18 വര്‍ഷം ശബരിമലയില്‍ പോയിട്ടുണ്ട്; അതൊക്കെ കച്ചവടമാണെന്ന് പിന്നീട് മനസിലായി: സലിംകുമാര്‍
Entertainment
18 വര്‍ഷം ശബരിമലയില്‍ പോയിട്ടുണ്ട്; അതൊക്കെ കച്ചവടമാണെന്ന് പിന്നീട് മനസിലായി: സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th November 2024, 4:36 pm

18 വര്‍ഷം ശബരിമലയില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ അതൊക്കെ കച്ചവടമാണെന്ന് പിന്നീട് മനസിലായെന്നും നടന്‍ സലിംകുമാര്‍ പറയുന്നു. താന്‍ അമ്മയെ വിളിച്ചാണ് പ്രാര്‍ത്ഥിക്കാറുള്ളതെന്നും അമ്മയെയും ഈശ്വരനെയും കാണാന്‍ കഴിയാത്തതുകൊണ്ട് അമ്മയെ ഈശ്വരനായി കണ്ടു എന്ന് സലിംകുമാര്‍ പറയുന്നു.

താന്‍ വലിയ ഭക്തനായിരുന്നെന്നും 18 വര്‍ഷം ശബരിമലയില്‍ പോയിരുന്നെന്നും എന്നാല്‍ അതെല്ലാം കച്ചവടമാണെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സലിംകുമാര്‍.

‘എനിക്ക് ഈശ്വര വിശ്വാസം ഇല്ല. എന്റെ അമ്മയുടെ ആത്മാവ് ജീവിച്ചിരിക്കുന്നുണ്ടിവിടെ. ആ വിശ്വാസം എനിക്കുണ്ട്. ഞാന്‍ എന്തെങ്കിലും പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അമ്മയെ വിളിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയാണ്. എന്റെ അമ്മയെ ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല. അതുപോലെതന്നെ ഈശ്വരനെയും ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല. അതുകൊണ്ട് എന്റെ അമ്മയെ ഞാന്‍ ഈശ്വരനായി കണ്ടു. അത്രയേ ഉള്ളു.

ഞാന്‍ എന്റെ അമ്മയെ വിളിച്ചേ പ്രാര്‍ത്ഥിച്ചിട്ടുള്ളു. ഞാന്‍ ഒരു ഭക്തനായിരുന്നു, ഭയങ്കര ഭക്തനായിരുന്നു. 18വര്‍ഷം ഞാന്‍ ശബരിമലക്ക് പോയിട്ടുണ്ട്. ആരുടേയും ഭക്തിയെ ഞാന്‍ കുറ്റം പറയില്ല. ഇതെല്ലം കച്ചവടമാണെന്ന് മനസിലായി. നമുക്ക് ഒരു ക്യൂവില്‍ ആയിരം രൂപ കൊടുത്തുകഴിഞ്ഞാല്‍ ഈശ്വരനെ ആദ്യം കാണാം. ‘ഭഗവതിക്കൊരുതുണ്ട് ഭൂമി സംഭാവന’ കൊടുക്കാന്‍ പറയുന്നവരുണ്ട്. ഒരു തുണ്ട് ഭൂമിക്ക് നമ്മുടെ അടുത്ത് തെണ്ടേണ്ട ആളാണോ ഭഗവാനും ഭഗവതിയുമെല്ലാം.

നമ്മള്‍ അമ്പലത്തില്‍ ചെല്ലുമ്പോള്‍ ഭഗവാന് പായസവും പപ്പടവുമെല്ലാം നമ്മള്‍ കൊടുക്കണം. നമുക്കൊന്നും തരുന്നില്ല താനും. നമ്മള്‍ പോകുന്നത് നമ്മുടെ പട്ടിണി മാറ്റാന്‍. ‘ദൈവമേ ഞങ്ങളെ രക്ഷിക്കണമേ, എന്തെങ്കിലും ആഹാരം തരണേ’ എന്നൊക്കെ പ്രാര്‍ത്ഥിക്കുന്നത് അവിടെ കേള്‍ക്കണമെങ്കില്‍ നെയ്പായസം കൊടുക്കണം. എന്നിട്ട് പുള്ളി വന്ന് ശാപ്പിടുന്നുണ്ടോ, അതും ഇല്ല.

അപ്പോള്‍ ഇതൊക്കെ വെറുതെ, നാളെ എന്തെന്നറിയാത്ത മനുഷ്യരുടെ ഉത്കണ്ഠയാണ് ഭക്തി. നാളെയെ കുറിച്ച് അവര്‍ക്കറിയില്ല. എന്തിനോടെങ്കിലും പ്രാര്‍ത്ഥിക്കണമല്ലോ എന്ന് പറഞ്ഞാല്‍ ഞാന്‍ പറയും സ്വന്തം അമ്മയെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്ന്. അതിനേക്കാള്‍ വലിയ ദൈവമില്ല,’ സലിംകുമാര്‍ പറയുന്നു.

Content Highlight: Salimkumar Talks About His faith