റോഡിലൂടെ പോകുന്ന പെണ്‍കുട്ടികളെല്ലാം മൊബൈല്‍ ഫോണില്‍ സംസാരിച്ചാണ് പോകുന്നതെന്നും ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടാകില്ല ഈ തിരക്കെന്നും നടന്‍ സലിംകുമാര്‍.
കോഴിക്കോട് പുതിയ ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിവര്‍ണോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പറവൂരില്‍ നിന്ന് കോഴിക്കോട് വരെ എത്തുന്ന നേരം മുഴുവന്‍ ഒരു പെണ്‍കുട്ടി പോലും ഫോണില്‍ സംസാരിക്കാതെ പോകുന്നില്ലെന്നും സലിംകുമാര്‍ പറയുന്നു.
ചെറിയ വഴിയാണ് നമ്മളുടേതെന്നും ഈ വഴിയിലൂടെ പോകുമ്പോള്‍ ഹോണടിച്ചാല്‍ പോലും ഇവര്‍ മാറില്ലെന്നും നമ്മുടെ തലമുറയെ സംസ്‌കാരം എന്താണെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും സലിംകുമാര്‍ പറഞ്ഞു.
‘ഞാന്‍ പറവൂരില്‍ നിന്ന് കോഴിക്കോട് വരെ എത്തുന്ന നേരം, റോഡിലൂടെ പോകുന്ന പെമ്പിള്ളേരെല്ലാം മൊബൈല്‍ ഫോണ്‍ പിടിച്ച് സംസാരിച്ചിട്ടാണ് പോകുന്നത്.
നിങ്ങളെല്ലാം നാളെ മുതല്‍ ശ്രദ്ധിച്ചോ. ഒരു പെണ്‍കുട്ടി പോലും മൊബൈല്‍ ഫോണില്‍ സംസാരിക്കാതെ പോകുന്നില്ല. ഇന്ത്യ ഭരിക്കുന്ന മോദിക്ക് ഉണ്ടാകില്ല ഈ തിരക്ക്.
നടക്കുന്ന വഴിയില്‍ ഫോണ്‍ ചെയ്തിട്ടാണ് പോകുന്നത്. ഇവര്‍ എന്താണ് ഈ പറയുന്നത്. ആരോടാണ്, പഠിക്കുന്ന പിള്ളേരാണ്. എല്ലാവരും ഇങ്ങനെയാണ്. ഒരാളാണെങ്കില്‍ ഒരാളല്ലേയെന്ന് വിചാരിക്കാമായിരുന്നു.
ഞാന്‍ എല്ലാം ചെക്ക് ചെയ്തു. വരുന്ന സകല പിള്ളേരും ശ്രദ്ധിക്കുന്നേയില്ല, ഫോണിലാണ്. ഹോണടിക്കുമ്പോള്‍ മാറുമോ? അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മളുടേത്.
ആ ചെറിയ വഴിയിലൂടെ ഇവരിങ്ങനെ സംസാരിച്ചു പോകുകയാണ്. നമ്മുടെ തലമുറയെ സംസ്‌കാരം എന്താണെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ ആളുകള്‍ക്ക് കേരളത്തോടൊക്കെ പുച്ഛമാണ്.
അവര്‍ക്ക് ഇവിടെ വിട്ടുപോകാനാണ് താത്പര്യം. പഠിക്കുന്ന എല്ലാവരുടെയും ലക്ഷ്യം യു.കെയും അമേരിക്കയും ആസ്‌ത്രേലിയയും തുടങ്ങിയ സ്ഥലങ്ങളാണ്. സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ താത്പര്യമില്ല,’ സലിംകുമാര്‍ പറയുന്നു.
Content Highlight: Salimkumar says all the girls walking on the road are talking on their mobile phones and this generation needs to be taught what culture is