പത്തികമായി തീരേ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. ലക്ഷങ്ങള്‍ നഴ്‌സറി അഡ്മിഷനായി നല്‍കേണ്ടി വരുന്ന പബ്ലിക്ക് സ്‌കൂളുകളോട് എതിരിട്ടാണ് ഇവിടെ ഇത്തരം സംരംഭങ്ങള്‍ നടത്തികൊണ്ട് പോരുന്നത് എന്ന് ഓര്‍ക്കേണ്ടതുണ്ട്.

Sai Vatsalya Vatika എന്ന മറ്റൊരു സ്ഥാപനം സമൂഹത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് Special School-കള്‍ ഡല്‍ഹിയില്‍ ഒരുരുപാട് കാണാന്‍ സാധിക്കും. പക്ഷേ സമൂഹത്തിലെ സാമ്പത്തിക ഭദ്രതയില്ലാത്തവര്‍ക്ക് അതിന്റെ ഗേറ്റ് കടക്കാന്‍ പോലും സാധ്യമല്ല. അത്രയും ഉയര്‍ന്നതാണ് അവിടങ്ങളിലെ പഠന ചിലവ്.

ഭിന്നശേഷിക്കാരായ കുകുട്ടികള്‍ മാതാപിതാക്കളുടെ സാമ്പത്തിക ശേഷി നോക്കിയല്ലലോ ജനിക്കാറുള്ളത്. പാര്‍ശ്വവല്ക്കരിക്കപ്പെട്ട അത്തരം കുട്ടികള്‍ക്ക് അഞ്ജനാ ദീദിയുടെ “വാല്‍സല്യ പൂന്തോട്ടം” ഒരുരു അഭയമാണ്. കലയിലൂടെ പഠനം എന്നതാണ് ഇവിടെത്തെ രീതി. ചിത്രം വര, പേപ്പര്‍ കട്ടിംഗ് ആര്‍ട്ട്, നാടകം, നൃത്തം എന്നിവയിലൂടെ ഇത്തരം കുട്ടികളെ അതിജീവനത്തിനായി തയ്യാറാക്കുന്നു.

Sai Vocational Training Centre എന്ന ഒരു സ്ഥാപനം കൂടി സായ്കൃപയുടേതായുണ്ട്. യു.പിയിലെ ദരിദ്ര ഗ്രാമങ്ങളിലെ പലകുട്ടികളും സ്‌കൂള്‍ വിദ്യാഭ്യാാസത്തിനുശേഷം പഠനം ഉപേക്ഷിക്കുകയാണ് പതിവ്. ഉന്നതവിദ്യാഭ്യാസത്തിനോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കൊ അയക്കാനുള്ള പാങ്ങും പദവിയും രക്ഷിതാക്കള്‍ക്കില്ല എന്നതു തന്നെയാണ് പ്രധാന കാരണം.

ഇവിടെ കുട്ടികള്‍ക്കായി സ്‌പോക്കണ്‍ ഇംഗീഷ്, ടൈലറിങ്ങ്, കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍, ബേക്കിങ്ങ്, തുടങ്ങിയ കോഴ്‌സുകള്‍ അഭ്യസിപ്പിക്കുന്നു. ഉത്തരേന്ത്യന്‍ ചേരിപ്രദേശങ്ങളുടെ അവസ്ഥ നേരിട്ട് അറിയാത്തിടത്തോളം നമ്മള്‍ മലയാളികള്‍ക്ക് ഇതൊന്നും അത്ര പ്രധാനമായി തോന്നുകയില്ല. പക്ഷേ ആശ്രയമില്ലാത്തവരോട് അടുപ്പം തോന്നുകയും അവര്‍ക്കായി യൗവ്വനത്തിമര്‍പ്പുകളേയും ജീവിതാഘോഷങ്ങളേയും മാറ്റിയെഴുതുകയും ചെയ്യാന്‍ അസാമാന്യമായ മനുഷ്യത്തിന്റെ കൃപാവരം കിട്ടിയവര്‍ക്കേ സാധ്യമാവൂ.

