| Friday, 15th November 2024, 8:55 am

ഞങ്ങളുടെ തലമുറ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാനുള്ള വര്‍ഗം മാത്രമാണ് ന്യൂ ജനറേഷന്‍: സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് സലിംകുമാര്‍. ഹാസ്യതാരമായി കരിയര്‍ തുടങ്ങി പിന്നീട് ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള നാഷണല്‍അവാര്‍ഡ് നേടി മലയാളികളെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ് അദ്ദേഹം. കോമഡി വേഷങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ഇന്ന് സലിംകുമാര്‍.

പഴയ തലമുറയില്‍ പെട്ടവരെ തന്തവൈബെന്നും അമ്മാവന്‍ എന്നൊക്കെ പുതിയ തലമുറയിലുള്ളവര്‍ വിളിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സലിംകുമാര്‍. പഴയ തലമുറയിലുള്ളവരെ അമ്മാവനെന്നോ അപ്പൂപ്പനെന്നോ എന്ത് പേരിട്ട് വിളിച്ചോട്ടെയെന്നും സലിംകുമാര്‍ പറഞ്ഞു. ഇപ്പോഴുള്ള 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചിട്ടുള്ളതെന്ന് സലിംകുമാര്‍ ചോദിച്ചു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കണ്ടുപിടിച്ചത് അവരല്ലെന്നും എന്നാല്‍ അത് അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതെല്ലാം കണ്ടുപിടിച്ചത് താനുള്‍പ്പെടെയുള്ളവരുടെ തലമുറ കണ്ടുപിടിച്ചതാണെന്നും അതെല്ലാം ഉപയോഗിക്കാനുള്ള വര്‍ഗം മാത്രമാണ് ന്യൂ ജനറേഷനെന്ന് സലിംകുമാര്‍ പറഞ്ഞു. നല്ല ചായയും കടിയുമൊക്കെ കിട്ടുന്ന കടകള്‍ മാത്രമേ പുതിയ തലമുറയിലുള്ളവര്‍ കണ്ടുപിടിച്ചിട്ടുള്ളൂവെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സലിംകുമാര്‍.

‘പഴയ തലമുറയിലുള്ളവരെ അമ്മാവനെന്നോ അപ്പൂപ്പനെന്നോ എന്ത് വേണമെങ്കിലും വിളിച്ചോട്ടെ. ഈ പുതിയ തലമുറയിലുള്ള 2കെ കിഡ്‌സ് എന്താണ് കണ്ടുപിടിച്ചിട്ടുള്ളത്? കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് അവരല്ല, പക്ഷേ അവരത് ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത് അവരല്ല, അവരത് ഉപയോഗിക്കുന്നുണ്ട്. അതെല്ലാം ഞങ്ങളുടെ തലമുറയിലുള്ള ആളുകളാണ് കണ്ടുപിടിച്ചത്.

അങ്ങനെ പഴയ തലമുറ കണ്ടുപിടിച്ചത് ഉപയോഗിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു വര്‍ഗമാണ് ഈ ന്യൂ ജനറേഷന്‍. അവര്‍ വേറെ കുറെ കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ‘ഗായ്‌സ് ഇവിടെ നല്ല ചായ കിട്ടും ഗായ്‌സ്, നല്ല ഉണ്ടംപൊരിയാണ് ഗായ്‌സ്’ ഇതൊക്കെയാണല്ലോ അവരുടെ വലിയ കണ്ടുപിടിത്തം. അല്ലാതെ ഈ തലമുറ കണ്ടുപിടിച്ച എന്തെങ്കിലും കാര്യങ്ങളുണ്ടോ,’ സലിംകുമാര്‍ പറയുന്നു.

Content Highlight: Salimkumar says all the technologies were introduced by old generation

We use cookies to give you the best possible experience. Learn more