| Sunday, 3rd November 2024, 8:42 am

ഷൂട്ട് ചെയ്യുമ്പോള്‍ എന്നെ പൊട്ടിച്ചിരിപ്പിച്ച സീന്‍; സിനിമ കണ്ടവര്‍ അതിനെ എങ്ങനെയെടുത്തെന്ന് അറിയില്ല: സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി മെക്കാര്‍ട്ടിന്റെ രചനയില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു തിളക്കം. 2003ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ കാവ്യ മാധവന്‍, ദിലീപ് എന്നിവര്‍ക്ക് പുറമെ മികച്ച ഒരു താരനിര തന്നെ ഒന്നിച്ചിരുന്നു.

ത്യാഗരാജന്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത, നിശാന്ത് സാഗര്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരായിരുന്നു തിളക്കത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

സിനിമയില്‍ കൊച്ചിന്‍ ഹനീഫ ഗുണ്ട ഭാസ്‌ക്കരനായും സലിംകുമാര്‍ നെടുമുടി വേണുവിന്റെ മരുമകനായ ഓമനക്കുട്ടനായുമാണ് എത്തിയത്. തിളക്കത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഏറെ ചിരിച്ച ഒരു സീനിനെ കുറിച്ച് പറയുകയാണ് സലിംകുമാര്‍. അമൃത ടി.വിയിലെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘തിളക്കം എന്ന സിനിമയുടെ സമയത്ത് ഒരു സംഭവം ഉണ്ടായിരുന്നു. ഞാന്‍ അന്ന് ഒരുപാട് പൊട്ടിച്ചിരിച്ചിരുന്നു. സിനിമയില്‍ വന്നപ്പോള്‍ ആളുകള്‍ എങ്ങനെ ആ സീന്‍ എടുത്തെന്നോ എത്രത്തോളം ചിരിച്ചെന്നോ എനിക്ക് അറിയില്ല. ഞാന്‍ അവിടെയിരുന്ന് ചിരിച്ചു പോയ ഒരു സീനായിരുന്നു അത്.

തിളക്കത്തില്‍ കൊച്ചിന്‍ ഹനീഫ ഒരു ഗുണ്ടയായിരുന്നു. ഗുണ്ട ഭാസ്‌ക്കരന്‍ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. അദ്ദേഹം എന്നെ പേടിപ്പിക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്യുന്നത്. ഗുണ്ട ഭാസ്‌ക്കരനെ പഠിപ്പിച്ച മാഷാണ് വേണു ചേട്ടന്റെ കഥാപാത്രം. വേണു ചേട്ടന്റെ മകളെയാണ് ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ആ കഥാപാത്രം ചെയ്തത് ബിന്ദു പണിക്കറാണ്.

സ്ത്രീധനം ചോദിച്ചിട്ട് തര്‍ക്കം ഉണ്ടായിട്ട് നില്‍ക്കുമ്പോഴാണ് ഗുണ്ട ഭാസ്‌ക്കരന്‍ വന്ന് ദേഷ്യപ്പെടുന്നത്. അതിന്റെ ഇടയില്‍ വേണു ചേട്ടന്‍ പെട്ടെന്ന് ഭാസ്‌ക്കരാ എന്ന് വിളിക്കും. പ്രസന്റ് സാര്‍ എന്നായിരുന്നു ഗുണ്ട ഭാസ്‌ക്കരന്റെ മറുപടി. ആ പഴയ വിദ്യാര്‍ത്ഥി കയറി വന്നതാണ്. ആ സീനില്‍ ഞാന്‍ ശരിക്കും ഒരുപാട് ചിരിച്ചിരുന്നു,’ സലിംകുമാര്‍ പറയുന്നു.

Content Highlight: Salimkumar Talks About The Scene That Made Him Laugh While Shooting In Thilakkam Movie And Cochin Haneefa

We use cookies to give you the best possible experience. Learn more