പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാര്‍.
ഗ്രാമഫോണ്‍ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സലിംകുമാര്‍. തബല ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെയാണ് സലിംകുമാര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഗ്രാമഫോണില്‍ അഭിനയിക്കാന്‍ തബല അറിഞ്ഞിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നെന്ന് അദ്ദേഹം പറയുന്നു. തബല പഠിക്കാനായി പറവൂരുള്ള ദിലീപ് എന്ന ആളുടെ അടുത്ത് പോയെന്നും എന്നാല്‍ പത്ത് ദിവസത്തിനകം തനിക്ക് തബല വഴങ്ങില്ലെന്ന് മനസിലായെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
മയ്യഴി കണ്ണിന്റെ മഞ്ചാടി കടവത്ത് എന്ന ഹമ്മിങ് കഴിഞ്ഞ ഉടനെ തബല കൊട്ടുന്ന സീന്‍ ആയിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് തനിക്കത് കൃത്യമായി ചെയ്യാന്‍ കഴിഞ്ഞുവെന്നും സലിംകുമാര്‍ പറഞ്ഞു.
‘പറവൂരിലുള്ള ദിലീപ് എന്ന ആളുടെയടുത്ത് തബല പഠിക്കാനായി ഞാന്‍ ദക്ഷിണ വെച്ചിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് ആ പണി പറ്റില്ലെന്ന്. എന്നൊക്കൊണ്ട് നടക്കില്ലെന്ന് മനസിലായി. തബല പഠിച്ചില്ലെങ്കില്‍ എനിക്ക് ഗ്രാമഫോണ്‍ എന്ന സിനിമയിലെ വേഷം ചെയ്യാനും പറ്റില്ല.
ചിത്രത്തില്‍ ഒരു ഹമ്മിങ് ഉണ്ട്, മയ്യഴി കണ്ണിന്റെ മഞ്ചാടി കടവത്ത് എന്ന് തുടങ്ങുന്നത്. അത് കഴിഞ്ഞിട്ടാണ് തബല വായിക്കേണ്ടത്. അത് ഷൂട്ട് ചെയ്യാന്‍ വേണ്ടി ഞാന്‍ പോയി ഇരുന്നു. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം തബല പഠിക്കാന്‍ പോയിട്ട് എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ലല്ലോ. പക്ഷെ എങ്ങനെയോ അവിടെ പോയിരുന്നപ്പോള്‍ എനിക്ക് കൊട്ടാന്‍ കഴിഞ്ഞു,’ സലിംകുമാര്‍ പറയുന്നു.
ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമഫോണ്‍. ദിലീപ്, മീര ജാസ്മിന്‍, നവ്യ നായര്‍, മുരളി, സലിംകുമാര്‍ തുടങ്ങിയവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് വിദ്യാസാഗറായിരുന്നു.
Content Highlight: Salimkumar Talks About Learning Tabla For Gramaphone Movie