പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം.
സുരേഷ് ഗോപി- ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തി 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തില്‍ സലിംകുമാറും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സലിംകുമാര്‍. ആ സിനിമയുടെ സെറ്റില്‍ മിക്ക സമയവും ചീട്ടുകളിയായിരുന്നെന്ന് സലിംകുമാര്‍ പറഞ്ഞു.
ചീട്ടുകളിയുടെ ഇടയില്‍ ബ്രേക്ക് കിട്ടുമ്പോള്‍ ഷൂട്ട് ചെയ്യുകയായിരുന്നു പതിവെന്നും അങ്ങനെയാണ് തെങ്കാശിപ്പട്ടണം ചെയ്ത് തീര്‍ത്തതെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതുവരെ ചെയ്ത സിനിമകളെക്കാള്‍ കൂടുതല്‍ പ്രതിഫലം തനിക്ക് തെങ്കാശിപ്പട്ടണത്തില്‍ നിന്ന് കിട്ടിയെന്നും എന്നാല്‍ ആ പൈസ മുഴുവന്‍ ചീട്ടുകളിച്ച് കളഞ്ഞെന്നും സലിംകുമാര്‍ പറഞ്ഞു.
തനിക്ക് ചീട്ടുകളി തീരെ അറിയില്ലെന്നും അതുകൊണ്ടാണ് കിട്ടിയ പൈസ മുഴുവന്‍ പോയതെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. പൊള്ളാച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും അവിടെ സാധനങ്ങള്‍ക്ക് വിലക്കുറവായിരുന്നെന്നും സലിംകുമാര്‍ പറഞ്ഞു. കൈയിലുണ്ടായിരുന്ന പൈസക്ക് ഒരു ചാക്ക് അരി താന്‍ വീട്ടിലേക്ക് കൊണ്ടുപോയെന്നും അതെല്ലാം ഇപ്പോള്‍ നല്ല ഓര്‍മകളാണെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.
‘തെങ്കാശിപ്പട്ടണത്തിന്റെ സെറ്റ് നല്ല അടിപൊളിയായിരുന്നു. ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ എല്ലാവരും ചീട്ടുകളിക്കുമായിരുന്നു. പിന്നീട് ചീട്ടുകളിയുടെ ഇടയില്‍ ഒഴിവ് വരുമ്പോള്‍ പടം ഷൂട്ട് ചെയ്യുന്ന രീതിയിലേക്ക് അത് മാറി. അങ്ങനെ ഒരുവിധത്തിലാണ് ആ പടം തീര്‍ത്തത്. അതുവരെ എനിക്ക് കിട്ടിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടിയത് തെങ്കാശിപ്പട്ടണത്തിലാണ്.
പക്ഷേ, ആ പൈസ മുഴുവന്‍ ഞാന്‍ ചീട്ടുകളിച്ച് തീര്‍ത്തു. കാരണം, എനിക്ക് ചീട്ടുകളി മര്യാദക്ക് അറിയില്ലായിരുന്നു. ആ പടത്തിന്റെ ഷൂട്ട് പൊള്ളാച്ചിയിലായിരുന്നു. അവിടെ സാധനങ്ങള്‍ക്ക് വില വളരെ കുറവാണ്. ഷൂട്ടൊക്കെ കഴിഞ്ഞ് പോകാന്‍ നേരത്ത് ഞാന്‍ ഒരുചാക്ക് അരി വീട്ടിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ അതെല്ലാം നല്ല ഓര്‍മകളാണ്,’ സലിംകുമാര്‍ പറഞ്ഞു.
Content Highlight: Salimkumar shares the memories on Thenkashippattanam movie location