കോഴിക്കോട്: സലിം കുമാര്‍ ഇന്ന് വെറുമൊരു ഹാസ്യതാരമോ സ്വഭാവനടനോ അല്ല. “ട്രോള്‍ രാജാവ്” എന്ന അതിനേക്കാള്‍ അതിഗംഭീരമായ സ്ഥാനമാണ് സലിം കുമാറിന് ഇന്ന്. നെറ്റില്‍ നിറയുന്ന മലയാളം ട്രോളുകളില്‍ ഏറ്റവും കൂടുതലായി കാണുന്ന മുഖം അദ്ദേഹത്തിന്റെയാണ്. ട്രോളന്‍മാരുടെ കണ്‍കണ്ട ദൈവമായ സലിം കുമാറിന് തിരിച്ച് ട്രോളന്‍മാരോടും അവരുടെ ട്രോളുകളോടും ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു.
വാട്ട്‌സ്ആപ്പില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് തന്റെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉണ്ടാക്കിയ ട്രോളുകളാണെന്നാണ് സലിം കുമാര്‍ പറയുന്നത്. എല്ലാ ട്രോളുകളും ആദ്യകാഴ്ചയില്‍ തന്നെ ചിരിപ്പിക്കാറുണ്ട്. ട്രോളുകള്‍ ഉണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കാറില്ല; അവ ആസ്വദിക്കുക മാത്രമാണ് ചെയ്യാറെന്നും ഈ ലക്കം മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രോളുകളില്‍ നിരന്തരമായി തന്റെ മുഖം വരാന്‍ തുടങ്ങിയപ്പോള്‍ അത് തന്നില്‍ ആകാംക്ഷ ഉണര്‍ത്തിയെന്നും ഇത് എന്തുകൊണ്ടായിരിക്കും എന്നത് സംബന്ധിച്ച് താന്‍ ഒരു പഠനം തന്നെ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഭാഷണങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും കണ്ടത്. അതുകൊണ്ട് തന്നെയായിരിക്കും ട്രോളന്‍മാര്‍ തന്നെ പിടികൂടാന്‍ കാരണം.
മുഖത്തെ ഭാവങ്ങളാണ് ട്രോളുകളുടെ മര്‍മ്മം. തന്റെ കഥാപാത്രങ്ങളില്‍ അവര്‍ അത് എളുപ്പത്തില്‍ കണ്ടെത്തുന്നു. തന്റെ മുഖഭാവങ്ങള്‍ ഒരുവിധം എല്ലാത്തിനും യോജിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലെ മുഖം, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനില്‍ക്കുന്ന അവസ്ഥ, പ്രണയം, പുച്ഛം, പരിഹാസം – ഇത്രത്തോളം വ്യത്യസ്ത ഭാവങ്ങളിലൂടെ ഞാന്‍ കടന്നു പോയെന്ന് തനിക്ക് കാണിച്ചു തന്നത് ട്രോളന്‍മാരാണെന്നും സലിം കുമാര്‍ പറയുന്നു.
മൈക്കിള്‍ ജാക്‌സന്റെ മരണവാര്‍ത്ത പുറത്തു വന്നപ്പോഴുണ്ടായ രസകരമായ സംഭവവും അദ്ദേഹം ഓര്‍മ്മിക്കുന്നു. ഇത് തന്നെ ഏറെ ചിരിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. ആ സംഭവം സലിം കുമാര്‍ ഓര്‍മ്മിക്കുന്നത് ഇങ്ങനെ:
“ജാക്‌സണ്‍ മരിച്ച വിവരം ലോകം അറിഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് തൃശൂരിലെ ഒരു ലൊക്കേഷനിലായിരുന്നു ഞാന്‍. ചിലര്‍ എന്നെ വിളിച്ച് വാര്‍ത്ത അറിയിക്കുന്നു. മൈക്കിള്‍ ജാക്സനെക്കുറിച്ചുള്ള അറിവുകള്‍ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട്
പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും ചുമ്മാനിന്നു കൊടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ നിന്നൊരു റിപ്പോര്‍ട്ടര്‍ വിളിക്കുന്നു അനുശോചനം ലൈവായി വേണമെന്ന്.
Also Read: വൈറ്റിലയില്‍ ഹൈബി ഈഡനെതിരെ മൂത്രം കുപ്പിയിലാക്കി എറിഞ്ഞു; പ്രദേശത്ത് സംഘര്‍ഷം
ഞാനും മൈക്കിള്‍ ജാക്സനും തമ്മില്‍ എന്താണ് ബന്ധം എത്ര ആലോചിച്ചിട്ടും എനിക്കൊരുപിടിയും കിട്ടിയില്ല. അനുശോചനത്തിനായി വിളികള്‍ കൂടുതലായെത്തിയപ്പോള്‍ ഞാനുമായുള്ള മൈക്കിള്‍ ജാക്സന്റെ ബന്ധം ഞാന്‍ തിരിച്ചറിഞ്ഞു. മൈക്കിള്‍ ജാക്സന്റെ രൂപത്തില്‍ മലയാളി അടുത്തു കണ്ട ഏക വ്യക്തി ഞാനാണ്, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ്മാസ്റ്ററുടെ കഥാപാത്രം. മൈക്കിള്‍ ജാക്സനുമായി യഥാര്‍ഥ ബന്ധമുള്ളവരില്‍ നിന്നൊന്നും കമന്റുകളെടുക്കാന്‍ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നെ വളഞ്ഞിട്ടുപിടികൂടുകയായിരുന്നു.
ചിരിയല്ല അദ്ഭുതമായിരുന്നു ആദ്യം നിറഞ്ഞത്. പക്ഷേ, ചാനലുകാര്‍ തിരക്കുകൂട്ടി ഞങ്ങള്‍ക്ക് സലിംകുമാറേട്ടന്റെ അനുശോചനം കൂടിയേതീരൂ. എനിക്കാണോ ഭ്രാന്ത് നാട്ടുകാര്‍ക്കാണോ ഭ്രാന്ത് എന്ന് ചിന്തിച്ച് പോയി. അന്ന് ഞാന്‍ അണപൊട്ടുന്ന ദുഃഖത്തോടെ ചാനലുകളില്‍ സംസാരിച്ചു. അടുത്തദിവസം പുറത്തുവന്ന ഇംഗ്ലീഷ് പത്രത്തില്‍ പോലും എന്റേയും പ്രഭുദേവയുടേയും അനുശോചനക്കുറിപ്പുകളാണ് പ്രാധാന്യത്തോടെ നല്‍കിയിരുന്നത്.”
ട്രോള്‍ ചിത്രങ്ങള്‍ക്ക് കടപ്പാട്: ഐ.സി.യു, ട്രോള്‍ മലയാളം, ട്രോള്‍ മലയാളം സിനിമ