ബേബിച്ചന്റെ കൂടെ നടന്നാല്‍ സിനിമയിലെത്താമെന്ന് കരുതിയ സലിംകുമാര്‍ നടനായി, ബേബിച്ചനാകട്ടെ സൗദിയിലും: ബെന്നി പി.നായരമ്പലം
Entertainment news
ബേബിച്ചന്റെ കൂടെ നടന്നാല്‍ സിനിമയിലെത്താമെന്ന് കരുതിയ സലിംകുമാര്‍ നടനായി, ബേബിച്ചനാകട്ടെ സൗദിയിലും: ബെന്നി പി.നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th June 2023, 5:56 pm

സലിംകുമാറിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് സംവിധായകന്‍ ബെന്നി പി.നായരമ്പലം. തന്റെ ബന്ധുവായ ബേബിച്ചന്‍ ആദ്യമായി മിമിക്രി അവതരിപ്പിക്കുന്നത് കാണാന്‍ പോയപ്പോഴാണ് സലിംകുമാറിനെ ആദ്യമായി കാണുന്നതെന്നും ബേബിച്ചന്റെ സുഹൃത്തായിരുന്നു സലിംകുമാറെന്നും അദ്ദേഹം പറഞ്ഞു. ബേബിച്ചന്റെ കൂടെ നടന്നാല്‍ സിനിമയിലെത്താമെന്ന് കരുതിയിരുന്ന സലിംകുമാര്‍ വലിയ നടനായെന്നും എന്നാല്‍ ബേബിച്ചന്‍ സിനിമയിലെത്താതെ സൗദിയില്‍ ജോലി ചെയ്യുകയാണെന്നും സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കവെ ബെന്നി പി. നായരമ്പലം പറഞ്ഞു.

‘സിനിമയിലെത്തുന്നതിന് മുമ്പ് മിമിക്രിയുടെയും മോണോ ആക്ടിന്റെയും ഒരു കാലഘട്ടം എനിക്കുണ്ടായിരുന്നു. അത് ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്. മിമിക്രിക്ക് അന്ന് ഇതുപോലുള്ള പ്രചാരമുണ്ടായിരുന്നില്ല. അന്ന് ടി.വി കുറവായിരുന്നതിനാല്‍ തന്നെ കുട്ടികളൊന്നും മിമിക്രി കണ്ടിരുന്നില്ല. അതുകൊണ്ട് മിമിക്രി അന്നൊരു അത്ഭുതമായിരുന്നു. അക്കാലത്ത് മിമിക്രി അവതരിപ്പിച്ച് വലിയ പേരുണ്ടാകുകയും കോളേജിലൊക്കെ ഷൈന്‍ ചെയ്യുകയും ചെയ്തിരുന്നു.

അക്കാലത്താണ് എന്റെ കസിനായിരുന്ന ബേബിച്ചന്‍ അവനും മിമിക്രി പഠിക്കണമെന്ന് പറഞ്ഞ് എന്റെ അടുത്ത് വരുന്നത്. ഞാന്‍ അവരെ കുറെ ദിവസങ്ങളെടുത്ത് മിമിക്രി പഠിപ്പിക്കുകയും അവന്‍ പ്രാക്ടീസ് ചെയ്ത് അതെല്ലാം പഠിച്ചെടുക്കുകയും ചെയ്തു. സ്റ്റാര്‍സിനെയൊക്കെ അവന്‍ അനുകരിക്കുകയും ചെയ്തു. പിന്നീട് അവന്‍ പഠിക്കുന്ന മാലിങ്കര കോളേജില്‍ അവന്‍ ആദ്യമായി മിമിക്രി അവതരിപ്പിക്കുന്നത് കാണാന്‍ ഞാനും പോയിരുന്നു.

