| Saturday, 11th February 2023, 8:14 pm

പള്ളിയിലേക്ക് കയറിയ എന്നെ കണ്ടപ്പോള്‍ പൊക്കോളാന്‍ ഹനീഫിക്ക പറഞ്ഞു, ഹിന്ദു നിസ്‌കരിച്ചാല്‍ കുഴപ്പമാണ്: സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചിന്‍ ഹനിഫയുടെ അമ്മ മരിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സലിം കുമാര്‍. കൊച്ചിന്‍ ഹനീഫക്കൊപ്പം മയ്യത്ത് മുമ്പില്‍ നിന്ന് ചുമന്നത് താനാണെന്നും ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നോട് നന്ദി പറഞ്ഞുവെന്നും സലിം കുമാര്‍ പറഞ്ഞു. അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന പരിപാടിയില്‍ വെച്ചാണ് കൊച്ചിന്‍ ഹനീഫയുമൊത്തുള്ള അനുഭവങ്ങള്‍ സലിം കുമാര്‍ പങ്കുവെച്ചത്.

‘ഇത്രക്കും നല്ലൊരു മനുഷ്യനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. തങ്കപ്പെട്ടവന്‍ എന്നൊക്കെ പറയില്ലേ, അതാണ് കൊച്ചിന്‍ ഹനീഫിക്ക. അദ്ദേഹം മരിച്ച് പോയതുകൊണ്ട് പറയുവല്ല. മോശമാണെങ്കില്‍ മോശമാണെന്ന് പറയും. ഇതുപോലെ തങ്കപ്പെട്ട മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ല.

സി.ഐ.ഡി മൂസയിലെ കാടിളക്കി ഓടിവരുമൊരു എന്ന പാട്ടിലെ കോമഡി സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഇടക്ക് ഞാന്‍ കുറച്ച് മോശം അവസ്ഥയിലാണ്, കാര്യം പിന്നെ പറയാം എന്ന് ഹനീഫിക്ക പറഞ്ഞിരുന്നു. ആ കോമഡി സീന്‍ എടുത്തുകഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും നില്‍ക്കുമ്പോള്‍ ഉമ്മ മരിച്ചുപോയെന്ന് ഹനീഫിക്ക പറഞ്ഞു. നിങ്ങളെ അറിയിക്കാതെയിരുന്നതാണ്, കാരണം ഷൂട്ടാണല്ലോ, ഉമ്മ മരിക്കുമെന്ന് എനിക്കറിയാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഹനീഫിക്കയുടെ വീട്ടില്‍ ഞാന്‍ പോയിരുന്നു. ഫ്രണ്ട് റോയില്‍ മയ്യത്ത് പിടിച്ചിരുന്നത് ഞാനാണ്. തൊട്ടപ്പുറത്ത് ഹനീഫിക്ക. ലാ ഇലാഹാ ഇല്ലല്ല എന്ന് ഞാനാണ് വിളിച്ച് പറഞ്ഞത്. മുഖം കഴുകി വുളൂഅ് (അംഗശുദ്ധി) എടുക്കണം. വുളുഅ് എടുക്കണില്ലേ എന്ന് ചോദിച്ചു. എനിക്കും എടുക്കാമല്ലേ എന്ന് വിചാരിച്ച് ഞാനും മുഖമൊക്കെ കഴുകി.

അപ്പോള്‍ പള്ളിയുടെ അകത്ത് നിസ്‌കാരം നടക്കുകയാണ്. ഞാന്‍ ഒന്നും നോക്കിയില്ല. പള്ളിയുടെ അകത്തേക്ക് കേറിയപ്പോള്‍ ഉമ്മ മരിച്ച ദുഖത്തിലിരിക്കുന്ന ഹനീഫിക്ക കൈ കൊണ്ട് പൊക്കോ എന്ന് പറഞ്ഞു. കാരണം ഞാന്‍ ഹിന്ദുവാണ്. ഹിന്ദു കേറി നിസ്‌കരിച്ചാല്‍ കുഴപ്പമാണ്. പുള്ളി പറഞ്ഞത് കേട്ട് ഞാന്‍ ചിരിച്ചു. കാരണം ഉമ്മ മരിച്ച് ഇത്രേം സങ്കടത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ നേരെ കേറി ചെല്ലുന്നത് കണ്ട് ചിരിച്ചു.

അദ്ദേഹം ഇറങ്ങി കഴിഞ്ഞപ്പോള്‍ നിന്നോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല എന്ന് പറഞ്ഞു. എന്തിനാണ് ഹനീഫിക്ക എന്ന് ഞാന്‍ ചോദിച്ചു. നമ്മളൊക്കെ ഒരിക്കല്‍ പോകാനുള്ളതാണ്, ഞാന്‍ ഉമ്മയെ ചുമന്നത് പോലെ എന്നെയും ആരേലുമൊക്കെ ചുമക്കേണ്ടേ. ഹനീഫിക്ക മരിച്ചിട്ട് ഞാന്‍ കാണാന്‍ പോയില്ല. ടി.വിയില്‍ പോലും വെച്ചില്ല,’ സലിം കുമാര്‍ പറഞ്ഞു.

Content Highlight: salim kumar shares his experience with kochin haneefa

Latest Stories

We use cookies to give you the best possible experience. Learn more