|

സി.ഐ.ഡി. മൂസയുടെ സെറ്റില്‍ നിന്ന് ഞാന്‍ പിണങ്ങിപ്പോകുന്ന അവസ്ഥ വരെയുണ്ടായി: സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണി ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, സലിം കുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്. പേരില്ലാത്ത ഭ്രാന്തനായി പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു സലിം കുമാറിന്റേത്. എന്നാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് താന്‍ വഴക്കിട്ട് പിണങ്ങിപ്പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സലിം കുമാര്‍. ചിത്രത്തിന്റെ ഷൂട്ട് ഉള്ള ദിവസം രാത്രി വൈകിയാണ് ഹോട്ടല്‍ റൂമിലെത്തിയിരുന്നതെന്ന് സലിം കുമാര്‍ പറഞ്ഞു.

എന്നാല്‍ ഹോട്ടല്‍ റൂമിലെത്തിക്കഴിഞ്ഞിട്ടും അടുത്ത ദിവസം എടുക്കേണ്ട സീനുകളെപ്പറ്റി ചര്‍ച്ച ചെയ്യാറുണ്ടെന്നും ഒടുവില്‍ തന്റെയും ക്യാപ്റ്റന്‍ രാജുവിന്റെയും കഥാപാത്രങ്ങളെ ഒന്നാക്കിയെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് അത് ഇഷ്ടപ്പെട്ടില്ലെന്നും താന്‍ വഴക്കുണ്ടാക്കി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയെന്നും സലിം കുമാര്‍ പറഞ്ഞു.

ആ സമയത്ത് ലാല്‍ ജോസിന്റെ പട്ടാളം എന്ന സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നെന്നും താന്‍ ആ സെറ്റില്‍ ജോയിന്‍ ചെയ്‌തെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ പറഞ്ഞതാണ് ശരിയെന്ന് ദിലീപിന് തോന്നിയെന്നും തന്നെ തിരിച്ചുവിളിച്ചെന്നും സലിം കുമാര്‍ പറഞ്ഞു. അന്നത്തെ കാലത്ത് 100 ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയായിരുന്നു സി.ഐ.ഡി. മൂസയെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു സലിം കുമാര്‍.

‘സി.ഐ.ഡി. മൂസയുടെ സെറ്റില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോയിട്ടുണ്ട്. മിക്ക ദിവസവും രാത്രി വൈകിയായിരിക്കും ഷൂട്ട് തീരുന്നത്. അത് കഴിഞ്ഞ് റൂമില്‍ റെസ്‌റ്റെടുക്കാന്‍ പോകുമ്പോള്‍ ദിലീപ് അടുത്ത് വന്നിരുന്ന് അടുത്ത ദിവസം എടുക്കാന്‍ പോകുന്ന സീനിനെപ്പറ്റി സംസാരിക്കും. ‘ആ സീന്‍ അങ്ങനെയെടുക്കാം, ഈ സീന്‍ ഇങ്ങനെയെടുക്കാം’ എന്നൊക്കെ പറഞ്ഞ് കുറേ നേരം സംസാരിക്കും.

അങ്ങനെ ഒരിക്കല്‍ എന്റെയും ക്യാപ്റ്റന്‍ രാജു ചേട്ടന്റെയും ക്യാരക്ടറിനെ ഒന്നാക്കി.രാജു ചേട്ടന്റെ ക്യാരക്ടര്‍ ദിലീപിന്റെ അമ്മാവനാണ്, എന്റെ ക്യാരക്ടറാണെങ്കില്‍ ഭ്രാന്തനും. ഈ രണ്ട് ക്യാരക്ടറുകളെയും ഒന്നാക്കി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ആ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി.

ആ സമയത്തായിരുന്നു ലാല്‍ ജോസിന്റെ പട്ടാളം സിനിമ ഷൂട്ട് ചെയ്തത്. ആ പടത്തില്‍ എനിക്ക് റോളുണ്ടായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് ദിലീപിന് മനസിലായി. എന്നെ വിളിച്ച് ആ കാര്യം പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ഞാന്‍ കംപ്ലീറ്റ് ചെയ്തത്,’ സലിം കുമാര്‍ പറഞ്ഞു.

Content Highlight: Salim Kumar shares the experience of CID Moosa movie