അന്ന് ആ കോളേജിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കടക്കുമ്പോള്‍ അവിടെ എന്തോ നിര്‍മാണ പ്രവര്‍ത്തിയുടെ ഭാഗമായി ചെറിയ കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ആ ചിരലിന്റെ മുകളില്‍ ഒരു മെലിഞ്ഞ ചെറുപ്പക്കാരന്‍ ആ കല്ലുകള്‍ വാരി മുകളിലേക്ക് എറിയുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളെയൊക്കെ അവരുടെ പേരുകള്‍ വിളിച്ച് അവിടെയുണ്ടായിരുന്നു അയാള്‍. ഞാനിത് കണ്ട് ബേബിച്ചനോട് ആരാണെന്ന് ചോദിച്ചു. ബേബിച്ചന്‍ പറഞ്ഞു, അതെന്റെ കൂട്ടുകാരന്‍ സലിംകുമാര്‍ ആണെന്ന്. ഈ സലിംകുമാറാണ് പിന്നീട് ദേശീയ അവാര്‍ഡ് നേടിയ നടനായത്.

സലിംകുമാറിനെ ഞാന്‍ ആദ്യമായി കാണുന്നത് ഇങ്ങനെയാണ്. പിന്നീട് ഞാന്‍ അദ്ദേഹത്തോട് ഈ കൂടിക്കാഴ്ചയെ കുറിച്ച് പറയാറുണ്ടായിരുന്നു. ബേബിച്ചന്റെ സുഹൃത്ത് എന്ന നിലയിലായിരുന്നു അന്ന് സലിംകുമാറിനെ പരിചയപ്പെടതെങ്കിലും പിന്നീട് അത് വലിയ ആത്മ ബന്ധമായി വളര്‍ന്നു. ബേബിച്ചന്‍ അന്ന് യൂണിവേഴ്‌സിറ്റി തലത്തില്‍ ബെസ്റ്റ് ആക്ടര്‍ ആയിരുന്നു. കാണാനും സുമുഖനായിരുന്നു. ബേബിച്ചന്‍ ഒരു സിനിമ നടനാകുമായിരുന്നു എന്നാണ് അന്ന് ക്യാമ്പസ് മുഴുവന്‍ വിശ്വസിച്ചിരുന്നത്. അധ്യാപകരും അങ്ങനെ വിശ്വസിച്ചിരുന്നു. അത്രയും അഭിനയ ശേഷിയൊക്കെ ഉണ്ടായിരുന്നു.

സലിംകുമാര്‍ ബേബിച്ചനോട് കൂട്ട് കൂടിയതിന്റെ കാരണം, അവന്‍ സിനിമ നടനാകുമ്പോള്‍ അവന്റെ കൂടെ ഷൈന്‍ ചെയ്ത് നടക്കാം, ബേബിച്ചന്റെ കെയറോഫില്‍ ചെറിയ വേഷങ്ങള്‍ കിട്ടും എന്നൊക്കെ കരുതിയായിരുന്നു. സലിംകുമാര്‍ തന്നെ ഇത് പറഞ്ഞിട്ടുണ്ട്. കാലങ്ങള്‍ കടന്നുപോയി. സലിംകുമാര്‍ വലിയ നടനായി. ബേബിച്ചനിപ്പോള്‍ സിനിമയിലൊന്നുമെത്താതെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു.

ബേബിച്ചനെ പല സിനിമയിലേക്ക് പിന്നീട് ഞാന്‍ തന്നെ വിളിച്ചിരുന്നെങ്കിലും അഭിനയിക്കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നും, പിന്നണിയില്‍ അസിസ്റ്റന്റായോ മറ്റോ വേണമെങ്കില്‍ നില്‍ക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഇതാണ് കാലത്തിന്റെ വികൃതി. ബേബിച്ചനൊപ്പം നടന്നാല്‍ സിനിമയിലെത്താമെന്ന് കരുതിയ സലിംകുമാര്‍ വലിയ നടനാകുകയും ബേബിച്ചന്‍ സൗദിയില്‍ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്നു,’ ബെന്നി പി.നായരമ്പലം പറഞ്ഞു.

content highlight: Salimkumar became an actor who thought that if he walked with Babychan, he would make it to the cinema