മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മെക്കാര്‍ട്ടില്‍ ഒരാളാണ് ഷാഫി. ഷാഫിയുടെ മിക്ക ചിത്രങ്ങളിലും സലിം കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചട്ടമ്പിനാട്, വണ്‍മാന്‍ഷോ, മായാവി, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സലിംകുമാറിന് മികച്ച കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്.
റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മായാവി. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ മഹിയായി എത്തിയ ചിത്രത്തില്‍ കണ്ണന്‍ സ്രാങ്ക് എന്ന കഥാപാത്രം ചെയ്തത് സലിം കുമാറായിരുന്നു. കണ്ണന്‍ സ്രാങ്ക് ഇന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്.
ചിത്രത്തില്‍ ഏറെ ചിരിയുണര്‍ത്തിയ ഒരു രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാര്‍. മമ്മൂട്ടിയെ പേടിച്ച് സലിം കുമാര്‍ കായലിലേക്ക് ചാടുന്ന രംഗം സ്‌ക്രിപ്റ്റില്‍ അധികം എഴുതിയിട്ടില്ലായിരുന്നുവെന്നും തന്റെ നാട്ടിലെ സ്ത്രീകള്‍ കായല്‍ നീന്തിക്കടക്കുന്ന രീതി സംവിധായകന്‍ ഷാഫിയോട് പറഞ്ഞെന്നും എന്നാല്‍ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ് എടുത്തതാണ് ആ രംഗമെന്നും സലിം കുമാര്‍ പറഞ്ഞു. അമൃത ടി.വിയിലെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മായാവി എന്ന സിനിമയില്‍ മമ്മൂക്കയെ പേടിച്ച് ഞാന്‍ കായലിലേക്ക് ചാടുന്ന ഒരു രംഗമുണ്ട്. ഹോയ് ഹോയ് എന്ന് പറഞ്ഞ് പോകുന്ന ആ ഭാഗം. സ്‌ക്രിപ്റ്റില്‍ അതിനെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലായിരുന്നു. മമ്മൂട്ടിയെ പേടിച്ച് കായലിലേക്ക് ചാടുന്നു എന്ന് മാത്രമാണ് ഉണ്ടായിരുന്നത്.
അപ്പോള്‍ ഞാന്‍ ഷാഫിയോട് പറഞ്ഞു, ‘ഷാഫി.. ഞങ്ങളുടെ നാട്ടില്‍ ചേച്ചിമാര്‍ കെട്ടിലൊക്കെ മീന്‍ പിടിക്കാന്‍ പോകും. അവര്‍ക്ക് പുഴ കടക്കണമെങ്കില്‍ ഒരു കുടം ഉണ്ടാക്കും. അതില്‍ പിടിച്ചാണ് അവര്‍ പോകുന്നത്’ എന്ന്. ഞാന്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഷാഫി എന്നോട് നിര്‍ത്താന്‍ പറഞ്ഞു.
ഉടനെ അവിടെ ഒരു പൈപ്പും കുടവുമെല്ലാം സെറ്റ് ചെയ്തു. ഷൂട്ട് വരെ നിര്‍ത്തിവെച്ച്. പിന്നെ ഉച്ചയ്ക്കായിരുന്നു ഷൂട്ട് ചെയ്തത്. അങ്ങനെയാണ് ഒരു പെണ്ണിനെ ഞാന്‍ കത്തി കാണിച്ച് കുടം വാങ്ങി കായലിലേക്ക് ചാടുന്നത് ഷൂട്ട് ചെയ്തത്. അങ്ങനെ ആയപ്പോള്‍ ആ സീനിന് കുറെ കൂടി ചിരി കൂടി,’ സലിം കുമാര്‍ പറയുന്നു.
Content Highlight: Salim Kumar Talks About A Scene In Mayavi Movie