| Tuesday, 11th April 2023, 4:36 pm

എന്റെ ആ ഹിറ്റായ ഡയലോഗ് ശരിക്കും മറ്റൊരു സിനിമക്ക് വേണ്ടിയുള്ളതായിരുന്നു; ലാല്‍ പറഞ്ഞിട്ടാണ് അത് ഒഴിവാക്കിയത്: സലീം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാഫി മെക്കാര്‍ട്ടിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ സിനിമയാണ് തൊമ്മനും മക്കളും. മമ്മൂട്ടി, ലാല്‍, രാജന്‍ പി.ദേവ്, സലീം കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. ഹാസ്യത്തിന്റെ ചുവട് പിടിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ആ സിനിമയിലെ തമാശകള്‍ ഇപ്പോഴും ട്രോളായും മീമായും സജീവമാണ്. ചിത്രത്തിലെ കോമഡി രംഗങ്ങളെ കുറിച്ച് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടന്‍ സലീം കുമാര്‍.

‘റാഫി മെക്കാര്‍ട്ടിനും ഷാഫി മെക്കാര്‍ട്ടിനും തിരക്കഥയില്‍ എഴുതുന്നതിനേക്കാള്‍ കൂടുതല്‍ കോമഡി മനസില്‍ കൊണ്ടു നടക്കുന്നവരാണ്. ചില കോമഡിയൊക്കെ പറയാന്‍ സ്ഥലമില്ലാതെ സിനിമയില്‍ നിന്നും ഒഴുവാക്കേണ്ടി വന്നിട്ടുണ്ട്. പുലിവാല്‍ കല്ല്യാണത്തിലെ പല കോമഡികളും അങ്ങനെ ഒഴിവാക്കിയിട്ടുണ്ട്.

ഇങ്ങനെ എടുത്ത് കളയുന്ന തമാശകളൊക്കെ വേറെ സിനിമകളില്‍ ഉപയോഗിക്കും. അതിന്റെ പ്രധാന ഉദാഹരണമാണ് തൊമ്മനും മക്കളും സിനിമ. സിനിമയിലെ ‘എന്റെ മുറപ്പെണ്ണ് മീന്‍ വാങ്ങാന്‍ പോയപ്പോള്‍ പാണ്ടി ലോറി ഇടിച്ച് മരിച്ചു’ എന്ന് തുടങ്ങുന്ന ഡയലോഗ്, ശരിക്കും അത് പുലിവാല്‍ കല്ല്യാണത്തില്‍ ഇടാന്‍ വെച്ചതായിരുന്നു.

എന്നാല്‍ അതിന് കഴിഞ്ഞില്ല. ഇത് കൊള്ളാം എന്ന് ഞാന്‍ ഷാഫിയോട് പറഞ്ഞു. പക്ഷെ ഇടാന്‍ സ്ഥലമുണ്ടായിരുന്നില്ല. എന്നാല്‍ അത് കളയാന്‍ മനസില്ലായിരുന്നു എനിക്ക്. ആ തമാശ ഞാനെടുത്ത് മാറ്റിവെച്ചു.

പിന്നെ ഇതേ ഡയലോഗ് ചതിക്കാത്ത ചന്തു എന്ന സിനിമയില്‍ ഷൂട്ട് ചെയ്തു. നവ്യാ നായരുടെ അടുത്ത് ഞാന്‍ ചെന്ന് പറയുന്നതായിട്ടായിരുന്നു അന്ന് ഷൂട്ട് ചെയ്തത്. എന്നാല്‍ എഡിറ്റിങ്ങിന്റെ സമയത്ത് ലാല്‍ പറഞ്ഞു ആ സീന്‍ വേണ്ടെന്ന്.

കാരണം സിനിമാക്കാരെ മൊത്തം മോശമാക്കുന്ന ഒരു സീനാകും അത്. അതായത് ആ സിനിമയില്‍ ഞങ്ങളെല്ലാം സിനിമാക്കാരാണല്ലോ. അങ്ങനെ ആ സീന്‍ സിനിമയില്‍ നിന്നും ഒഴിവാക്കി. ഒടുവില്‍ തൊമ്മനും മക്കളും സിനിമയില്‍ ആ സീന്‍ ഉപയോഗിച്ചു,’ സലീം കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി തമാശകള്‍ ആ ചിത്രത്തിലുണ്ട്,’ സലീംകുമാര്‍ പറഞ്ഞു.

content highlight: salim kumar talks about thomamnum makkalum movie

We use cookies to give you the best possible experience. Learn more