| Friday, 5th June 2015, 6:44 pm

ഭൂമി തട്ടിപ്പ് കേസ്: അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റംസമ്മതിച്ചുവെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കളമശ്ശേരി, കടകമ്പള്ളി ഭൂമി തട്ടിപ്പുകേസുകളില്‍ അറസ്റ്റ് ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചുവെന്ന് സി.ബി.ഐ. ഇതിന്റെ അടിസ്ഥാനത്തില്‍ കൂചുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും സി.ബി.ഐ.പറഞ്ഞു. പിടിയിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ ചില ഭൂമി ഇടപാടുകളില്‍ ഇടനിലക്കാരനായി നിന്നിട്ടുണ്ടെന്ന് സമ്മതിച്ചതായും സി.ബി.ഐ പറഞ്ഞു.

ജൂണ്‍ മൂന്നിനാണ് സലീംരാജ് ഉള്‍പ്പടെ ഏഴുപേരെ സി.ബി.ഐ അറസ്റ്റുചെയ്തത്. സി.ബി.ഐയുടെ കേരളത്തിലെ വിവിധ യൂണിറ്റുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പ് കേസിലെ 21ാം പ്രതിയായ സലീം രാജിനെ തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ കൊച്ചിയിലെ ഓഫീസിലേക്ക് വളിച്ചുവരുത്തിയുമാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

വിദ്യോധയ കുമാര്‍, നാസര്‍, അബ്ദുല്‍ മജീദ്, ജയറാം, എം.എസ്. സലീം, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സലീം രാജിനൊപ്പം അറസ്റ്റിലായത്. കടകംപള്ളിയിലെ കോടിക്കണക്കിന് രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത്  തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് സലീം രാജിനെതിരായുള്ള കേസ്. രേഖകളില്‍ കൃത്രിമം കാണിച്ച് സ്ഥലം സലീം രാജിന് നല്‍കിയെന്നതാണ് കേസിലെ മറ്റ് പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്.

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന തന്റെ ഭാര്യയുടെ സഹായത്തോടെയാണ് സലീം രാജ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

Latest Stories

We use cookies to give you the best possible experience. Learn more