സര്‍ക്കാരിന്റെ ഒരു ധനസഹായവും സായ്കൃപ സ്വീകരിക്കുന്നില്ല. ആ സഹായങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഒരുപാട് നിയമാവലികള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതമാവു. സ്വതന്ത്രമായ പ്രവര്‍ത്തനരീതികള്‍ ശീലിച്ചുകഴിഞ്ഞ അഞ്ജനാ ദീദിക്ക് അത് ബുദ്ധിമുട്ടാവുമെന്നതില്‍ സംശയമില്ല. വ്യക്തമായ തെളിവുകളോടെ വരുന്നവര്‍ക്ക് കുട്ടികളെ തിരികെ നല്‍കാറുണ്ട്. ഒരുപാട് കുട്ടികള്‍ അങ്ങിനെ സ്വന്തം വീടുകളിലേക്ക് ഇവിടെ നിന്നും തിരിച്ച് പോയിട്ടുണ്ട്. മറ്റുചിലര്‍ അടുത്തുള്ള ഗ്രാമവാസികളുടെ വീട്ടിലേക്ക് വധുവായോ വരനായോ ബന്ധുത്വം സ്വീകരിച്ചിട്ടുമുണ്ട്.

സായ്കൃപയുടെ ചെറിയ തൊടിയിലെ പേരമരത്തില്‍ നിന്നും ഒരു കാറ്റ് കോടമഞ്ഞിന്റെ നൂലിഴകളുമായെത്തി. ഞാന്‍ കുട്ടികളെ നോക്കി. എങ്ങിനെയാവാം ഇവര്‍ കൂട്ടം തെറ്റിയത്? ബന്ധുക്കളെ ഇവര്‍ ഓര്‍ക്കുണ്ടാവുമോ? ഏതോ ഒരു വീട് ഇപ്പോഴും ഇവരെയോര്‍ത്ത് നിലവിളിക്കുന്നുണ്ടാവുമോ? ഒരിക്കല്‍ മുംബൈ നഗരത്തിലെ തിരക്കുള്ള റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എന്റെ മൂത്ത മകനെ കൈവിട്ടു പോയി. പത്ത് മിനിട്ടിനുള്ളില്‍ എനിക്കവനെ തിരിച്ചു കിട്ടി. ആ പത്തു മിനിട്ടില്‍ ഞാന്‍ അനുഭവിച്ച വേദനയുടെ കടച്ചില്‍, ലോകം തീര്‍ന്നുപോയതുപോലെ തോന്നിച്ച ആ നിമിഷങ്ങളിലെ ഹൃദയവേദന ഒരിക്കല്‍ കൂടി ഞാനറിഞ്ഞു. കുട്ടികളുടെ ആര്‍പ്പുവിളികളില്‍ ആ സങ്കടത്തിരകള്‍ അമര്‍ന്നുപോയി. ഇവിടെ ഇവര്‍ സന്തുഷ്ടരാണ്, സുരക്ഷിതരാണ്. ആ വിശ്വാസം എനിക്ക് ആശ്വാസം തന്നു.

വീടിനകത്ത് കയറി കാണാന്‍ അഞ്ജനാ ദീദി ഞങ്ങളെ ക്ഷണിച്ചു. മുറികളില്‍ കട്ടിലുകളില്‍ കമ്പളികള്‍ മടക്കി വച്ചിരിക്കുന്നു. വൃത്തിയുള്ള അടുക്കളയില്‍ നിന്നുമുയര്‍ന്ന മണം നല്ല ഭക്ഷണത്തെ സൂചിപ്പിച്ചു. വീണ്ടും മുറ്റത്തെ വെയിലില്‍ കസേരകളില്‍ വന്നിരുന്നപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ ഓടിവന്ന് അമ്മയോട് അടക്കം പറഞ്ഞു.

അവര്‍ പിക്‌നിക്കിനുപോകാന്‍ പ്ലാന്‍ ചെയ്യുകയാണ്. എക്‌സാമിന്റെ ഡേറ്റ് ഷീറ്റ് അനുസരിച്ച്. വാത്സല്യപൂര്‍വ്വം നിറഞ്ഞു ചിരിച്ചുകൊണ്ട് അവര്‍ ഞങ്ങളോട് വിശദീകരിച്ചു. റിയല്‍ ഹീറോ” അവാര്‍ഡ് വാങ്ങിയ വ്യക്തിയോട് ഞാന്‍ ചോദിച്ചു കല്ല്യാണം, കുടുംബം.? ഒരു മാത്ര മന്ദഹസിച്ചുകൊണ്ട് അവര്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. “”ഇല്ല”” അതിനുശേഷം അവിടെയുള്ള കുട്ടികളെ മുഴുവന്‍ ഒന്നു നോക്കി. വീണ്ടും ഞങ്ങളുടെ കണ്ണുകളിടഞ്ഞു. തിരിച്ചറിയലിന്റെ മന്ദഹാസം ഞങ്ങളുടെ മുഖത്ത് വിരിഞ്ഞു. പരസ്പരം മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ വലിയ ആശ്വാസവും ആനന്ദവും മറ്റെന്താണ് ഭൂമിയിലുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more